Connect with us

Articles

ജാമ്യമാണ് നിയമം; സുപ്രീം കോടതി ഉണർത്തുന്നതെന്തെല്ലാം?

ബോധപൂർവവും കരുതിക്കൂട്ടിയുള്ളതുമായ ജാമ്യംനിഷേധിക്കൽ ഏറ്റവും കടുത്ത മൗലികാവകാശ ലംഘനമാണെന്ന കാര്യത്തിൽ തർക്കമില്ല. നഗ്‌നമായ അവകാശ നിഷേധമാണിത്. ഈ അവകാശ നിഷേധത്തിനെതിരെയാണ് നമ്മുടെ രാജ്യത്തെ പരമോന്നത കോടതി കഴിഞ്ഞ ദിവസം ഐതിഹാസികമായ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. നീതിയും നിയമവും സംരക്ഷിച്ചു കാണാനാഗ്രഹിക്കുന്ന ജനങ്ങൾക്ക് ആവേശം പകരുന്ന ഒന്നാണ് ഈ വിധി

Published

|

Last Updated

സ്വാതന്ത്ര്യത്തിനും പരമപ്രധാനമായ അവകാശങ്ങൾക്കും വേണ്ടി മനുഷ്യർ എല്ലാ കാലത്തും എല്ലാ രാജ്യങ്ങളിലും പോരാടിയിട്ടുണ്ട്. അവകാശങ്ങൾ നിഷേധിക്കാനായി ഭരണകൂടങ്ങൾ വളരെ ശക്തമായി നിലകൊണ്ടതിന്റെ ചരിത്രവും നമ്മുടെ മുന്നിലുണ്ട്. അവകാശങ്ങൾ നേടിയെടുക്കാനുള്ള മനുഷ്യരുടെ പോരാട്ടം ഇപ്പോഴും ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളിലും തുടരുകയാണെന്ന യാഥാർഥ്യവും വിസ്മരിക്കാനാകില്ല.നീതിയും സ്വാതന്ത്ര്യവും കരഗതമാകാനുള്ള പോരാട്ടത്തിൽ പതിനായിരങ്ങളാണ് രക്തസാക്ഷിത്വം വരിച്ചിട്ടുള്ളത്.

കക്ഷികൾക്ക് നീതിന്യായ വ്യവസ്ഥയുടെ നിഷ്പക്ഷതയിൽ വിശ്വാസമില്ലെങ്കിൽ നീതിന്യായ പരിപാലനം നിരർഥകമായിത്തീരും. ആളുകളുടെ അധികാരപ്രയോഗങ്ങൾക്ക് കീഴിലല്ല, നിയമവാഴ്ചക്ക് കീഴിൽ സുരക്ഷിതമായി കഴിഞ്ഞുകൂടാൻ വേണ്ടിയാണ് മനുഷ്യൻ ദീർഘകാലമായി സമരം ചെയ്തുപോന്നത്. നിയമം എല്ലാവർക്കും ഒരേപോലെ ബാധകമാകുന്ന ഒരു വ്യവസ്ഥിതിയാണ്, നിയമത്തിന്റെ കീഴിൽ തുല്യമായി നീതി ലഭിക്കലാണ് മനുഷ്യരുടെ ചിരകാല അഭിലാഷം. അഥവാ നിയമത്തിന്റെ ഭരണം (Rule of Law) ആണ് ഏവരും ആഗ്രഹിക്കുന്നത്.
അധികാരത്തിലിരിക്കുന്ന സർക്കാറിന്റെ ഹിതാനുസാരം രാഷ്ട്രീയോദ്ദേശ്യങ്ങൾക്ക് വേണ്ടി നിയമങ്ങൾ ദുരുപയോഗപ്പെടുത്തുന്നതിനെതിരായി മാത്രമല്ല, നിഷ്പക്ഷമായ നീതിന്യായ പരിപാലനത്തെ ഭീഷണിപ്പെടുത്തുന്ന തരത്തിൽ തത്പരകക്ഷികൾ നീതിന്യായ വ്യവസ്ഥയുടെ ഘടകങ്ങളെ കൈക്കൂലിയും മറ്റ് തടസ്സങ്ങളും കൊണ്ട് ദുഷിപ്പിക്കുന്നതിനെതിരായും ഉള്ള കരുതൽ കൂടിയാണ് നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യം. ഒരുവന്റെ ജീവനും സ്വത്തിനുമുള്ള അവകാശം, സ്വതന്ത്രമായ പ്രസംഗത്തിനും അഭിപ്രായപ്രകടനത്തിനുമുള്ള അവകാശം, ഒന്നിച്ചുകൂടാനും ആരാധനക്കുമുള്ള അവകാശം തുടങ്ങി മൗലികാവകാശങ്ങളുടെ നിലനിൽപ്പ് തിരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചാകരുത്.

