Connect with us

First Gear

സിഎന്‍ജി മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കാനൊരുങ്ങി ബജാജ്

വര്‍ധിച്ചുവരുന്ന ഇന്ധന വില കാരണം ആളുകള്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇത് പരിഹരിക്കാന്‍ പുതിയൊരു സമീപനമാണ് ബജാജ് സ്വീകരിക്കുന്നത്

Published

|

Last Updated

ന്യൂഡല്‍ഹി| രാജ്യത്തെ മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ മികച്ച എന്‍ട്രിലെവല്‍ കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളുകള്‍ അവതരിപ്പിച്ചിട്ടുള്ള ബജാജ് പുതിയ പദ്ധതിയുമായി എത്തിയിരിക്കുകയാണ്. സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ബൈക്ക് പുറത്തിറക്കാനാണ് ബജാജ് ഓട്ടോ ലിമിറ്റഡിന്റെ ലക്ഷ്യം. എന്‍ട്രി ലെവല്‍ സിഎന്‍ജി (കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ്) മോട്ടോര്‍സൈക്കിള്‍ അവതരിപ്പിക്കാന്‍ ബജാജ് ശ്രമിക്കുന്നുണ്ടെന്ന സൂചന നല്‍കിയത് ബജാജ് ഓട്ടോ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ രാജീവ് ബജാജ് ആണ്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.

വര്‍ധിച്ചുവരുന്ന ഇന്ധന വില കാരണം ആളുകള്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇത് പരിഹരിക്കാന്‍ പുതിയൊരു സമീപനമാണ് ബജാജ് സ്വീകരിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. പെട്രോള്‍ വിലയിലുണ്ടായ വര്‍ധനവ് കണക്കിലെടുത്ത് കൂടുതല്‍ ഇന്ധനക്ഷമതയുള്ള ഗതാഗത മാര്‍ഗങ്ങള്‍ കണ്ടെത്തുകയാണ് ബജാജ് എന്ന് രാജീവ് ബജാജ് പറഞ്ഞു. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും മൈലേജുള്ള പെട്രോള്‍ ബൈക്കുകളില്‍ മുന്‍നിരയില്‍ ബജാജിന്റെ എന്‍ട്രിലെവല്‍ മോഡലുകളുണ്ട്.

ബജാജ് ബൈക്കുകളുടെ നിരയില്‍ പ്രധാനമായും 125 സിസിയില്‍ കൂടുതല്‍ എഞ്ചിന്‍ കപ്പാസിറ്റിയുള്ള ബൈക്കുകളാണുള്ളത്. ഇവയുടെ വില്‍പ്പന മൊത്തം വില്‍പ്പനയുടെ 70 ശതമാനത്തിലധികമാണ്. എന്‍ട്രി ലെവല്‍ ബൈക്ക് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബജാജ് ഓട്ടോ 100 സിസി മുതല്‍ 125 സിസി വരെയുള്ള വിഭാഗത്തില്‍ ഏഴ് ബൈക്ക് മോഡലുകളാണ് വില്‍പ്പന നടത്തുന്നത്. ഈ ബൈക്കുകള്‍ക്ക് 67,000 രൂപയ്ക്കും 107,000 രൂപയ്ക്കും ഇടയിലാണ് വില വരുന്നത്.

സിഎന്‍ജി മോട്ടോര്‍സൈക്കിള്‍ കണ്‍സെപ്റ്റിനെക്കുറിച്ച് ആലോചിക്കുന്നതിന് പുറമേ ബജാജ് ഓട്ടോ ഈ വര്‍ഷം ആറ് നവീകരിച്ച മോഡലുകളും ഒരു പുതിയ പള്‍സര്‍ മോഡലും അവതരിപ്പിക്കുമെന്നും അറിയിച്ചു. കുറഞ്ഞ വിലയില്‍ ദീര്‍ഘദൂരം യാത്ര ചെയ്യാന്‍ സഹായിക്കുന്നവയായിരിക്കും ബജാജ് പുറത്തിറക്കാന്‍ പോകുന്ന സിഎന്‍ജി ബൈക്കുകള്‍. മികച്ച മൈലേജ് നല്‍കാനും ഇവയ്ക്ക് സാധിക്കും.