e scooter
സീറ്റുള്ള ഇ- സ്കൂട്ടറുകൾക്ക് നിരോധനം
ഇ സ്കൂട്ടറുകൾക്ക് മുന്നിൽ ബോക്സുകൾ അനുവദിക്കില്ലെന്നും ഐ ടി സി യുടെ പുതിയ മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു.
അബുദബി | ഇരിപ്പിടത്തോട് കൂടിയ ഇ- സ്കൂട്ടറുകൾക്ക് നിരോധനം ഏർപ്പെടുത്തി അബുദബി. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അബുദബി സംയോജിത ഗതാഗത കേന്ദ്രത്തിന്റെ (ഐ ടി സി) നടപടി. നിന്നുകൊണ്ട് ഓടിക്കുന്ന ഇരുചക്രവാഹനങ്ങൾ മാത്രമേ ഇനി അനുവദിക്കൂ. ഇലക്ട്രിക് സ്കൂട്ടറിന് സുരക്ഷിതമായ സീറ്റ് ഇല്ല, അതുകൊണ്ട് ഡ്രൈവിംഗ് സമയത്ത് ശരിയായി ബാലൻസ് ചെയ്യാൻ കഴിയില്ലെന്ന് ഐ ടി സി അധികൃതർ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
ഇ- സ്കൂട്ടറുകൾക്ക് മുന്നിൽ ബോക്സുകൾ അനുവദിക്കില്ലെന്നും ഐ ടി സി യുടെ പുതിയ മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു. മണിക്കൂറിൽ 30 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുന്ന ഇരുചക്ര വാഹനങ്ങളുടെ പരിഷ്ക്കരണങ്ങളെ സംബന്ധിച്ചുള്ള ചർച്ചയിലാണ് സുപ്രധാന തീരുമാനം. സീറ്റുകൾ ഘടിപ്പിച്ച ഇ- സ്കൂട്ടറുകൾക്ക് ശരിയായ രീതിയിൽ ബാലൻസ് ചെയ്യാൻ കഴിയില്ലെന്നും ഇത് അപകടങ്ങൾക്ക് കാരണമാകുമെന്നും ഐ ടി സി വ്യക്തമാക്കി. സൈക്കിൾ യാത്രക്കാർക്കും മൈക്രോമൊബിലിറ്റി ഉപകരണങ്ങളുടെ ഉപയോക്താക്കൾക്കും സൈക്കിളുകൾക്കായി ഉദ്ദേശിച്ചിട്ടുള്ള പാതകളും റോഡുകളും മാത്രമേ ഉപയോഗിക്കാൻ കഴിയൂ.
സൈക്കിൾ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന പ്രദേശത്ത് സൈക്കിൾ പാത ഒന്നുമില്ലെങ്കിൽ, മണിക്കൂറിൽ 20 കിലോമീറ്റർ വേഗതയുള്ള സൈഡ് റോഡുകൾ ഉപയോഗിക്കണം. സൈക്കിളുകൾക്കായി സമർപ്പിച്ചിരിക്കുന്ന പാതകൾ ഉപയോഗിച്ച് മാത്രമേ റൈഡർക്ക് സൈക്കിളോ സ്കൂട്ടറോ ഇലക്ട്രിക് ബൈക്കോ ഓടിക്കാൻ കഴിയൂ. എല്ലാ സമയത്തും സംരക്ഷണ ഹെൽമെറ്റുകൾ ധരിക്കണം, രാത്രിയിൽ പ്രതിഫലിക്കുന്ന വസ്ത്രങ്ങൾ ധരിക്കണം. സൈക്കിളിലും ഇ-സ്കൂട്ടറിലും ഒരു റൈഡർ മാത്രമേ യാത്ര ചെയ്യാവൂ, സൈക്കിൾ പാതയുടെ അഭാവത്തിൽ സൈഡ് റോഡുകൾ ഉപയോഗിക്കണമെന്നും അധികൃതർ പറഞ്ഞു.