നമ്മുടെ ഭരണഘടനയിൽ ഏറ്റവും ശ്രദ്ധേയമാണ് 21ാം വകുപ്പ്. ഇത് സംബന്ധിച്ചാണ് ഏറ്റവും ദീർഘവും വിശദവുമായ ചർച്ചകൾ ഭരണഘടനാ നിർമാണസഭയിൽ നടന്നത്. “നിയമസ്ഥാപിത നടപടി മുഖേനയല്ലാതെ ഏതൊരാളുടെയും ജീവനോ വ്യക്തി സ്വാതന്ത്ര്യമോ അപഹരിച്ചുകൂടാത്തതാണെന്ന്’ ഇത് അനുശാസിക്കുന്നു. ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശം ഒരു കേവല അവകാശമായി 21ാം വകുപ്പ് അംഗീകരിക്കുന്നില്ലെന്ന് മാത്രമല്ല അവകാശത്തിന്റെ തന്നെ പരിധി പരിമിതപ്പെടുത്തുകയും ചെയ്യുന്നു. ആ വകുപ്പിലെ നിർവചനം അനുസരിച്ച്, നിയമത്താൽ സ്ഥാപിതമായ നടപടിക്രമം മുഖേന അവകാശം അപഹരിക്കപ്പെടുന്നതിന്റെ സൂചന കൂടി ഉൾക്കൊള്ളുന്നു.

ഏത് കേസിലും ജാമ്യം ലഭിക്കുകയെന്നുള്ളത് ഏറ്റവും പ്രധാനപ്പെട്ട അവകാശമാണ്. എന്നാൽ ജാമ്യം നിഷേധിക്കാൻ വ്യവസ്ഥ ചെയ്തുകൊണ്ടുള്ള യു എ പി എ പോലുള്ള കരിനിയമങ്ങൾ ദുരുപയോഗിക്കപ്പെടുന്നുണ്ട്. പൗരന്റെ നീതിനിഷേധത്തിനായി എക്സിക്യൂട്ടീവ് പടച്ചുണ്ടാക്കിയവയാണ് ഈ കരിനിയമങ്ങൾ. ബോധപൂർവവും കരുതിക്കൂട്ടിയുള്ളതുമായ ജാമ്യംനിഷേധിക്കൽ ഏറ്റവും കടുത്ത മൗലികാവകാശ ലംഘനമാണെന്ന കാര്യത്തിൽ തർക്കമില്ല. നഗ്‌നമായ അവകാശ നിഷേധമാണിത്. ഈ അവകാശ നിഷേധത്തിനെതിരെയാണ് നമ്മുടെ രാജ്യത്തെ പരമോന്നത കോടതി കഴിഞ്ഞ ദിവസം ഐതിഹാസികമായ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. നീതിയും നിയമവും സംരക്ഷിച്ചു കാണാനാഗ്രഹിക്കുന്ന ജനങ്ങൾക്ക് ആവേശം പകരുന്ന ഒന്നാണ് ഈ വിധി.

