Connect with us

വ്രതവിശുദ്ധി

ബദ്റിലുണ്ട് നമുക്കുവേണ്ട ഉണർത്തുപാട്ടുകൾ

Published

|

Last Updated

“അവർ ധീരരായ ആൺകുട്ടികളാണ്. പോരാ, പർവതങ്ങൾ പോലെ ശക്തരായ വലിയ വലിയ നേതാക്കളാണ്. മാത്രമല്ല, മനക്കരുത്തിന്റെ കാര്യത്തിൽ കാലത്തെ പോലെയാണ്.’ – സന്തോഷമാണോ സന്താപമാണോ എന്നൊന്നും നോക്കാതെ, മുറിവ് പറ്റിയാലും മുറിഞ്ഞാലും മരിക്കുക തന്നെ ചെയ്താലും അതൊന്നും ഗൗനിക്കാതെ മുന്നോട്ട് പോകുന്ന ശൈലിയാണ് കാലത്തിന്റേത്.

വിഖ്യാതരായ ബദ്ർ പോരാളികളുടെ പ്രകീർത്തന കാവ്യത്തിലെ ശകലമാണിത്.
ഖുർആനിൽ പരാമർശിക്കപ്പെട്ടവരും മുഹമ്മദ് നബി(സ)യുടെ അനുചരരിൽ അഗ്രിമ സ്ഥാനീയരും ഇസ്‌ലാം മത വിശ്വാസികൾ എല്ലാ കാലവും ആദരവോടെ നെഞ്ചേറ്റിയവരുമാണ് ബദ്ർ സേനാനികൾ.

മുഹമ്മദ് നബിയുടെ പ്രബോധനം ശ്രദ്ധിക്കുകയും മഹിതമെന്ന് തോന്നിയതിനാൽ അതുൾക്കൊള്ളുകയും അവിടുന്ന് പ്രചരിപ്പിച്ച ആശയാദർശത്തിന്റെ കൂടെ നിൽക്കുകയും ചെയ്ത ഒരൊറ്റക്കാരണം കൊണ്ട് പ്രഭുക്കന്മാരായ ഖുറൈശി ഗോത്രക്കാരുടെ കിരാത കൃത്യങ്ങൾക്കിരയാക്കപ്പെട്ടവരാണവർ.

മക്കയിലെ ഖുറൈശികളുടെ അങ്ങേയറ്റത്തെ അസഹിഷ്ണുത കൊണ്ട് അന്നവും വെള്ളവും തടയുകയും ദേഹോപദ്രവമേൽക്കേണ്ടി വരികയും ചെയ്തിട്ട് പോലും ആദർശത്തിൽ വിട്ടുവീഴ്ചക്ക് തയ്യാറാകാത്ത ധീരാത്മാക്കളിൽ നമുക്ക് വലിയ പാഠമുണ്ട്. അതുകൊണ്ടാണ് 1440 വർഷങ്ങൾക്കിപ്പുറവും അവർ സ്മരിക്കപ്പെടുന്നതും പ്രകീർത്തിക്കപ്പെടുന്നതും.
സ്വത്വവും ജീവിത സ്വാതന്ത്ര്യവും സമ്പാദ്യവും വരുമാന മാർഗങ്ങളും നശിപ്പിക്കപ്പെടുംവരെ എല്ലാം സഹിച്ചും ക്ഷമിച്ചും അവർ മക്കയിൽ തന്നെ കഴിച്ചുകൂട്ടി. അല്ലാഹുവിന്റെ മതം ഉൾക്കൊണ്ടതു കൊണ്ടാണല്ലോ എന്ന സമാധാനത്തിൽ ഒന്നും പ്രയാസമായി തോന്നിയില്ല. ആഢ്യത്വത്തിന്റെ അപ്പോസ്തലന്മാരായ ഖുറൈശികൾക്കെതിരെ അവർ വിരലനക്കുക പോലും ചെയ്തില്ല. എങ്കിലും അവസാനം ഗത്യന്തരമില്ലാതെ നാടുവിടേണ്ടി വന്നു…

