NON PERFORMING ASSET
കിട്ടാക്കടം തിരിച്ചുപിടിക്കാൻ ബാഡ് ബേങ്ക്; ₹ 50,335 കോടിയുടെ ആസ്തി ഏറ്റെടുക്കും
മാർച്ച് 31നകം ഏറ്റെടുക്കും. പദ്ധതിക്ക് നീക്കിവെച്ചത് 36,000 കോടി
തിരുവനന്തപുരം | പൊതുമേഖലയിലേതുൾപ്പെടെ ബേങ്കുകളുടെ കിട്ടാക്കടം തിരിച്ചുപിടിക്കാനായി ആവിഷ്‌കരിച്ച “ബാഡ് ബേങ്ക്’പദ്ധതിക്ക് റിസർവ് ബേങ്കിന്റെ അനുമതി ലഭിച്ചതോടെ നാഷനൽ അസറ്റ് റീകൺസ്ട്രക്‌ഷൻ കമ്പനി ലിമിറ്റഡ് (എൻ എ ആർ സി എൽ) പ്രവർത്തനം ആരംഭിക്കുന്നു. ഈ വർഷത്തെ പൊതുബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് മുൻ ബജറ്റിലെ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. എൻ എ ആർ സി എൽ അഥവാ ബാഡ് ബേങ്ക് പദ്ധതിയിലൂടെ ബേങ്കുകൾ നേരിടുന്ന കിട്ടാക്കട പ്രതിസന്ധി പരിഹരിക്കുകയാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. രണ്ട് ലക്ഷം കോടി രൂപയുടെ നിഷ്‌ക്രിയ ആസ്തികൾ വാങ്ങാനുള്ള അനുമതിയാണ് എൻ എ ആർ സി എല്ലിന് കേന്ദ്രം നൽകിയത്. 36,000 കോടി രൂപയാണ് ഇതിനായി നീക്കിവെച്ചത്.
ആർ ബി ഐയുടേത് ഉൾപ്പെടെ മുഴുവൻ അനുമതികളും എൻ എ ആർ സി എല്ലിന് ലഭിച്ചിരുന്നു. എൻ എ ആർ സി എല്ലിന് സമാനമായി സ്വകാര്യ ബേങ്കുകൾക്ക് ഭൂരിപക്ഷ ഓഹരികളുള്ള ഇന്ത്യാ ഡെബ്റ്റ് റെസല്യൂഷൻ കമ്പനി ലിമിറ്റഡിനും (ഐ ഡി ആർ സി എൽ) സെബി പ്രവർത്തന അനുമതി നൽകിയിരുന്നു.
പദ്ധതിയിലൂടെ വിവിധ ബേങ്കുകളിൽ നിന്നായി 50,335 കോടിയുടെ നിഷ്‌ക്രിയ ആസ്തികൾ മാർച്ച് 31നകം ഏറ്റെടുക്കാൻ നടപടികൾ സ്വീകരിച്ചതായി എസ് ബി ഐ ചെയർമാൻ ദിനേഷ് ഖാര അറിയിച്ചു. കഴിഞ്ഞ ബജറ്റിൽ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനാണ് ബാഡ് ബേങ്ക് രൂപവത്കരണം പ്രഖ്യാപിച്ചത്. എൻ എ ആർ സി എല്ലിലെ എഴുപത് ശതമാനം ഓഹരികളും പൊതുമേഖലാ ബേങ്കുകളുടേതാണ്.
പ്രവർത്തനം ഇങ്ങനെ
നിക്ഷേപം സ്വീകരിക്കുകയും വായ്പ നൽകുകയും ചെയ്യുന്ന സാധാരണ ധനകാര്യ സ്ഥാപനങ്ങളെ അപേക്ഷിച്ച് മറ്റ് ബേങ്കുകളുടെ നിഷ്‌ക്രിയ ആസ്തികൾ പണം കൊടുത്ത് വാങ്ങുകയാണ് ബാഡ് ബേങ്ക് ചെയ്യുന്നത്.
പദ്ധതി പ്രകാരം നിശ്ചയിച്ച തുകയുടെ പരമാവധി 15 ശതമാനം ആദ്യ ഘട്ടത്തിൽ ബേങ്കുകൾക്ക് കൈമാറുകയാണ് ബാഡ് ബേങ്ക് ചെയ്യുക. ശേഷിക്കുന്ന തുകക്ക് പകരമായി പേപ്പറുകളാണ് നൽകുന്നത്.
നിഷ്‌ക്രിയ ആസ്തികളുടെ മേലുള്ള പണയ വസ്തുക്കൾ വിൽക്കുക, കടം എടുത്ത ബിസിനസ്സ് സ്ഥാപനങ്ങൾ ഏറ്റെടുത്ത് നടത്തുക, ബിസിനസ്സ് സ്ഥാപനങ്ങളുടെ ബാധ്യതക്ക് തുല്യമായ ഓഹരികൾ ഏറ്റെടുക്കുക തുടങ്ങിയ രീതികളിലാണ് ബാഡ് ബേങ്ക് തുക തിരിച്ചുപിടിക്കുന്നത്.