Connect with us

Malappuram

ബദ്റുദ്ദുജ മീലാദ് സമ്മേളനം വെള്ളിയാഴ്ച; കാന്തപുരം മുഖ്യാഥിതി

മദ്ഹുറസൂല്‍ പ്രഭാഷണം, മീലാദ് ബഹുജന റാലി, പ്രവാചക പ്രകീര്‍ത്തനം, ആത്മീയ സമ്മേളനം, അവാര്‍ഡ് വിതരണം എന്നിവ സമ്മേളനത്തിന്റെ ഭാഗമായി നടക്കും.

Published

|

Last Updated

വേങ്ങര|  രണ്ടു പതിറ്റാണ്ടുകാലമായി വേങ്ങര കുറ്റാളൂരില്‍ വൈജ്ഞാനിക ആത്മീയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കുറ്റാളൂര്‍ ബദ്റുദ്ദുജാ ഇസ്ലാമിക് സെന്ററിന്റെ ഈ വര്‍ഷത്തെ മീലാദ് മഹാസമ്മേളനവും തഅ്ജീലുല്‍  ഫുതൂഹ് ബദ്‌രിയ്യത്ത് വാര്‍ഷികവും വെള്ളിയാഴ്ച കുറ്റാളൂര്‍ സ്വബാഹ് സ്‌ക്വയറില്‍ നടക്കും.

മദ്ഹുറസൂല്‍ പ്രഭാഷണം, മീലാദ് ബഹുജന റാലി, പ്രവാചക പ്രകീര്‍ത്തനം, ആത്മീയ സമ്മേളനം, അവാര്‍ഡ് വിതരണം എന്നിവ സമ്മേളനത്തിന്റെ ഭാഗമായി നടക്കും. നാളെ രാവിലെ 8 മണിക്ക് സമ്മേളന നഗരിയില്‍ ഊരകം മഹല്ല് കോര്‍ഡിനേഷന്‍ ചെയര്‍മാന്‍ ഖാസി ഒ.കെ മൂസാന്‍ കുട്ടി മുസ്‌ലിയാര്‍ പതാക ഉയര്‍ത്തും. വെള്ളിയാഴ്ച വൈകുന്നേരം 4.30ന് കുറ്റാളൂരില്‍ നിന്ന് ആരംഭിക്കുന്ന ബഹുജനറാലി സമ്മേളനത്തിന്റെ പ്രധാന ആകര്‍ഷണമാകും. ആയിരക്കണക്കിന് പ്രവാചക സ്നേഹികള്‍ അണിനിരക്കു റാലിക്ക് വിദ്യാര്‍ഥികളുടെ വിവിധ കലാപ്രകടനങ്ങള്‍ മിഴിവേകും. വൈകുന്നേരം ആറ് മണിക്ക് വേങ്ങര ടൗണില്‍ റാലി സമാപിക്കും. സിദ്ദീഖ് സഖാഫി അരിയൂര്‍ സന്ദേശ പ്രഭാഷണം നടത്തും.  മഗ്‌രിബ് നിസ്‌കാര ശേഷം പൊതുസമ്മേളനത്തിന് തുടക്കമാകും. 7മണിക്ക് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹിമുല്‍ ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാരംഭ പ്രാര്‍ഥന നടത്തും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ തഅ്ജീലുല്‍ ഫുതൂഹ് മജ്ലിസിന് നേതൃത്വം നല്‍കും.  പേരോട് അബ്ദുറഹ്മാന്‍ സഖാഫി വാര്‍ഷിക മദ്ഹു റസൂല്‍ പ്രഭാഷണം നടത്തും.

ബദ്റുദ്ദുജ ചെയര്‍മാന്‍ സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ ബുഖാരി  സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. പ്രമുഖ പണ്ഡിതനും സൂഫിയുമായിരുന്ന നാലകത്ത് മരക്കാരുട്ടി മുസ്ലിയാര്‍ രചിച്ച ബദ്‌രിയ്യത്ത് ബൈത്താണ് തഅ്ജീലുല്‍ ഫുതൂഹ്. എല്ലാ മാസവും കുറ്റാളൂരില്‍ നടന്നുവരുന്ന ആ മജ്ലിസിന്റെ വാര്‍ഷിക സംഗമം കൂടിയാണ് മീലാദ് സമ്മേളനത്തിലെ തഅ്ജീലുല്‍ ഫുതൂഹ് പാരായണം.

ബദ്റുദ്ദുജയുടെ ആദരമായി പേരോട് അബ്ദുറഹ്മാന്‍ സഖാഫിക്ക്  സയ്യിദുശുഹദാ ഹംസതുല്‍ കര്‍റാര്‍ അവാര്‍ഡ് സമ്മാനിക്കും. സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി ചേളാരി, സയ്യിദ് ജലാലുദ്ദന്‍ ബുഖാരി വൈലത്തൂര്‍, സയ്യിദ് ജഅ്ഫര്‍ തുറാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് ഇബ്റാഹിം ബാഫഖി കൊയിലാണ്ടി, ഊരകം അബ്ദുറഹ്മാന്‍ സഖാഫി, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, ടി ടി അഹമ്മദ്കുട്ടി സഖാഫി ചേറൂര്‍, ഒ.കെ സ്വാലിഹ് ബാഖവി കുറ്റാളൂര്‍, ഇബ്റാഹിം ബാഖവി മേല്‍മുറി, അലവി സഖാഫി കൊളത്തൂര്‍, അബ്ദുല്‍ ഖാദിര്‍ അഹ്സനി മമ്പീതി, അബ്ദുല്‍ അസീസ് സഖാഫി എലമ്പ്ര, ഇബ്റാഹിം ബാഖവി ഊരകം, കുറ്റൂര്‍ അബ്ദുര്‍റഹ്മാന്‍ ഹാജി, എ.പി കരീം ഹാജി ചാലിയം, നാസര്‍ ഹാജി സ്‌ട്രോങ്ങ്‌ലൈറ്റ്, കെ.പി യൂസുഫ് സഖാഫി സംബന്ധിക്കും. സമ്മേളനത്തിനെത്തുന്ന സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പതിനായിരം പേര്‍ക്ക് ഭക്ഷണ വിതരണം നടത്തും.