Kerala
ബദ്റുല്‍ കുബ്റ ആത്മീയ സമ്മേളനം 27ന്; ആട് വരവ് ആരംഭിച്ചു 313 ആടുകളാണ് ഗ്രാന്‍ഡ് ഇഫ്താറിനായി എത്തിക്കുന്നത്
മാംസത്തിനാവശ്യമായ 313 ആടുകളും മറ്റും ജനകീയ സമാഹരണത്തിലൂടെയാണ് സംഘടിപ്പിക്കുന്നത്.

നോളജ് സിറ്റി | റമസാനിലെ 17ാം രാവായ മാര്‍ച്ച് 27ന് നടക്കുന്ന ബദ്റുല്‍ കുബ്റാ ആത്മീയ സമ്മേളനത്തിന്റെ ഭാഗമായുള്ള ഗ്രാന്‍ഡ് ഇഫ്താറിനുള്ള ആടുകള്‍ എത്തിത്തുടങ്ങി. ആയിരക്കണക്കിന് വിശ്വാസികള്‍ നോമ്പുതുറക്കാനെത്തുന്ന ഗ്രാന്‍ഡ് ഇഫ്താറിനായി വലിയ ഒരുക്കങ്ങളാണ് ജാമിഉല്‍ ഫുതൂഹില്‍ നടക്കുന്നത്. മാംസത്തിനാവശ്യമായ 313 ആടുകളും മറ്റും ജനകീയ സമാഹരണത്തിലൂടെയാണ് സംഘടിപ്പിക്കുന്നത്.
രാജ്യത്ത് തന്നെ ഏറ്റവുമധികം ആളുകള്‍ പങ്കെടുക്കുന്ന ബദ്ര്‍ അനുസ്മരണ-ആത്മീയ സംഗമത്തിനാണ് ജാമിഉല്‍ ഫുതൂഹ് ആദിത്യമരുളുന്നത്. ഉച്ചക്ക് ഒരു മണിയോടെ ആരംഭിക്കുന്ന സമ്മേളനത്തില്‍ വിദേശ പണ്ഡിതരടക്കമുള്ള അതിഥികള്‍ സംബന്ധിക്കും.
അനുസ്മരണ പ്രഭാഷണം, മഹ്ളറത്തുല്‍ ബദ്‌രിയ്യ വാര്‍ഷികം, ബദര്‍ പാടിപ്പറയല്‍, പ്രാര്‍ഥനാ സമ്മേളനം തുടങ്ങിയവയാണ് നടക്കുന്നത്. ഇതിന്റെ മുന്നോടിയായി റമസാന്‍ 15ന് നടക്കുന്ന ആട് വരവില്‍ അഭ്യുദയ കാംക്ഷികള്‍ സംഭാവനയായി നല്‍കുന്ന ആടുകള്‍ക്ക് ജാമിഉല്‍ ഫുതൂഹ് പരിസരത്ത് വരവേല്‍പ്പ് നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു. നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി ആടുകളെയാണ് വിശ്വാസികള്‍ ഇഫ്താറിനായി സമര്‍പ്പിക്കുന്നത്.