Kerala
എഡിഎം നവീന്‍ ബാബുവിന്റെ മരണം; പി പി ദിവ്യയ്ക്ക് ജാമ്യം
തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.
കണ്ണൂര്‍ | എഡിഎം കെ നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയ്ക്ക് ജാമ്യം. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. രണ്ടാളുടെ ജാമ്യത്തിലാണ് പി പി ദിവ്യ ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.
എല്ലാ തിങ്കളാഴ്ചയും അന്വേഷണം ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണം. കണ്ണൂര്‍ ജില്ല വിട്ട് പോകാന്‍ പാടില്ല എന്നീ വ്യവസ്ഥകളോടെയാണ് ദിവ്യക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. സാക്ഷികളെ സ്വാധീനിക്കരുതെന്നും പി പി ദിവ്യയോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ പതിനൊന്ന് ദിവസമായി പള്ളിക്കുന്നിലെ വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു ദിവ്യ. അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നല്‍കണമെന്നുമായിരുന്നു ദിവ്യയുടെ വാദം.
കേസില്‍ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയ ദിവ്യയെ ഒക്ടോബര്‍ 29-നാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിനെത്തുടര്‍ന്ന് പോലീസിന് മുമ്പാകെ കീഴടങ്ങുകയായിരുന്നു.
കഴിഞ്ഞ ദിവസം ദിവ്യയ്‌ക്കെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ദിവ്യയെ പാര്‍ട്ടി അംഗം മാത്രമായി തരംതാഴ്ത്താനാണ് തീരുമാനം. സിപിഎമ്മില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ അച്ചടക്ക നടപടിയാണ് ബ്രാഞ്ച് അംഗത്വത്തിലേക്കുള്ള തരംതാഴ്ത്തല്‍. ദിവ്യയെ തരംതാഴ്ത്താന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയെടുത്ത തീരുമാനം സംസ്ഥാന നേതൃത്വത്തിന്റെ അനുമതിക്കായി വിട്ടിരുന്നു. ഇത് പ്രകാരം ഇന്നലെ ഓണ്‍ലൈനായി ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗമാണ് നടപടിക്ക് അംഗീകാരം നല്‍കിയത്.