Connect with us

Bahrain

ബഹ്റൈന്‍ സാഹിത്യോത്സവ്; പതിനാലാം എഡിഷന്‍ പ്രഖ്യാപനം നടന്നു

ബഹ്‌റൈനിലടക്കം 19 രാഷ്ട്രങ്ങളില്‍ പ്രവാസി മലയാളികളായ വിദ്യാര്‍ഥികളുടെയും യുവജനങ്ങളുടെയും സര്‍ഗശേഷിയും ആവിഷ്‌കാരങ്ങളും പരിപോഷിപ്പിക്കാനും പ്രകടിപ്പിക്കാനുമായി വിവിധ ഇനം കലാ മത്സരങ്ങള്‍ സാഹിത്യോത്സവിന്റെ ഭാഗമായി നടക്കും.

Published

|

Last Updated

മനാമ | പതിനാലാമത് എഡിഷന്‍ പ്രവാസി സാഹിത്യോത്സവിന്റെ ബഹ്‌റൈന്‍ നാഷണല്‍ മത്സരങ്ങളുടെ പ്രഖ്യാപനം പ്രവാചക നഗരിയായ മദീനയില്‍ നടന്നു. ബഹ്‌റൈനിലടക്കം 19 രാഷ്ട്രങ്ങളില്‍ പ്രവാസി മലയാളികളായ വിദ്യാര്‍ഥികളുടെയും യുവജനങ്ങളുടെയും സര്‍ഗശേഷിയും ആവിഷ്‌കാരങ്ങളും പരിപോഷിപ്പിക്കാനും പ്രകടിപ്പിക്കാനുമായി വിവിധ ഇനം കലാ മത്സരങ്ങള്‍ സാഹിത്യോത്സവിന്റെ ഭാഗമായി നടക്കും.

കുടുംബ വേദിയില്‍ നിന്ന് തുടങ്ങി ബഹ്‌റൈനില്‍ രിസാല സ്റ്റഡി സര്‍ക്കിളിന്റെ മുപ്പത് യൂനിറ്റുകളിലും പത്ത് സെക്ടറുകളിലും മൂന്ന് സോണുകളിലുമായി നടക്കുന്ന മത്സരങ്ങള്‍ക്ക് ശേഷം നവംബര്‍ ആദ്യ വാരത്തില്‍ നാഷനല്‍ തലത്തില്‍ സാഹിത്യോത്സവ് നടക്കും.

ഓരോ ഘടകത്തില്‍ നിന്നും ഒന്നാം സ്ഥാനം നേടുന്ന മത്സരാര്‍ഥികളാണ് മേല്‍ ഘടകത്തില്‍ പങ്കെടുക്കുക. ബഡ്‌സ്, കിഡ്‌സ്, പ്രൈമറി, ജൂനിയര്‍, സെക്കന്‍ഡറി, സീനിയര്‍, ജനറല്‍ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. കാമ്പസ് വിഭാഗത്തില്‍ സ്‌കൂളുകളെ പ്രതിനിധീകരിച്ച് പ്രത്യേകം മത്സരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ഒരുക്കിയിട്ടുണ്ട്. മുഴുവന്‍ മലയാളികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുമെന്നതാണ് സാഹിത്യോത്സവിന്റെ പ്രധാന സവിശേഷത.

നാഷനല്‍ സാഹിത്യോത്സവിന്റെ ഭാഗമായി സാഹിത്യ മേളയും പുസ്തക ചര്‍ച്ചയും കലാ സംവാദവും നടക്കും. ബഹ്റൈനിലെ മലയാളി പ്രവാസി സമൂഹത്തിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കും.
മാപ്പിളപാട്ടിനു പുറമെ വിവിധ ഭാഷകളിലുള്ള ഗാനങ്ങള്‍, പ്രസംഗങ്ങള്‍, ഖവാലി, ദഫ്, നശീദ, ഖസീദ, കവിതാ പാരായണം, കഥ പറയല്‍, കാലിഗ്രഫി, കഥ കവിത പ്രബന്ധ രചനകള്‍, മാഗസിന്‍ ഡിസൈന്‍, ചിത്ര രചന ഉള്‍പ്പെടെ 99 ഇനങ്ങളിലാണ് സാഹിത്യോത്സവില്‍ മത്സരങ്ങള്‍ നടക്കുക.

പ്രവാചക നഗരിയിലെ മദീന മുനവ്വറയില്‍ നടന്ന ബഹ്‌റൈന്‍ പ്രവാസി സാഹിത്യോസവ് പ്രഖ്യാപന ചടങ്ങില്‍ ആര്‍ എസ് സി ഗ്ലോബല്‍ ഭാരവാഹികളായ ഉമര്‍ അലി കോട്ടക്കല്‍, ഷമീര്‍ പി ടി, നൂറുദ്ധീന്‍ സഖാഫി, ബഹറൈന്‍ ഭാരവാഹികളായ അഷ്റഫ് മങ്കര, സഫ്വാന്‍ സഖാഫി എന്നിവര്‍ പങ്കെടുത്തു.

 

 

Latest