യു എ പി എ പോലുള്ള ഗുരുതരമായ കുറ്റംചുമത്തി അറസ്റ്റിലായവർക്കും ചട്ടംപരിശോധിച്ച് ആവശ്യമെങ്കിൽ കോടതികൾ ജാമ്യം അനുവദിക്കണമെന്നാണ് സുപ്രീം കോടതി വിധിച്ചിരിക്കുന്നത്. അർഹമായ കേസുകളിൽ പോലും ജാമ്യം നിഷേധിക്കുന്നത് മൗലികാവകാശ ലംഘനമാണെന്ന് ജസ്റ്റിസുമാരായ അഭയ് എസ് ഓഖ, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബഞ്ച് വിധിച്ചു. പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് വീടിന്റെ മുകൾനില വാടകക്ക് നൽകിയതിന് യു എ പി എ അടക്കം ചുമത്തപ്പെട്ട് അറസ്റ്റിലായ ബിഹാറിലെ പാറ്റ്ന സ്വദേശി ജലാലുദ്ദീൻ ഖാന് ജാമ്യം അനുവദിച്ചാണ് സുപ്രീം കോടതിയുടെ പരാമർശം. പ്രത്യേക എൻ ഐ എ കോടതിയും ഹൈക്കോടതിയും ജലാലുദ്ദീൻ ഖാന് ജാമ്യം നിഷേധിച്ചിരുന്നു. പ്രോസിക്യൂഷന്റെ ആരോപണങ്ങൾ ഗുരുതരമാകാമെങ്കിലും ചട്ടങ്ങൾ പരിശോധിച്ച് ജാമ്യം നൽകണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കോടതികളാണ്. ജാമ്യമാണ് ചട്ടം, ഒഴിവാക്കാനാകാത്ത സാഹചര്യത്തിൽ മാത്രം ജയിൽ എന്ന തത്ത്വം മുറുകെ പിടിച്ചാകണം കോടതികൾ പ്രവർത്തിക്കേണ്ടത്. കേസിന്റെ എല്ലാ വശങ്ങളും പരിശോധിച്ചശേഷം ജാമ്യത്തിന് അർഹതയുളളതാണെങ്കിൽ നൽകുക തന്നെ വേണം. ജാമ്യം അനുവദിക്കാതിരുന്നാൽ ഭരണഘടനയുടെ 21ാം വകുപ്പ് ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമായി മാറുമെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
2022ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിഹാർ സന്ദർശനം അട്ടിമറിക്കാനുളള ഗൂഢാലോചനക്കായി റിട്ട. പൊലീസ് കോൺസ്റ്റബിളായ ജലാലുദ്ദീൻ ഖാന്റെ വീടിന്റെ മുകൾ നിലയിൽ പോപുലർ ഫ്രണ്ട് അംഗങ്ങൾ യോഗം ചേർന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്. ദേശീയ അന്വേഷണ ഏജൻസിയാണ് കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ, തനിക്ക് സംഘടനയുമായി ബന്ധമില്ലെന്നും വീടിന്റെ മുകൾനില വാടകക്ക് നൽകുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നുമായിരുന്നു ജലാലുദ്ദീൻ ഖാന്റെ മൊഴി. ഇദ്ദേഹം കുറ്റകൃത്യത്തിൽ പങ്കെടുത്തതിനോ ഗൂഢാലോചനയിൽ പങ്കാളിയായതിനോ കുറ്റപത്രത്തിൽ തെളിവില്ലെന്ന് സുപ്രീം കോടതി വിലയിരുത്തി. അദ്ദേഹം ഏതെങ്കിലും ഭീകര സംഘടനയിൽ അംഗമാണെന്നതും തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം നൽകാൻ ഉത്തരവിട്ടത്.

ജാമ്യമാണ് നിയമമെന്നും തടങ്കൽ അനിവാര്യ സാഹചര്യത്തിൽ മാത്രമേ പാടുളള്ളൂ എന്നുമുളള സുപ്രീം കോടതിയുടെ വിധി രാജ്യത്ത് വലിയ ചലനം ഉണ്ടാക്കുന്ന ഒന്നാണ്. യു എ പി എ പോലുളള നിയമങ്ങൾക്കും ഈ തത്ത്വം ബാധകമാണെന്നും കോടതി എടുത്ത് പറഞ്ഞിരിക്കുകയാണ്. അർഹതയുളള കേസുകളിൽപോലും കീഴ് കോടതികൾ ജാമ്യം നിഷേധിക്കുന്നത് ഭരണഘടന പൗരന് ഉറപ്പുനൽകുന്ന വ്യക്തി സ്വാതന്ത്ര്യത്തിന്റെ നഗ്‌നമായ നിഷേധമാകുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ആരോപണങ്ങൾ ഗൗരവമുള്ളതാണെങ്കിൽ പോലും നിയമം നോക്കി കേസ് പരിഗണിക്കേണ്ടത് കോടതികളുടെ ഉത്തരവാദിത്വമാണെന്ന് പരമോന്നത കോടതി എടുത്തുപറഞ്ഞിട്ടുണ്ട്. ഡൽഹി മദ്യനയ കേസിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജാമ്യം അനുവദിക്കുന്ന സന്ദർഭത്തിലും ജാമ്യമാണ് നിയമമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.
ഭരണഘടനയും ക്രിമിനൽ കോഡുകളും പൗരന്റെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നുണ്ടെങ്കിലും നമ്മുടെ കോടതികൾ ഭരണഘടനയുടെയും ക്രിമിനൽ കോഡുകളുടെയും സ്പിരിറ്റ് അനുസരിച്ചല്ല വിധിപ്രസ്താവങ്ങൾ പലപ്പോഴും നടത്തുന്നത്. ജാമ്യം ലഭിക്കാൻ യോഗ്യതയുള്ള കേസുകളിൽ അത് നൽകുകയെന്നത് കോടതിയുടെ ഔദാര്യമല്ല, മറിച്ച് രാജ്യത്തെ നിയമം നടപ്പാക്കലാണ്. ഇതാണ് നിർഭാഗ്യവശാൽ ഇവിടെ പലപ്പോഴും നടക്കാതിരിക്കുന്നത്.

