Business
നാളെ മുതൽ ഈ സ്വർണാഭരണങ്ങൾ വിൽക്കുന്നതിന് നിരോധനം
ഏപ്രിൽ ഒന്ന് മുതൽ ആറക്ക എച്ച് യു ഐ ഡി ഇല്ലാത്ത സ്വർണാഭരണങ്ങൾ വിൽക്കുവാൻ പാടില്ല.
കോഴിക്കോട് | സ്വർണാഭരണങ്ങൾക്ക് ആറക്ക ഹാൾമാർക്ക് മുദ്ര ((HUID) നിർബന്ധമാക്കിയ നടപടി നാളെ മുതൽ പ്രാബല്യത്തിൽ. ഏപ്രിൽ ഒന്ന് മുതൽ എച്ച് യു ഐ ഡി ഇല്ലാത്ത സ്വർണാഭരണങ്ങൾ വിൽക്കുവാൻ പാടില്ല. കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവാണ് നാളെ മുതൽ നിലവിൽ വരുന്നത്. രണ്ട് ഗ്രാമിൽ കൂടുതൽ ഭാരമുള്ള എല്ലാ ആഭരണങ്ങൾക്കും ആറക്ക ഹാൾമാർക്കിഗ് നിർബന്ധമാക്കുന്നതാണ് ഉത്തരവ്. നിലവിലെ നാലക്ക ഹാൾമാർക്ക് മുദ്രയുള്ള ആഭരണങ്ങൾ ജ്വല്ലറികളിൽ ഇനി വിൽപ്പന നടത്താൻ സാധിക്കില്ല.
ഹാൾമാർക്ക് യുണീക്ക് ഐഡന്റിഫിക്കേഷൻ (HUID) എന്നത് ഹാൾമാർക്കിംഗ് സമയത്ത് എല്ലാ ആഭരണങ്ങൾക്കും പുരാവസ്തുക്കൾക്കും നൽകിയിട്ടുള്ള സവിശേഷമായ ആറ് അക്ക ആൽഫാന്യൂമെറിക് കോഡാണ്. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (ബിഐഎസ്) അംഗീകരിച്ച ഒരു സ്ഥാപനം അതിന്റെ സൂക്ഷ്മതയും പരിശുദ്ധിയും ഉറപ്പ് വരുത്തുന്നതിനായി പതിച്ച സ്വർണ്ണാഭരണങ്ങളിലെ അടയാളമാണ് ഹാൾമാർക്ക്. അതിനാൽ നിങ്ങൾ ഏതെങ്കിലും സ്വർണ്ണാഭരണങ്ങൾ വാങ്ങുമ്പോഴെല്ലാം, വഞ്ചിക്കപ്പെടാതിരിക്കാൻ ഹാൾമാർക്ക് പരിശോധിക്കുന്നത് ഉറപ്പാക്കണമെന്ന് ഉപഭോക്തൃ കാര്യ വകുപ്പിന്റെ വെബ്സൈറ്റിൽ വ്യക്തമാക്കുന്നു.
എച്ച് യു ഐ ഡി നമ്പർ എന്നത് അക്ഷരങ്ങളും അക്കങ്ങളും ചേർന്ന ആറ് അക്ക ആൽഫാന്യൂമെറിക് കോഡാണ്. എല്ലാ ആഭരണങ്ങൾക്കും ഹാൾമാർക്കിംഗ് സമയത്ത് ഒരു എച്ച് യു ഐ ഡി നമ്പർ നൽകും, ഓരോന്നും തനതായതായിരിക്കും. വെബ്‌സൈറ്റിൽ പറയുന്നതനുസരിച്ച്, ഒരു അസൈയിംഗ് & ഹാൾമാർക്കിംഗ് സെന്ററിൽ ഈ അദ്വിതീയ നമ്പർ ഉപയോഗിച്ച് ആഭരണങ്ങൾ സ്റ്റാമ്പ് ചെയ്തുനൽകും. ബിഐഎസിന്റെ കണക്കനുസരിച്ച് ഇന്ത്യയിൽ ഏകദേശം 940 അസ്സയിംഗ് & ഹാൾമാർക്കിംഗ് സെന്ററുകളുണ്ട്.
