First Gear
പൂനെയില്‍ പുതിയ ഇലക്ട്രിക് വാഹന നിര്‍മ്മാണ പ്ലാന്റുമായി ബജാജ്
2022 ജൂണ്‍ മാസത്തോടെ ഇവിടെ നിന്ന് ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറങ്ങും
ന്യൂഡല്‍ഹി| പൂനെ അകുര്‍ദിയില്‍ പുതിയ ‘ഇലക്ട്രിക് വെഹിക്കിള്‍’ നിര്‍മ്മാണ പ്ലാന്റ് പ്രഖ്യാപിച്ച് ബജാജ് ഓട്ടോ. 2022 ജൂണ്‍ മാസത്തോടെ ഇവിടെ നിന്ന് ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറങ്ങുമെന്നും അത് ആഭ്യന്തര വിപണിയിലും കയറ്റുമതിയിലും ഉതകുമെന്നും കമ്പനി അറിയിച്ചു. പ്രതിവര്‍ഷം 5,00,000 ഇവികള്‍ നിര്‍മ്മിക്കാനുള്ള ശേഷി ഈ യൂണിറ്റിനുണ്ടെന്നും ബജാജ് ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. ഇതിനായി 300 കോടി രൂപയുടെ നിക്ഷേപമാണുള്ളത്. യഥാര്‍ത്ഥ ചേതക് സ്‌കൂട്ടര്‍ ഫാക്ടറിയുടെ അതേ സൈറ്റാണ് ഇത്. നിര്‍മ്മാണ പ്ലാന്റ് 800ല്‍ അധികം പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഭാവിയില്‍ പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍, മോട്ടോര്‍സൈക്കിളുകള്‍, വാണിജ്യ വാഹനങ്ങള്‍ എന്നിവ ബജാജ് അവതരിപ്പിക്കും. ഈ പുതിയ പ്ലാന്റില്‍ ഇവ നിര്‍മ്മിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത വര്‍ഷം, ബജാജ് ചേതക് അധിഷ്ഠിത ഹസഖ്‌വര്‍ണ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കും. അതിനുശേഷം, ഹസഖ്വര്‍ണ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ഇ-പൈലനും ലോഞ്ച് ചെയ്യാന്‍ പദ്ധതിയിട്ടിട്ടുണ്ട്. ബജാജ് ഓട്ടോയുടെ അകുര്‍ദി ആര്‍ ആന്‍ഡ് ഡി സെന്ററുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നത് കൂടുതല്‍ സഹകരണം ഉറപ്പാക്കുന്നു. സമ്പൂര്‍ണ ഇവി റേഞ്ച് സൊല്യൂഷന്‍ ഡിസൈന്‍, ഡെവലപ്‌മെന്റ്, മാനുഫാക്ചറിംഗ് എന്നിവയ്ക്കായുള്ള ഒരു ഹബ്ബായി പരസ്പരം ഇത് ബന്ധപ്പെട്ടിരിക്കുകയും ചെയ്യുന്നു.
അകുര്‍ദി ഇവി നിര്‍മ്മാണ പ്ലാന്റ് അര ദശലക്ഷം ചതുരശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്നതാണ്. ബജാജ് ഓട്ടോ നടത്തിയ നിക്ഷേപങ്ങള്‍ക്ക് പുറമേ, വെണ്ടര്‍മാര്‍ 250 കോടി രൂപ അധികമായി നിക്ഷേപിക്കും. എല്ലാ പ്രക്രിയകള്‍ക്കുമായി റോബോട്ടിക്, ഓട്ടോമേറ്റഡ് മാനുഫാക്ചറിംഗ് സംവിധാനങ്ങളിലൂടെ അകുര്‍ദി ഇവി യൂണിറ്റ് പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു.