From the print
ബഗാന്‍ വീണു
ഐ എസ് എല്‍ ആദ്യപാദ സെമിയില്‍ ജംഷഡ്പൂരിന് ജയം. ജംഷഡ്പൂരിന്റെ വിജയഗോള്‍ ഇഞ്ചുറി ടൈമില്‍. ഹോം ഗ്രൗണ്ടില്‍ മോഹന്‍ ബഗാനെതിരെ ആദ്യ ജയം.

ജംഷഡ്പൂർ താരങ്ങളുടെ വിജയാഹ്‌ളാദം
ജംഷഡ്പൂര്‍ | ഐ എസ് എല്‍ രണ്ടാം സെമി ഫൈനലിന്റെ ആദ്യ പാദത്തില്‍ കരുത്തരായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്സിനെ വീഴ്ത്തി ജംഷഡ്പൂര്‍ എഫ് സി. ജംഷഡ്പൂരിലെ ജെ ആര്‍ ഡി ടാറ്റ സ്‌പോര്‍ട്സ് കോംപ്ലക്സില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ജംഷഡ്പൂരിന്റെ ജയം. ഐ എസ് എല്‍ ചരിത്രത്തില്‍ ഇതുവരെ സ്വന്തം ഗ്രൗണ്ടില്‍ ജംഷഡ്പൂരിന് മോഹന്‍ ബഗാനെ തോല്‍പ്പിക്കാനായിരുന്നില്ല. നിര്‍ണായക മത്സരത്തില്‍ കരുത്തരെ വീഴ്ത്തി ജംഷഡ്പൂര്‍ ചരിത്രം കുറിച്ചു.
24ാം മിനുട്ടില്‍ ഹാവിയര്‍ സിവെറിയോയുടെ ഹെഡ്ഡറിലൂടെ ജംഷഡ്പൂരാണ് ലീഡെടുത്തത്. എന്നാല്‍ 37ാം മിനുട്ടില്‍ ഫ്രീകിക്ക് ഗോളിലൂടെ ജേസണ്‍ കമ്മിംഗ്സ് ബഗാനെ ഒപ്പമെത്തിച്ചു. ബലാബലത്തില്‍ ആരംഭിച്ച രണ്ടാം പകുതിയിലും ബഗാനായിരുന്നു മൈതാനത്ത് ആധിപത്യം. എന്നാല്‍ ഇഞ്ചുറി ടൈമില്‍ (90+1) ഋതിക് ദാസിന്റെ പാസ്സ് സ്വീകരിച്ച ഹാവി ഹെര്‍ണാണ്ടസ് ജംഷഡ്പൂരിന്റെ വിജയഗോള്‍ നേടി.
ഈ മാസം ഏഴിന് മോഹന്‍ ബഗാന്റെ തട്ടകമായ കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് രണ്ടാം പാദ മത്സരം. ഐ എസ് എല്‍ ഷീല്‍ഡ് ജേതാക്കളായ മോഹന്‍ ബഗാന്റെ സീസണിലെ മൂന്നാം തോല്‍വിയാണിത്. ലീഗ് ഘട്ടത്തില്‍ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് മോഹന്‍ ബഗാന്‍ തോല്‍വിയറിഞ്ഞത്.