Kerala
തിരുവനന്തപുരം വിദ്വേഷ പ്രസംഗം; പി സി ജോർജ് അറസ്റ്റിൽ
കസ്റ്റഡിയിൽ എടുത്തത് വെണ്ണല വിദ്വേഷ പ്രസംഗ കേസിൽ പാലാവരിട്ടം സ്റ്റേഷനിൽ ഹാജരാകാൻ എത്തിയപ്പോൾ

തിരുവനന്തപുരം | തിരുവനന്തപുരം വിദ്വേഷ പ്രസംഗ കേസില്‍ ജനപക്ഷം നേതാവും മുന്‍ എംഎല്‍എയുമായ പി സി ജോര്‍ജിനെ വിഴിഞ്ഞം പോലിസ് അറസ്റ്റ് ചെയ്തു. കേസിൽ പി സി ജോർജിൻെറ ജാമ്യം തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് പോലീസ് നടപടി. വെണ്ണല വിദ്വേഷണ പ്രസംഗ കേസിൽ പോലീസ് സ്റ്റേഷനിൽ ഹാജരാകാനായി പാലാരിവട്ടത്ത് എത്തിയ പി സി ജോർജിനെ സ്റ്റേഷനിൽ നിന്ന് തിരിച്ചറിങ്ങിയ ഉടൻ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സ്വന്തം വാഹനത്തിൽ പോലീസ് സ്റ്റേഷനിൽ എത്തിയ പി സിയെ പിന്നീട് പോലീസ് വാഹനത്തിൽ കൊച്ചി എറണാകുളം എ ആർ ക്യാമ്പിൽ എത്തിച്ചു. അവിടെ വെച്ച് വിശദമായി ചോദ്യം ചെയത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തിനിടെ മതവിദ്വേഷ പ്രസംഗം നടത്തിയ കേസിലാണ് നടപടി. ഈ കേസിൽ പി സി ജോര്‍ജിന് ജാമ്യം ലഭിച്ചിരുന്നുവെങ്കിലും എറണാകുളം വെണ്ണലയില്‍ വീണ്ടും വിദ്വേഷ പ്രസംഗം നടത്തുകയും ജാമ്യ വ്യവസ്ഥ ലംഘിക്കുകയുമായിരുന്നു. തുടർന്ന് പിസി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ അപേക്ഷയിലാണ് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പി.സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കിയത്.
അതിനിടെ, പി സി ജോർജിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാലാരിവട്ടം പോലീസ് സ്റ്റേഷന് മുന്നിൽ പി ഡി പി പ്രവർത്തകർ പ്രതിഷേധിച്ചു. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പി സി ജോർജിന് പിന്തുണയുമായി ബിജെപി പ്രവർത്തകരും സ്റ്റേഷന് മുന്നിൽ സംഘടിച്ചിട്ടുണ്ട്. പി സി ജോർജിന് അഭിവാദ്യമർപ്പിച്ച് മുദ്രാവാക്യം മുഴക്കിയാണ് ബിജെപി പ്രവർത്തകർ സ്റ്റേഷന് മുന്നിൽ പ്രതിഷേധിക്കുന്നത്.
ഏപ്രിൽ 29 ന് തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാസമ്മേളനത്തിലാണ് പി സി ജോർജ് വർഗീയ വിഷം ചീറ്റിയ പ്രസംഗം നടത്തിയത്. തുടര്‍ന്ന് മെയ് ഒന്നിന് അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും മജിസ്ട്രേറ്റ് ഉപാധികളോടെ ജാമ്യം നൽകുകയായിരുന്നു. ജാമ്യം ലഭിച്ച ശേഷം പി.സി ജോർജ് നടത്തിയ പരാമർശങ്ങൾ പലതും ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.
അപ്പീൽ പോകുമെന്ന് ഷോൺ ജോർജ്
തിരുവനന്തപുരം വിദ്വേഷ പ്രസംഗ കേസിൽ ജാമ്യം റദ്ദാക്കിയ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെ മേൽക്കോടതിയെ സമീപിക്കുമെന്ന് പി സി ജോർജിന്റെ മകൻ ഷോൺ ജോർജ് പറഞ്ഞു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് പി സി ജോർജിനെ കസ്റ്റഡിയിൽ എടുത്തതെന്നും അദ്ദേഹം ആരോപിച്ചു.