Connect with us

cover story

ബഗ ഇഫ്‎ത്വാർ

സ്ഥല സൗകര്യങ്ങളും വിഭവങ്ങളും മിക്കയിടങ്ങളിലും വളരെ ലളിതമായിരിക്കും.പലയിടങ്ങളിലും വെള്ളവും ഈത്തപ്പഴവും ബിസ്കറ്റ്, റസ്ക്ക് പോലെ വളരെ ലഘുവായ എന്തെങ്കിലും കൊണ്ടാകും തുറ. എന്നാൽ ഡൽഹി പോലെയുള്ള ഇടങ്ങളിൽ കീമാ കബാബ് റോളുകൾ, ചിക്കൻ കൊണ്ടുണ്ടാക്കിയ വിവിധ വിഭവങ്ങൾ, സമൂസകൾ തുടങ്ങി സമൃദ്ധമായ ഭക്ഷണങ്ങളും പാനീയങ്ങളും ആവോളം ലഭിക്കും.

Published

|

Last Updated

ത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ നോമ്പ് തുറകൾ ഏറെ ഹൃദ്യവും രസകരവുമാണ്. സ്ഥല സൗകര്യങ്ങളും വിഭവങ്ങളും മിക്കയിടങ്ങളിലും വളരെ ലളിതമായിരിക്കും. പലയിടങ്ങളിലും വെള്ളവും ഈത്തപ്പഴവും ബിസ്കറ്റ്, റസ്ക്ക് പോലെ വളരെ ലഘുവായ എന്തെങ്കിലും കൊണ്ടാകും തുറ. എന്നാൽ ഡൽഹി പോലെയുള്ള ഇടങ്ങളിൽ കീമാ കബാബ് റോളുകൾ, ചിക്കൻ കൊണ്ടുണ്ടാക്കിയ വിവിധ വിഭവങ്ങൾ, സമൂസകൾ തുടങ്ങി സമൃദ്ധമായ ഭക്ഷണങ്ങളും പാനീയങ്ങളും ആവോളം ലഭിക്കും.

ഏതായാലും കേരളേതര സംസ്ഥാനങ്ങളിലെ നോമ്പ് തുറകൾ മനസ്സിൽ സൂക്ഷിക്കാൻ പാകത്തിലുള്ള പല ഓർമകളും സമ്മാനിക്കും എന്നത് തീർച്ചയാണ്.കഴിഞ്ഞ റമസാനിലാണ് ഉത്തർപ്രദേശിലെ മഡോരയിലും ബീഹാറിലെ ജിജീർ എന്ന ഗ്രാമത്തിലും ഡൽഹി ജുമാമസ്ജിദിലും പോയി നോമ്പ് തുറക്കുന്നത്.

ഉത്തര്‍പ്രദേശിലെ മഡോരയിലെ നോമ്പ് തുറ

സൂര്യൻ തിളങ്ങുന്ന ഓറഞ്ച് നിറത്തിൽ നിന്ന് ഇരുണ്ട ചാരനിറത്തിലേക്ക് നീങ്ങിത്തുടങ്ങിയ ഒരു സായാഹ്നത്തിലാണ് ഉത്തര്‍പ്രദേശിലെ മഡോര എന്ന ഗ്രാമത്തിലെത്തുന്നത്. ദീർഘ നേരത്തെ യാത്രയും അസഹ്യമായ ചൂടും കാരണം വല്ലാതെ ക്ഷീണിച്ചിട്ടുണ്ട്. നോമ്പ് തുറന്നിട്ടാകാം വിശ്രമം എന്ന് കരുതി ഗ്രാമത്തിലെ സായാഹ്ന കാഴ്ചകൾ കാണാനിറങ്ങി.അങ്ങനെ നടക്കുന്നതിനിടയിലാണ് 75 വയസ്സ് പ്രായം തോന്നിക്കുന്ന ​ഒരു ​ഗ്രാമീണനെ കാണുന്നതും അദ്ദേഹം നോമ്പ് തുറക്കാൻ വീട്ടിലേക്ക് ക്ഷണിക്കുന്നതും.

