Editorial
ബലൂച് വിഘടനവാദം; പരിഹാരമാണ് ആവശ്യം
കേവലം സൈനിക ശക്തി കൊണ്ട് നേരിടാവുന്നതല്ല തീവ്രവാദ പ്രസ്ഥാനങ്ങളെ. ബലൂചികളെ തീവ്രവാദത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ മനസ്സിലാക്കി അതിന് പരിഹാരം കാണുകയാണ് ശരിയായ വഴി. ജനങ്ങളുടെ ക്ഷേമത്തിലും പ്രദേശത്തിന്റെ വികസനത്തിലും ഭരണകൂടം കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണം.

ആഭ്യന്തര സംഘര്‍ഷങ്ങള്‍, ഭരണപരമായ അസ്ഥിരത, സാമ്പത്തിക പ്രതിസന്ധി, അതിര്‍ത്തി തര്‍ക്കം തുടങ്ങി വിവിധ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്ന പാക് സര്‍ക്കാര്‍ നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ് ബലൂചിസ്ഥാന്‍ വിഘടനവാദം. പാകിസ്താന്റെ പ്രമുഖ പ്രവിശ്യകളിലൊന്നായ ബലൂചിസ്ഥാനെ പാകിസ്താനില്‍ നിന്ന് മോചിപ്പിച്ച് സ്വതന്ത്ര രാഷ്ട്രമാക്കണമെന്ന ആവശ്യവുമായി രംഗത്തു വന്നവരാണ് ബലൂച് വിഘടനവാദികള്‍. വിസ്തീര്‍ണം കൊണ്ട് ഏറ്റവും വലുതും ജനസംഖ്യ കുറഞ്ഞതുമായ പാക് പ്രവിശ്യയാണ് രാജ്യത്തിന്റെ തെക്കുവടക്കന്‍ മേഖലയില്‍ സ്ഥിതി ചെയ്യുന്ന ബലൂചിസ്ഥാന്‍. വംശീയമായും ചരിത്രപരമായും വ്യതിരിക്തത പുലര്‍ത്തുന്നവരാണ് ഈജിപ്തിനോളം വലിപ്പമുള്ള, 3,75,000 ചതുരശ്ര മൈല്‍ വിസ്തീര്‍ണം വരുന്ന ബലൂച് പ്രവിശ്യയിലെ ജനത. ലോകത്തെ ഏറ്റവും വലിയ ആഴക്കടല്‍ തുറമുഖങ്ങളിലൊന്നും ആഗോള തലത്തില്‍ തന്ത്രപ്രധാന വ്യാപാര പാതകളിലൊന്നുമായ ഗ്വാദര്‍ തുറമുഖം ബലൂച് പ്രവിശ്യയിലാണ്. അറേബ്യന്‍ സമുദ്രവുമായി ചൈനയെ ബന്ധിപ്പിക്കുന്ന പാകിസ്താനിലൂടെയുള്ള സാമ്പത്തിക ഇടനാഴിയും ബലൂച് പ്രദേശത്താണ്.
എണ്ണ-വാതക നിക്ഷേപങ്ങളാല്‍ സമൃദ്ധമായ ഈ മേഖലയിലെ ധാതു നിക്ഷേപങ്ങള്‍ പാക് സര്‍ക്കാര്‍ അന്യായമായി ചൂഷണം ചെയ്യുന്നു. അതേസമയം, വികസനപരമായി ബലൂചിസ്ഥാന്‍ അവഗണിക്കപ്പെടുകയുമാണെന്നാണ് വിഘടനവാദികളുടെ പരാതി. 2018-19ലെ റിപോര്‍ട്ടനുസരിച്ച് പാകിസ്താന്റെ ജി ഡി പിയുടെ 4.5 ശതമാനവും ദേശീയ റോഡ് ശൃംഗലയുടെ 14 ശതമാനവും ദേശീയ വൈദ്യുതി ഉപയോഗത്തിന്റെ നാല് ശതമാനവുമാണ് ബലൂച് പ്രവിശ്യക്ക് ലഭ്യമാകുന്നത്. സൈന്യത്തിലും മറ്റു ഭരണ മേഖലകളിലും പഞ്ചാബികള്‍ക്കാണ് ആധിപത്യം. സര്‍വ മേഖലകളിലും ബലൂചികള്‍ തഴയപ്പെടുന്നു.
പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു നേരത്തേ ബലൂചിസ്ഥാന്‍. പിന്നീട് ഈ പ്രദേശത്തിന്റെ കുറെ ഭാഗം പടിഞ്ഞാറ് അതിര്‍ത്തി പങ്കിടുന്ന ഇറാന്റെയും കുറെ ഭാഗം അഫ്ഗാന്റെയും കൈവശത്തിലായി. ഇന്ത്യ സ്വാതന്ത്ര്യം നേടിയ കാലത്ത് സ്വതന്ത്രമായിരുന്നു അവശേഷിച്ച ഭാഗം. ബ്രിട്ടന്‍ അഫ്ഗാന്‍ കീഴടക്കിയ കാലത്ത് അവരും ഇറാനും തമ്മിലുള്ള ധാരണകളുടെ അടിസ്ഥാനത്തിലാണ് ബലൂചിസ്ഥാന്റെ ഇപ്പോഴത്തെ അതിര്‍ത്തികള്‍ നിര്‍ണയിച്ചത്. ഈ ഭാഗം പിന്നീട് പാകിസ്താന്‍ കൈവശപ്പെടുത്തി. 1048ല്‍ പാകിസ്താന്‍ ബലമായാണ് ബലൂച് പിടിച്ചടക്കിയതെന്നും മുന്‍ ബലൂച് രാജാവായ ഖലാത്ത് ഖാനെ ബലമായി ഒപ്പിടുവിപ്പിക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു.
ഭരണതലത്തില്‍ ബലൂചികള്‍ നേരിടുന്ന അസംതൃപ്തിയും വിവേചനവുമാണ് വിഘടനാദം ഉടലെടുക്കാനും ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി പോലുള്ള തീവ്രവാദ സംഘടനകളുടെ പിറവിക്കും കാരണം. 2000ത്തിന്റെ തുടക്കത്തിലാണ് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി (ബി എല്‍ എ)യുടെ പിറവി. ബലൂചിസ്ഥാനെ മോചിപ്പിക്കുകയെന്ന ലക്ഷ്യത്തില്‍ ഇവര്‍ പാക് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കുമെതിരെ നിരവധി ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. മേഖലയില്‍ തീവ്രവാദി ആക്രമണങ്ങളും രക്തച്ചൊരിച്ചിലും ഇല്ലാത്ത ദിവസങ്ങള്‍ കുറവാണ്. ഒരാഴ്ച മുമ്പ് പ്രസിദ്ധീകൃതമായ, തീവ്രവാദം ശക്തമായ രാജ്യങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് പാകിസ്താന്‍.