വിചാരണത്തടവുകാരായി ആയിരങ്ങൾ വിവിധ സംസ്ഥാനങ്ങളിൽ നീണ്ടകാലമായി തടവിലാണ്. ഇവരിൽ നല്ലൊരു ശതമാനത്തിനും അഭിഭാഷകരെ വെച്ച് ജാമ്യം തേടാനുള്ള സാമ്പത്തിക ശേഷി ഇല്ല. ഇതിൽ മഹാഭൂരിപക്ഷവും ന്യൂനപക്ഷ- പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട വളരെ പാവപ്പെട്ടവരാണെന്ന കാര്യവും പ്രസ്താവ്യമാണ്. വിചാരണത്തടവുകാരിൽ ചിലരെങ്കിലും ജയിലിൽ തന്നെ മരണമടഞ്ഞ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അഭിഭാഷകരെ വെച്ച് ജാമ്യം തേടുന്ന തടവുകാർക്ക് പോലും കോടതി ജാമ്യം അനുവദിക്കാത്ത സ്ഥിതിവിശേഷവും രാജ്യത്തുണ്ട്. പൗരാവകാശ ധ്വംസനമാണ് ജാമ്യം നിഷേധത്തിലൂടെ വിവിധ കോടതികൾ നടത്തുന്നത്. ഈ ദുഃസ്ഥിതിക്ക് എന്തായാലും മാറ്റംവന്നേ മതിയാകൂ.

ഭരണഘടനയെയും ക്രിമിനൽ നിയമങ്ങളെയും വിസ്മരിച്ചുകൊണ്ട് അനിശ്ചിതകാലം ഇവരെ തടവിലിടുന്നതിൽ എന്തു നീതിയാണുള്ളത്? രാഷ്ട്രം ഉയർത്തിപ്പിടിക്കേണ്ട നീതിയും ന്യായവും പഴങ്കഥയായി മാറിക്കൂടാ. ഭരണഘടനയുടെ ആർട്ടിക്കിൾ 21ൽ പറഞ്ഞിട്ടുള്ളതുപോലെ നിയമപരമായ നടപടി മുഖേനയല്ലാതെ ആരുടെയും ജീവനോ വ്യക്തിസ്വാതന്ത്ര്യമോ അപഹരിച്ചുകൂടാത്തതാണ്. വിചാരണത്തടവുകാരന്റെ ജാമ്യം ഏറ്റവും പ്രധാനപ്പെട്ട വ്യക്തി സ്വാതന്ത്ര്യവും മൗലികാവകാശവുമാണെന്ന കാര്യത്തിൽ തർക്കമില്ല. ഈ വസ്തുതയാണ് ഐതിഹാസികമായ വിധിന്യായത്തിൽകൂടി പരമോന്നത കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ജാമ്യമാണ് നിയമമെന്ന കോടതിയുടെ ഓർമപ്പെടുത്തൽ ഇന്ത്യൻ നീതിന്യായ രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കാൻ ഇടയാക്കുമെന്നാണ് നിയമജ്ഞർ കരുതുന്നത്.

Latest