ക്ഷണം സ്വീകരിച്ച്, കുശലന്വഷണവും നടത്തി അദ്ദേഹത്തിന്റെ വീട് ലക്ഷ്യമാക്കി നടന്നു. അൽപ്പം നടന്നപ്പോൾ തന്നെ വീടെത്തി. ഒരു കുഞ്ഞു വീട്. വീട്ടിൽ ആകെയുണ്ടായിരുന്ന ഒരു കസേരയിൽ എന്നെയിരുത്തി അദ്ദേഹം നിലത്തിരുന്നു.

എന്നിട്ട് നോമ്പ് തുറക്കാൻ കരുതി വെച്ച ഒരു ഗ്ലാസ് വെള്ളവും ഒരു ഈത്തപ്പഴവും ഒരു പ്ലേറ്റ് റസ്‌കും എന്റെ അരികിലേക്ക് നീട്ടിവെച്ചു. അങ്ങനെയിരിക്കെയാണ് തൊട്ടടുത്തുള്ള പള്ളിയിൽ നിന്ന് ബാങ്ക് വിളിച്ചത്. ഞങ്ങൾ നോമ്പ് തുറന്നു. ആർഭാടങ്ങളും ആഡംബരങ്ങളുമില്ലാത്ത വളരെ ലളിതമായ ഒരു ഗ്രാമീണ ഇഫ്്ത്വാർ.”ഒരു കാരക്ക ചീന്ത് കൊണ്ടാണെങ്കിലും നിങ്ങള്‍ മറ്റൊരാളെ നോമ്പ് തുറപ്പിക്കണം’ എന്ന പ്രവാചക വചനം അന്നേരം എന്റെ മനസ്സിലോടിയെത്തി.

ബിഹാറിലെ ജിജീറിലെ തുറ

ബിഹാറിലെ ജിജീര്‍ ഗ്രാമത്തിൽ മിക്കയാളുകളുടെതും ഒറ്റമുറി വീടായിരിക്കും. താരതമ്യേന ഭേദപ്പെട്ട സാമ്പത്തികമുള്ളവരാണ് എങ്കില്‍ രണ്ട് മുറികൾ കാണും. മക്കള്‍ കല്യാണം കഴിയുന്നത് പ്രകാരം വീടിന് ചുറ്റും ചെറിയ കൂരകൾ നിർമിക്കും. എല്ലാവരുടെതും നിർമാണം പൂർത്തിയാകുന്നതോടെ ഒരു നടുമുറ്റം രൂപപ്പെടും. വീടിനോട് ചാരി ഔട്ട് ഹൗസ് കൂടെയുണ്ടാകും. അവിടെയാണ് കുടുംബങ്ങള്‍ ഒന്നിച്ച് നോമ്പ് തുറക്കുക. കുടുംബ, സ്‌നേഹബന്ധത്തിന്റെ ഊഷ്മളത ഇവിടെ കാണാം.

കര്‍ഷകരായതിനാല്‍ പ്രകൃതിദത്ത വിഭവങ്ങളാണ് ഇവിടെയെല്ലാം ലഭിക്കുക. റൊട്ടി, ദാല്‍ കറി, സാലഡ് എന്നിവയാണ് പ്രധാനം. പഴങ്ങള്‍ക്ക് പകരം പച്ചക്കറി വിഭവങ്ങളാണ് തീന്മേശയില്‍ കൂടുതലുണ്ടാകുക. ഔട്ട് ഹൗസില്‍ വെച്ചുതന്നെയാണ് റമസാന്‍ കാലത്തെ പ്രത്യേക നിസ്‌കാരമായ തറാവീഹ് നിസ്കാരം. ഔട്ട് ഹൗസ് അത്ര ആര്‍ഭാടപരമല്ല. ഒരു മണ്‍കൂര. മുകളില്‍ പുല്ല് മേഞ്ഞിട്ടുണ്ടാകും. അത്രമാത്രം.

