National
ലോക്സഭയിൽ മുസ്‍ലിം എംപിക്കെതിരെ മോശം പരാമർശം; ബിജെപി എം പിക്ക് കാരണം കാണിക്കൽ നോട്ടീസ്
ബഹുജൻ സമാജ് പാർട്ടി എംപി ഡാനിഷ് അലിക്കെതിരെ മോശം വാക്കുകൾ ഉപയോഗിച്ചതിനാണ് നടപടി
ന്യൂഡൽഹി | ചന്ദ്രയാൻ ദൗത്യത്തിന്റെ വിജയത്തെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ ബഹുജൻ സമാജ് പാർട്ടി എംപി ഡാനിഷ് അലിക്കെതിരെ മോശം വാക്കുകൾ ഉപയോഗിച്ചതിന് ബിജെപി ലോക്സഭാ അംഗം രമേശ് ബിധൂരിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. മോശം വാക്കുകൾ ഉപയോഗിച്ചതിന് സൗത്ത് ഡൽഹി എംപിയോട് പാര്ട്ടി മറുപടി തേടിയതായി ബിജെപി വൃത്തങ്ങൾ അറിയിച്ചു.
വ്യാഴാഴ്ച ലോക്സഭയിൽ സംസാരിക്കവെയാണ് ബിധുരി, അലിക്കെതിരെ അപകീർത്തികരമായ വാക്കുകൾ ഉപയോഗിച്ചത്. സ്പീക്കർ ഓം ബിർള പിന്നീട് ഈ വാക്കുകൾ നീക്കം ചെയ്തു. ബിധുരിയുടെ പരാമർശത്തിൽ കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് ഖേദം പ്രകടിപ്പിച്ചിരുന്നു.
മുസ്ലീം എംപിക്കെതിരായ ബിധൂരിയുടെ വിവാദ പരാമർശങ്ങളുടെ വീഡിയോ വൈറലായതോടെ അദ്ദേഹത്തിനെതിരെ സഭയിൽ നിന്ന് സസ്പെൻഡ് ചെയ്യുന്നതുൾപ്പെടെ കർശന നടപടിയെടുക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു.
ഇത്തരം കുറ്റകൃത്യങ്ങൾ ആവര്ത്തിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് സ്പീക്കർ ബിർള മുന്നറിയിപ്പ് നല്കി.