National
മോശം പരാമർശം: ബിജെപി എംപിക്ക് എതിരെ നടപടി എടുത്തില്ലെങ്കിൽ എം പി സ്ഥാനം രാജിവെക്കുന്നത് പരിഗണിക്കുമെന്ന് ഡാനിഷ് അലി
പാർലിമെന്റിന് പുറത്ത് വിദ്വേഷ പ്രസംഗങ്ങൾ നടന്നിരുന്നുവെങ്കിലും ഇപ്പോൾ ഒരു ബിജെപി എംപി സഭയിൽ വിദ്വേഷ പ്രസംഗം നടത്തിയിരിക്കുകയാണെന്നും അദ്ദേഹം
ന്യൂഡൽഹി | ലോക്സഭയിൽ തനിക്ക് എതിരെ അപകീർത്തികരമായ പരാമർശം നടത്തിയ ബിജെപി എംപി രമേഷ് ബിധുരിക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ സഭാ അംഗത്വം രാജിവയ്ക്കുന്ന കാര്യം പരിഗണിക്കുമെന്ന് ബഹുജൻ സമാജ് പാർട്ടി എംപി ഡാനിഷ് അലി. വിദ്വേഷ പ്രസംഗങ്ങൾ കേൾക്കാനല്ല ജനങ്ങൾ തന്നെ തിരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
“ഇത് ഇല്ലാത്ത കീഴ്‍വഴക്കമാണ്. ഞാൻ സ്പീക്കർക്ക് കത്ത് നൽകിയിട്ടുണ്ട്. നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷ” – ഡാനിഷ് അലി പറഞ്ഞു. ഇത് വിദ്വേഷ പ്രസംഗത്തിൽ കുറഞ്ഞ് മറ്റൊന്നുമല്ല. സഭയിൽ നടത്തുന്ന വിദ്വേഷ പ്രസംഗമാണിത്. പാർലിമെന്റിന് പുറത്ത് വിദ്വേഷ പ്രസംഗങ്ങൾ നടന്നിരുന്നുവെങ്കിലും ഇപ്പോൾ ഒരു ബിജെപി എംപി സഭയിൽ വിദ്വേഷ പ്രസംഗം നടത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘ആ പരാമർശം എന്നെ അസ്വസ്ഥനാക്കിയെന്നും തല പൊട്ടിച്ചിതറുന്നതു പോലെ തോന്നിയെന്നും കഴിഞ്ഞ രാത്രിയിൽ ഉറങ്ങാൻ കഴിഞ്ഞില്ലെന്നും ഡാനിഷ് അലി പ്രതികരിച്ചു.
ചന്ദ്രയാൻ -3 ദൗത്യത്തിന്റെ വിജയത്തെക്കുറിച്ച് വ്യാഴാഴ്ച രാത്രി ലോക്സഭയിൽ നടന്ന ചർച്ചയ്ക്കിടെയാണ് ബിധുരി, അലിയെ ലക്ഷ്യമിട്ട് ചില ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയത്. ബിധുരിക്ക് ബിജെപി നേതൃത്വം കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.