വീടിനുള്ളില്‍ വെച്ചല്ല സാധാരണ ഉത്തരേന്ത്യക്കാര്‍ ഭക്ഷണം തരിക. വീടിന് പുറത്തെ മരച്ചുവട്ടിൽ ചാർപായ് കട്ടിലിലിരിക്കാം. ഭക്ഷണം അതിന് മുകളിൽ ക്രമീകരിക്കും. ചില പള്ളികളിലും നോമ്പ് തുറകളുണ്ടാകും. അതിലും ഉണ്ട് സ്‌നേഹത്തിന്റെ കാഴ്ച. എല്ലാവരും നിലത്തിരിക്കും. ഒരു പാത്രത്തില്‍ കറി വെക്കും. എല്ലാവരുടെ കൈയിലും ഓരോ റൊട്ടിയുണ്ടാകും. നാലുപേർ വീതം ഒരു കറിപ്പാത്രത്തില്‍ മുക്കി കഴിക്കും. ഇങ്ങനെയുള്ള ഇടങ്ങളിൽ നിന്ന് തനി​ നാടൻ ​ഗ്രാമീണതയനുഭവിച്ച് നോമ്പുതുറക്കുന്നതിന്റെ രസം പറഞ്ഞറിയിക്കാനാകാത്തതാണ്.

ഗഫാർ ഭായി

ചെറിയൊരു ഇടവേളക്ക് ശേഷം ഗഫാർ ഭായിയുടെ ക്ഷണം സ്വീകരിച്ച് നോമ്പ് തുറക്കാനാണ് ബഗയിലേക്ക് വണ്ടി കയറിയത്.ശാന്തമായൊഴുകുന്ന നദികളും നദികൾക്ക് സമീപം കരിയിലകളാൽ പരവതാനി വിരിച്ച മൺപാതയിലൂടെയുള്ള രസകരമായ യാത്രക്ക് ശേഷം ബഗയിലെത്തുമ്പോൾ വൈകുന്നേരമായിട്ടുണ്ട്.

ഗഫാർ ഭായിയും കുടുംബവും നോമ്പ് തുറക്കുള്ള വിഭവങ്ങൾ പാകം ചെയ്യുന്ന തിരക്കിലാണ്. പുറത്തുള്ള അടുപ്പിൽ സ്വന്തം പാടത്ത് വിളയിച്ചെടുത്ത ഗോതമ്പ് മാവ് കൊണ്ട് അദ്ദേഹത്തിന്റെ ഭാര്യയും മകളും റൊട്ടി ഉണ്ടാക്കുന്നുണ്ട്. സഹായിക്കാനായി അദ്ദേഹം തൊട്ടടുത്ത് തന്നെയുണ്ട്. ഗോതമ്പ് മാവ് പരത്തി ചുട്ടെടുത്ത ശേഷം അടുപ്പിലെ തന്നെ കനലിൽ വെച്ച് പൊള്ളിച്ചെടുക്കുന്നു. ശേഷം അൽപ്പം നെയ്യ് പുരട്ടി പാത്രത്തിലേക്ക് എടുത്തുവെക്കുന്നു. ഈ റൊട്ടിയാണ് പ്രധാന വിഭവം. തൊട്ടപ്പുറത്തായി അമ്മിയിൽ പൊതിനയും പച്ചമുളകും മുളക് പൊടിയും ഉപ്പും ചേർത്ത് ചട്ട്നിയുണ്ടാക്കുന്നുണ്ട്.

ഫ്രൂട്സുകൾക്ക് പകരം പച്ചക്കറികളാണ് നോമ്പ് തുറക്കുന്നേരത്ത് കഴിക്കാനുള്ളത്. കക്കിരിയും ക്യാരറ്റും മുള്ളങ്കിയും ഉള്ളിയും ചെറുനാരങ്ങയുമെല്ലാം അതിലുണ്ടാകും.പാകം ചെയ്തു കഴിഞ്ഞ ഭക്ഷണം ചെറിയ ചെറിയ പാത്രങ്ങളിലാക്കി വീടിന് പുറത്തെ മേശയിൽ കൊണ്ടുവന്ന് വെച്ചു. എല്ലാവരും ആ മേശക്ക് ചുറ്റും വന്നിരുന്നു. അന്നേരത്ത് ദൂരെയൊരു പള്ളിയിൽ നിന്ന് ബാങ്ക് വിളി കേട്ടു. ഗഫാർ ഭായി ഒരു ഗ്ലാസ്സ് വെള്ളവും മൂന്ന് ഈത്തപ്പഴവുമെടുത്ത് പ്ലേറ്റിലേക്ക് വെച്ചുതന്നു. ഞങ്ങളെല്ലാവരും നോമ്പ് തുറന്നു. ശേഷം രണ്ട് റൊട്ടി ചട്നിയും കൂട്ടി കഴിച്ചു. ചട്നിക്ക് നല്ല രുചിയായിരുന്നു.ഭക്ഷണവും കഴിച്ച് മഗ്‌രിബ് നിസ്കാരവും കഴിഞ്ഞ് ഗഫാർ ഭായിയോട് സലാം പറഞ്ഞ് പതിയെ അവിടെ നിന്നുമിറങ്ങി.

