Kerala
ഇ കെ നേതൃത്വത്തിന്റെ നിര്‍ദേശം ലംഘിച്ച് ബഹാഉദ്ദീന്‍ നദ്‍വി
ലോക്സഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെയാണ് സി പി എമ്മിനെ രൂക്ഷമായി വിമര്‍ശിച്ചും മുസ്ലിം ലീഗിനെ വെള്ള പൂശിയും നദ്വി രംഗത്തെത്തിയത്.
കോഴിക്കോട് | തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന ഇ കെ വിഭാഗം നേതൃത്വത്തിന്റെ നിര്‍ദേശം ലംഘിച്ച് ബഹാഉദ്ദീന്‍ നദ്‍വി. ലോക്സഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെയാണ് സി പി എമ്മിനെ രൂക്ഷമായി വിമര്‍ശിച്ചും മുസ്ലിം ലീഗിനെ വെള്ള പൂശിയും നദ്വി രംഗത്തെത്തിയത്. സംസ്ഥാനത്ത് സി എ എ കേസുകള്‍ ഇടത് സര്‍ക്കാര്‍ പിന്‍വലിച്ചില്ല. 35 വര്‍ഷം പശ്ചിമ ബംഗാള്‍ ഭരിച്ച സി പി എം മുസ്ലിംകളെ പിന്നിലേക്ക് വലിച്ചു, ഉദ്യോഗത്തിന് അപേക്ഷിക്കുന്നവരെ അവഗണിക്കുന്നു, പള്ളികളില്‍ ബാങ്ക് കൊടുക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുന്നു എന്നിങ്ങനെയുള്ള പരാമര്‍ശങ്ങള്‍ക്കൊപ്പം കഴിഞ്ഞ ദിവസം ഇ കെ വിഭാഗം മുഖപത്രത്തില്‍ എല്‍ ഡി എഫ് പ്രസിദ്ധീകരിച്ച പരസ്യത്തേയും വിമര്‍ശിച്ചു.
മുസ്ലിംകളുടെ തട്ടം ഊരിക്കളയുന്നതില്‍ പ്രധാന പങ്ക് വഹിച്ചവരാണെന്ന് അവകാശവാദമുന്നയിക്കുന്നവര്‍ തട്ടം ധരിച്ച പെണ്‍കുട്ടിയുടെ ഫോട്ടോ വെച്ചാണ് തിരഞ്ഞെടുപ്പ് പരസ്യം പ്രസിദ്ധീകരിച്ചതെന്നും ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ്സിന്റെ പ്രകടനപത്രികയില്‍ സി എ എ പിന്‍വലിക്കുന്നത് സംബന്ധിച്ച പരാമര്‍ശം ഉള്‍ക്കൊള്ളിക്കാത്തതിനെ നദ്വി ന്യായീകരിക്കുകയും ചെയ്തു. പണ്ഡിതന്‍മാര്‍ക്ക് കമ്മ്യൂണിസവുമായി സമരസപ്പെടാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസത്തിന് ഫാസിസവുമായി സമരസപ്പെടാന്‍ കഴിയില്ലെന്ന പ്രസ്താവനയുമായി സെക്രട്ടറി മുക്കം ഉമര്‍ ഫൈസി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.