Bahrain
ബഹ്റൈന്‍ പ്രവാസി സാഹിത്യോത്സവ്; പോസ്റ്റര്‍ പ്രകാശനം നിര്‍വഹിച്ചു
'നാട് വിട്ടവര്‍ വരച്ച ജീവിതം' എന്ന ശീര്‍ഷകത്തിലാണ് ഈ വര്‍ഷത്തെ സാഹിത്യോത്സവ്. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരാണ് പ്രകാശന കര്‍മം നിര്‍വഹിച്ചത്.
മനാമ | കലാലയം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പതിനാലാം എഡിഷന്‍ ബഹ്റൈന്‍ നാഷനല്‍ പ്രവാസി സാഹിത്യോത്സവിന്റെ പോസ്റ്റര്‍ പ്രകാശനം ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിച്ചു.
‘നാട് വിട്ടവര്‍ വരച്ച ജീവിതം’ എന്ന ശീര്‍ഷകത്തിലാണ് ഈ വര്‍ഷത്തെ സാഹിത്യോത്സവ്. നവംബര്‍ എട്ടിന് മനാമയില്‍ വെച്ച് നടക്കുന്ന സാഹിത്യോത്സവില്‍ നിരവധി കലാപ്രതിഭകള്‍ മത്സരിക്കും. പ്രവാസി സാഹിത്യോത്സവ് ബഹ്‌റൈനിലെ മലയാളി സമൂഹത്തിനിടയിലെ സവിശേഷമായ കലാസാഹിത്യ സംഗമമായി മാറും.
ബഹ്‌റൈനിലടക്കം 19 രാഷ്ട്രങ്ങളില്‍ പ്രവാസി മലയാളികളായ വിദ്യാര്‍ഥികളുടെയും യുവജനങ്ങളുടെയും സര്‍ഗശേഷിയെയും ആവിഷ്‌കാരങ്ങളെയും പരിപോഷിപ്പിക്കാനും പ്രകടിപ്പിക്കാനുമായി വിവിധ ഇനം കലാമത്സരങ്ങള്‍ പ്രവാസി സാഹിത്യോത്സവിന്റെ ഭാഗമായി സംവിധാനിച്ചിട്ടുണ്ട്. കുടുംബ വേദിയില്‍ നിന്നും തുടങ്ങി ബഹ്‌റൈനില്‍ രിസാല സ്റ്റഡി സര്‍ക്കിളിന്റെ മുപ്പത് യൂനിറ്റുകളിലും പത്ത് സെക്ടറുകളിലും മൂന്ന് സോണുകളിലുമായി നടക്കുന്ന മത്സരങ്ങള്‍ക്ക് ശേഷമാണ് നവംബര്‍ എട്ടിന് നാഷനല്‍ തലത്തില്‍ പ്രവാസി സാഹിത്യോത്സവ് നടക്കുന്നത്. ഓരോ ഘടകത്തില്‍ നിന്നും ഒന്നാം സ്ഥാനം നേടുന്ന മത്സരാര്‍ഥിക്കാണ് തൊട്ടു മുകളിലെ ഘടകത്തില്‍ മത്സരിക്കാന്‍ അവസരമുണ്ടാവുക.
ബഡ്‌സ്, കിഡ്‌സ്, പ്രൈമറി, ജൂനിയര്‍, സെക്കന്‍ഡറി, സീനിയര്‍, ജനറല്‍ വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങള്‍ നടക്കുക. കാമ്പസ് വിഭാഗത്തില്‍ സ്‌കൂളുകളെ പ്രതിനിധീകരിച്ച് പ്രത്യേകം മത്സരിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമുണ്ട്. ജാതി മത ലിംഗ ഭേദമന്യേ മുഴുവന്‍ മലയാളികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കും.
പ്രവാസി സാഹിത്യോത്സവിന്റെ ഭാഗമായി സാഹിത്യ മേളയും പുസ്തക ചര്‍ച്ചയും കലാ സംവാദവും നടക്കും. മലയാളി പ്രവാസി സമൂഹത്തിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കും.
മാപ്പിളപാട്ടിനു പുറമെ വിവിധ ഭാഷകളിലുള്ള ഗാനങ്ങള്‍, പ്രസംഗങ്ങള്‍, ഖവാലി, ദഫ്, നശീദ, ഖസീദ, കവിതാ പാരായണം, കഥ പറയല്‍, കാലിഗ്രഫി, കഥ, കവിത പ്രബന്ധ രചനകള്‍, മാഗസിന്‍ ഡിസൈന്‍, ചിത്രരചന ഉള്‍പ്പെടെ 99 ഇനങ്ങളിലാണ് സാഹിത്യോത്സവില്‍ മത്സരങ്ങള്‍ നടക്കുക.
പോസ്റ്റര്‍ പ്രകാശന ചടങ്ങില്‍ ആര്‍ എസ് സി നാഷനല്‍ നേതാക്കളായ മുനീര്‍ സഖാഫി, അഷ്റഫ് മങ്കര, സഫ്വാന്‍ സഖാഫി, ഫൈസല്‍ വടകര തുടങ്ങിയവര്‍ പങ്കെടുത്തു.