പാക് ട്രെയിന്‍ പിടിച്ചെടുത്ത് സുരക്ഷാ ഉദ്യോഗസ്ഥരെ വധിക്കുകയും യാത്രക്കാരെ ബന്ധികളാക്കുകയും ചെയ്ത സംഭവമാണ് ഈ ഗണത്തില്‍ ഏറ്റവും പുതിയത്. ബലൂച് പ്രവിശ്യയില്‍ നിന്ന് 450 യാത്രക്കരെയുമായി പെഷവാറിലേക്ക് പോകുകയായിരുന്ന ജാഫര്‍ എക്‌സ്പ്രസ്സ് ട്രെയിനാണ് ചൊവ്വാഴ്ച അവര്‍ പിടിച്ചെടുത്തത്. തോക്കുധാരികളായ ബി എല്‍ എ പ്രവര്‍ത്തകര്‍ ട്രെയിനിന്റെ നിയന്ത്രണം കൈക്കലാക്കിയത് ബോലന്‍ എന്ന പ്രദേശത്ത് വെച്ചാണ്. ട്രെയിന്‍ ബലമായി നിര്‍ത്തിച്ച് വിഘടനവാദികള്‍ ഉള്ളിലേക്ക് ഇരച്ചു കയറുകയും യാത്രക്കാരെ തോക്കിന്‍ മുനയില്‍ ഭീഷണിപ്പെടുത്തി നിര്‍ത്തുകയുമായിരുന്നു. പാറക്കൂട്ടങ്ങള്‍ നിറഞ്ഞ പ്രദേശമായതിനാല്‍ സുരക്ഷാ സേന എത്തിപ്പെടാന്‍ താമസം നേരിട്ടു.
യാത്രക്കാരില്‍ ഇരുനൂറില്‍ പരം പേരെയാണ് തീവ്രവാദികള്‍ ബന്ദികളാക്കിയത്. ഇവരില്‍ 104 പേരെ പാക് സൈന്യം മോചിപ്പിച്ചതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട ഏറ്റുമുട്ടലില്‍ 13 ബി എല്‍ എ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി സൈന്യവും 30 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി ബി എല്‍ എ വൃത്തങ്ങളും പറയുന്നു. ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയുടെ ഈ ആക്രമണത്തെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം വഴി അമേരിക്കക്ക് നേരത്തേ വിവരം ലഭിച്ചതായി റിപോര്‍ട്ടുണ്ട്. ‘ഇപ്പോള്‍ പാകിസ്താനിലേക്ക് യാത്ര ചെയ്യരുത്. അവിടെ വിഘടനവാദികള്‍ ആക്രമണം ആസൂത്രണം ചെയ്യുന്നുണ്ടെ’ന്ന് യു എസ് ഭരണകൂടം തങ്ങളുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
പാകിസ്താനകത്ത് മാത്രം ഒതുങ്ങി നില്‍ക്കില്ല, ബലൂച് തീവ്രവാദം. ഇന്ത്യ ഉള്‍പ്പെടെ അയല്‍ പ്രദേശങ്ങളിലും ഇത് പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ഇന്ത്യ രഹസ്യമായി ബലൂച് വിഘടനവാദത്തെ പിന്തുണക്കുകയും തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് സൈനിക, സാമ്പത്തിക സഹായങ്ങള്‍ നല്‍കുകയും ചെയ്യുന്നതായി പാകിസ്താന്‍ ആരോപിക്കുന്നു. കശ്മീര്‍ തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് പാകിസ്താന്‍ നല്‍കുന്ന പിന്തുണയെ ന്യായീകരിക്കാന്‍ ഇതവര്‍ക്ക് അവസരമേകും.
കേവലം സൈനിക ശക്തി കൊണ്ട് നേരിടാവുന്നതല്ല തീവ്രവാദ പ്രസ്ഥാനങ്ങളെ. ബലൂചികളെ തീവ്രവാദത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ മനസ്സിലാക്കി അതിന് പരിഹാരം കാണുകയാണ് ശരിയായ വഴി. ജനങ്ങളുടെ ക്ഷേമത്തിലും പ്രദേശത്തിന്റെ വികസനത്തിലും ഭരണകൂടം കൂടുതല്‍ ശ്രദ്ധപതിപ്പിക്കണം. അവരുടെ പരാതികള്‍ ചെവിക്കൊള്ളുകയും പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും വേണം. സാമൂഹിക അസമത്വങ്ങള്‍ ഉയര്‍ത്തുന്ന അസന്തുഷ്ടിയും നീരസവും തോക്കിന്‍ മുനയില്‍ കെട്ടടങ്ങുമെന്ന ധാരണ മിഥ്യയാണ്.