Kerala
ബാലരാമപുരം കൊല; അമ്മ ശ്രീതുവിന് പങ്കില്ലെന്ന് പോലീസ്
കൊലക്കു പിന്നില്‍ അമ്മാവന്‍ മാത്രമെന്നും പ്രതി കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു
![](https://assets.sirajlive.com/2025/02/untitled-22-897x538.jpg)
തിരുവനന്തപുരം | ബാലരാമപുരത്ത് രണ്ടുവയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന സംഭവത്തില്‍ അമ്മ ശ്രീതുവിനു പങ്കില്ലെന്നു പോലീസ്. കൊലക്കു പിന്നില്‍ അമ്മാവന്‍ മാത്രമെന്നും പ്രതി കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു.
സഹോദരിയോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നില്‍. കൊലപാതകം നടന്ന കഴിഞ്ഞ മാസം 23ന് ശ്രീതുവിനെ ഹരി കുമാര്‍ മുറിയിലേക്ക് ക്ഷണിച്ചിരുന്നു. കുഞ്ഞ് കരഞ്ഞതുകൊണ്ട് റൂമിലെത്തിയ ശ്രീതു തിരിച്ച് കുഞ്ഞിന്റെ അടുത്തേക്ക് പോയി. ഈ സംഭവമാണ് കുഞ്ഞിനെ കൊല്ലാന്‍ കാരണമെന്നാണ് ഹരികുമാര്‍ പോലീസിനോട് പറഞ്ഞത്. പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് കൊലപാതമെന്നും ഹരികുമാര്‍ വ്യക്തമാക്കി. കൊലപാതകത്തില്‍ അമ്മ ശ്രീതുവിന് പങ്കില്ലെന്ന് വ്യക്തമായിട്ടുണ്ടെന്നും പോലീസ് പറയുന്നു.
കസ്റ്റഡി കാലാവധി തീര്‍ന്നതിനാല്‍ ഹരികുമാറിനെ ജയിലിലേക്ക് മാറ്റി. ഹരികുമാറിന് മാനസിക രോഗമില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് പോലീസ് കസ്റ്റഡിയിലെടുത്തതും കൊലപാതക കുറ്റം കണ്ടെത്തിയതും. കഴിഞ്ഞ മാസമാണ് രണ്ട് വയസുകാരിയായ ദേവേന്ദുവിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഉറങ്ങിക്കിടക്കുന്ന കുഞ്ഞിനെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെത്തിയത്.