cpim- muslim league
ചൂണ്ടയിട്ട് സി പി എം; പിടികൊടുക്കാതെ ലീഗ്
എവിടെയും തൊടാത്ത രീതിയിലുള്ള ലീഗിന്റെ പ്രതികരണം ശ്രദ്ധേയം
കോഴിക്കോട് | മുസ്‌ലിം ലീഗിന് നേരെ ചൂണ്ടയിട്ട് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നടത്തിയ പ്രസ്താവന രാഷ്ട്രീയ ചർച്ചക്ക് തിരികൊളുത്തി. വിഷയത്തിൽ ലീഗ് കരുതി പ്രതികരിക്കുക കൂടി ചെയ്തതോടെ വിവാദം ചൂടുപിടിക്കുന്ന തരത്തിലായിമാറി.
ഏക സിവിൽകോഡ് സംബന്ധിച്ച സ്വകാര്യ ബിൽ രാജ്യസഭയിൽ ചർച്ചയായപ്പോൾ കോൺഗ്രസ്സ് അംഗങ്ങൾ വേണ്ട രീതിയിൽ ഇടപെട്ടില്ലെന്ന മുസ്‌ലിം ലീഗ് എം പി അബ്ദുൽവഹാബിന്റെ പരാമർശവും കൂടി വന്നതോടെ വിവാദം പുതിയ തലത്തിലേക്ക് മാറി.
വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് സി പി എം സംസ്ഥാന സെക്രട്ടറി ലീഗിനെ വെള്ളപൂശിയതെന്ന് തിരിച്ചറിഞ്ഞിട്ടും എവിടെയും തൊടാത്ത രീതിയിലുള്ള പ്രതികരണം നടത്തിയ മുസ്്ലിം ലീഗിന്റെ നിലപാടാണ് ഏറെ ശ്രദ്ധേയമായത്. എം വി ഗോവിന്ദൻ പറഞ്ഞത് യാഥാർഥ്യമാണെന്നായിരുന്നു മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം. ചരിത്രം പഠിക്കുന്ന ആർക്കും മുസ്‌ലിം ലീഗ് വർഗീയ പാർട്ടിയല്ലെന്ന് മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.
ലീഗ് മതേതര പാർട്ടിയാണെന്ന നിലപാടെടുത്ത ഗോവിന്ദൻ ഇന്നലെ ഇത് സംബന്ധിച്ച് വ്യക്തത വരുത്തുകയും ലീഗിനെ വീണ്ടും പ്രശംസിച്ച് രംഗത്തെത്തുകയും ചെയ്തു. എൽ ഡി എഫിന്റെ വാതിൽ എപ്പോഴും തുറന്നിട്ടിരിക്കുകയാണെന്ന് പറയാനും അദ്ദേഹം മറന്നില്ല. ഗവർണർ, വിഴിഞ്ഞം വിഷയങ്ങളിൽ കോൺഗ്രസ്സിൽ നിന്നും വ്യത്യസ്തമായി ലീഗ് കൈക്കൊണ്ട നിലപാട് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം ഇന്നലെ പ്രശംസിച്ചത്. പല ഘട്ടങ്ങളിലും കോൺഗ്രസ്സിനെ തിരുത്താൻ ലീഗിന് കഴിഞ്ഞു. വർഗീയതക്കെതിരെയുള്ള പോരാട്ടത്തിൽ ലീഗിന് സി പി എമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടാതെ, പി വി അബ്ദുൽ വഹാബിന്റെ കോൺഗ്രസ്സിനെതിരെയുള്ള പരാമർശത്തെ പരമാവധി മുതലെടുക്കാനും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് അണികളിൽ വലിയ ചർച്ചക്ക് വഴിമരുന്നിടാനുമുള്ള ശ്രമങ്ങളും സി പി എം സംസ്ഥാന സെക്രട്ടറി നടത്തിയിട്ടുണ്ട്.
വഹാബ് പറഞ്ഞത് പൂർണമായും ശരിയാണെന്ന് ഗോവിന്ദൻ വ്യക്തമാക്കി. പാർലിമെന്റിൽ ഏക സിവിൽകോഡ് അടക്കമുള്ള വിഷയങ്ങളിൽ കോൺഗ്രസ്സിന്റെ ജാഗ്രതക്കുറവ് ചൂണ്ടിക്കാട്ടിയായിരുന്നു വഹാബിന്റെ പ്രസംഗം.
യു ഡി എഫിൽ നിന്ന് ലീഗിനെ പെട്ടെന്ന് അടർത്തിയെടുക്കാൻ സാധിക്കില്ലെന്ന് സി പി എമ്മിന് അറിയാം. എന്നാൽ പാർലിമെന്റ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ലീഗ് അണികളെ പരമാവധി ഇടത് പാളയത്തിലേക്ക് അടുപ്പിക്കലാണ് ലക്ഷ്യമെന്നാണ് വിലയിരുത്തൽ. ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസ്സിന്റെ കാര്യബോധമില്ലായ്മ ചൂണ്ടിക്കാട്ടുന്നതിനൊപ്പം ഇടതുപക്ഷ രാഷ്ട്രീയത്തിന് കൂടുതൽ പ്രസക്തിയുണ്ടെന്ന സന്ദേശം കൈമാറുക കൂടിയാണ് സി പി എം ലക്ഷ്യമെന്നത് വ്യക്തം. ലീഗിനെ ഉന്നംവെച്ചുള്ള ഗോവിന്ദന്റെ നിലപാടിനെ കടുത്ത ഭാഷയിൽ എതിർക്കാനാണ് കോൺഗ്രസ്സ് തീരുമാനം.