2021 ജൂണിലാണ് കേന്ദ്ര സർക്കാർ ആറക്ക ഹാൾമാർക്കിംഗ് നിർബന്ധമാക്കിയത്. ഇത് സ്വർണാഭരണത്തിന്റെ വിശ്വാസ്യത ഉറപ്പാക്കുകയും സ്വർണ്ണത്തിന്റെ പരിശുദ്ധി സംബന്ധിച്ച പരാതികൾ പരിഹരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. എച്ച് യു ഐ ഡി നമ്പർ ഓരോ സ്വർണ്ണക്കഷണത്തിനും അദ്വിതീയമാണ്.
ഹാൾമാർക്ക്ഡ് സ്വർണ്ണം മൂന്ന് വിഭാഗങ്ങളിൽ പെടുന്നു. 22K916 എന്നാൽ അത് 22 കാരറ്റ് സ്വർണ്ണമാണെന്നും ആഭരണത്തിൽ 91.6 ശതമാനം സ്വർണ്ണമുണ്ടെന്നും അർത്ഥമാക്കുന്നു. 18K750 എന്നാൽ അത് 18 കാരറ്റ് സ്വർണ്ണമാണെന്നും ആഭരണത്തിൽ 75 ശതമാനം സ്വർണ്ണമുണ്ടെന്നും അർത്ഥമാക്കുന്നു. 14K585 എന്നാൽ അത് 14 കാരറ്റ് സ്വർണ്ണമാണെന്നും ആഭരണത്തിൽ 58.5 ശതമാനം സ്വർണ്ണമുണ്ടെന്നും അർത്ഥമാക്കുന്നു.
ആറ് അക്ക നമ്പർ നടപ്പിലാക്കുന്നതിന് മുമ്പ്, ഹാൾമാർക്കിംഗിൽ നാല് മാർക്കുകളാണ് ഉണ്ടായിരുന്നത്. ബിഐഎസ് ലോഗോ, സ്വർണത്തിന്റെ പരിശുദ്ധി, ജ്വല്ലറിയുടെയും അസസിങ്ങ് ആൻഡ് ഹാൾമാർക്കിംഗ് സെന്ററിന്റെയും ലോഗോ എന്നിവയാണ് അത്. ജൂലൈ 2021 മുതല്‍ 6 അക്കമുള്ള എച്ച് യു ഐ ഡി നടപ്പാക്കി. അതില്‍ മൂന്ന് ലോഗോയാണ് ഉള്ളത് – ബി ഐ എസ് ലോഗോ, സ്വര്‍ണത്തിന്റെ പരിശുദ്ധി കൂടാതെ 6 അക്ക എച്ച് യു ഐ ഡി.
ഇതു വരെ രണ്ടു തരത്തിലുള്ള ഹാള്‍മാര്‍ക്കിംഗുകള്‍ ഉള്ള ആഭരണങ്ങള്‍ വില്‍ക്കാന്‍ അനുവദിച്ചിരുന്നു. ഉപഭോക്താക്കള്‍ക്ക് ആശയ കുഴപ്പം ഉണ്ടാക്കുമെന്ന് കാരണത്താലാണ് 6 അക്കം ഉള്ള ഏകീകൃത ഹാള്‍മാര്‍ക്കിംഗ് നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. നാല് മാർക്കോടെയുള്ള സ്വർണാഭരണങ്ങളുടെ സ്റ്റോക്ക് ക്ലിയർ ചെയ്യാൻ ജ്വല്ലറികൾക്ക് ഒരു വർഷവും ഒമ്പത് മാസവും അനുവദിച്ചിരുന്നു.