സ്വത്തും സമ്പത്തുമെല്ലാം ഉപേക്ഷിച്ച് സ്വൈര ജീവിതത്തിനായി മദീനയിൽ അഭയം തേടിയിട്ടും ഖുറൈശികളുടെ കൊടിയ പകക്ക് അറുതിയുണ്ടായില്ല. അവർ വിടാതെ പിന്തുടരുകയും വേട്ടയാടിക്കൊണ്ടിരിക്കുകയും ചെയ്തു. ഈ സന്ദർഭത്തിലാണ് ബദ്റിൽ രണാങ്കണം ഒരുങ്ങിയത്.
ജനിച്ചുവളർന്ന മക്കയിൽ ജീവന് ഭീഷണി നേരിട്ടപ്പോൾ പലായനമെന്ന സമാധാനമാർഗം സ്വീകരിച്ച് മദീനയിലേക്ക് കുടിയേറിയിട്ടും പകയും വിദ്വേഷവും കൂടെ വന്ന് കലിതുള്ളി സംഹാരതാണ്ഡവമാടുകയാണ്. ശക്തമായ പ്രതിരോധവും ചെറുത്തുനിൽപ്പുമല്ലാതെ മറ്റു വഴികളില്ല…

മർദിത സമൂഹം ശക്തമായ ആക്രമണങ്ങൾക്കിരയാക്കപ്പെടുന്ന സന്ദർഭത്തിൽ തിരിച്ചടിക്കാനനുമതിയുണ്ട്. മർദിത സമൂഹത്തെ സഹായിക്കാൻ കഴിവും പ്രാപ്തിയുമുള്ളവനാണ് അല്ലാഹു എന്ന കാരുണ്യവാന്റെ വാക്ക് അവർക്ക് പ്രചോദനവുമാണ്.
പക്ഷേ, സാമ്പത്തിക ശേഷിയും ആയുധ ബലവുമുള്ള 1000 ആളുകളോട് നിർധനരും നിരായുധരുമായ 313 പേരുടെ ചെറുത്തുനിൽപ്പ് എങ്ങനെ എന്ന ചോദ്യചിഹ്നം വല്ലാതെ അലട്ടി…
വിശ്വാസിയുടെ ആയുധം പ്രാർഥനയാണല്ലോ. ദൈവിക മതത്തെ അവൻ പരിരക്ഷിക്കുമെന്ന ആത്മവിശ്വാസവുമുണ്ട്. നബി അല്ലാഹുവിലേക്ക് കരമുയർത്തി: “അല്ലാഹുവേ, നിന്റെ വാഗ്‌ദാനം കൊണ്ടനുഗ്രഹിക്കണേ… ഈ ചെറു സംഘത്തെ നീ നശിപ്പിച്ചാൽ പിന്നീട് ഈ ഭൂമിലോകത്ത് നിനക്ക് ആരാധനയർപ്പിക്കാനായി ആരും അവശേഷിക്കുകയില്ല…’

ഈ പ്രാർഥനക്കൊടുവിൽ വിശ്വാസികൾ വിജയശ്രീലാളിതരായി. ഉറച്ച വിശ്വാസവും നിശ്ചയദാർഢ്യവും ഉണ്ടായാൽ ഏത് പ്രതിസന്ധികളെയും തരണം ചെയ്യാം.
പരിശുദ്ധ ഖുർആൻ ഉണർത്തുന്നത് കേൾക്കുക: “നിശ്ചയം നിങ്ങൾ ദുർബലരായിട്ട് പോലും അല്ലാഹു നിങ്ങൾക്ക് ബദ്റിൽ സഹായം നൽകിയിരിക്കുന്നു. അതിനാൽ നിങ്ങൾ അല്ലാഹുവിനെ ഭയപ്പെടുക. നിങ്ങൾ നന്ദിയുള്ളവരായിത്തീരാൻ വേണ്ടി’. (3-123)