ഡൽഹി ജുമാമസ്ജിദ്

ഡൽഹിയിലെ ഇഫ്‎ത്വാറുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് പുരാനി ഡൽഹിയിലെ ജുമാമസ്ജിദിനകത്തെ നോമ്പ് തുറ. ജാതി, മത, ദേശ, ഭാഷാ വ്യത്യാസമില്ലാതെ നിരവധിയാളുകളാണ് ഓരോ ദിവസവും ഇവിടെ നോമ്പ് തുറക്കെത്തുന്നത്.വീടുകളിൽ പാകം ചെയ്ത ഭക്ഷണവുമായി എത്തുന്നവരും തെരുവുകളിൽ നിന്ന് പണം കൊടുത്ത് വാങ്ങിയ വിഭവങ്ങളുമായെത്തുന്നവരുമുണ്ട്.

ഏകദേശം അസർ നിസ്കാരം കഴിയുന്നതോടെ തന്നെ മസ്ജിദിനകത്ത് ആളുകൾ വന്നു തുടങ്ങും. വിവിധ നിറത്തിലുള്ള ചെറുതും വലുതുമായ സുപ്രകൾ വിരിച്ച് ചെറു കൂട്ടങ്ങളായി ഇരുന്ന് കൊണ്ടുവന്ന വിഭവങ്ങൾ മുന്നിൽ നിരത്തിവെക്കും, പരസ്പരം പങ്കുവെക്കും.ബാങ്ക് മുഴങ്ങുന്നത് വരെ ചിലർ അങ്ങോട്ടുമിങ്ങോട്ടും നടന്ന് സമയം തള്ളിനീക്കും. മറ്റു ചിലർ പട്ടം പറത്തിക്കളിക്കുന്ന കുട്ടികളോട് കുശലം പറഞ്ഞിരിക്കും. പടച്ച റബ്ബിനോടുള്ള ഹുബ്ബിലലിഞ്ഞ് സദാസമയവും ചുണ്ടിൽ ദിക്ർ മന്ത്രിച്ച് വിഭവങ്ങൾക്ക് മുന്നിലിരിക്കുന്നവരെയും നമുക്കിവിടെ കാണാനാകും.

ഒരു വൈകുന്നേരം കേരളീയ വിഭവങ്ങളുമായിട്ടാണ് ഞാനും കുടുംബവും നോമ്പ് തുറക്കാൻ അവിടെ എത്തിയത്. മസ്ജിദിനകത്ത് കയറി ഞങ്ങളും സ്ഥലം പിടിച്ചുകൊണ്ടുവന്ന വിഭവങ്ങൾ മുന്നിൽ വിരിച്ച സുപ്രയിലേക്കെടുത്തു വെച്ച് ബാങ്ക് വിളിയും പ്രതീക്ഷിച്ചിരുന്നു. അൽപ്പം കഴിഞ്ഞപ്പോൾ രണ്ട് കതിനകൾ പൊട്ടി. നോമ്പ് തുറയുടെ സമയം അറിയിക്കാനാണത്രേ കതിന പൊട്ടിക്കുന്നത്.

അധികം വൈകാതെ മിനാരങ്ങളിൽ നിന്ന് ബാങ്കൊലിയും മുഴങ്ങി. ഭക്ഷണമെല്ലാം കഴിച്ച് കഴിയുമ്പോൾ ബാക്കിവരുന്നതും പ്ലാസ്റ്റിക് കുപ്പികളും ശേഖരിക്കാൻ ചിലർ അടുത്തു വന്നു. ബാക്കി വന്ന ഭക്ഷണവും മറ്റും അവർക്ക് നൽകി. പിന്നീട് മഗ്‌രിബ് നിസ്കാരവും കഴിഞ്ഞു അൽപ്പം മസ്ജിദിനകത്ത് വിശ്രമിച്ച് ഞങ്ങളും പുറത്തേക്കിറങ്ങി.

---- facebook comment plugin here -----

Latest