Uae
ഒറ്റത്തവണ ബാഗുകള്‍ക്ക് നിരോധം ഇന്ന് മുതല്‍; നഗരസഭ മാര്‍ഗനിര്‍ദേശം പുറത്തിറക്കി
നിര്‍ദേശം പാലിക്കാത്തതിരുന്നാല്‍ 200 ദിര്‍ഹം പിഴ ചുമത്തും.
ദുബൈ | ഒറ്റത്തവണ ഉപയോഗിക്കുന്ന ബാഗുകള്‍ക്ക് ഇന്ന് മുതല്‍ നിരോധം. മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ണമായും നിയമം പ്രാബല്യത്തില്‍ വരും. ജൂണ്‍ ഒന്നിന് നിരോധം ഉണ്ടാകുമെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. ഏതാനും മാസങ്ങളായി ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് 25 ഫില്‍സ് ഈടാക്കി വരികയായിരുന്നു.ദുബൈയില്‍ റീട്ടെയില്‍ ഔട്്‌ലെറ്റുകളെല്ലാം നിയമം നടപ്പാക്കണം. സൗജന്യ ബദലുകള്‍ വാഗ്ദാനം ചെയ്യരുതെന്ന് വ്യാപാര സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ദുബൈ നഗരസഭ വ്യാപക ബോധവത്കരണമാണ് നടത്തുന്നത്. പുനരുപയോഗിക്കാവുന്ന സ്വന്തം കാരിയറുകള്‍ കൊണ്ടുവരാന്‍ ഉപഭോക്താക്കളോട് പറയണം. വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ബോധവത്കരണ മാര്‍ഗനിര്‍ദേശത്തില്‍, നിരോധിത ബാഗുകളില്‍ ബയോഡീഗ്രേഡബിള്‍ ബാഗുകളും ഉള്‍പ്പെടുന്നുവെന്ന് വ്യക്തമാക്കി.ബയോഡീഗ്രേഡബിള്‍ ബാഗുകള്‍ക്ക് സ്വന്തം സംസ്‌കരണ സ്റ്റേഷനുകള്‍ ആവശ്യമാണ്.
ഒഴിവാക്കിയ ബാഗുകള്‍
ബ്രെഡ് ബാഗ്, ഓണ്‍ലൈനില്‍ പാക്കേജ് ചെയ്ത ഉത്പന്നങ്ങള്‍ക്ക് ഉപയോഗിക്കുന്ന ബാഗ്, ട്രാഷ് ബിന്‍ ലൈനറുകള്‍, പച്ചക്കറികള്‍, മാംസം, മത്സ്യം, ചിക്കന്‍ എന്നിവ പൊതിയുന്നവ, അലക്ക് കേന്ദ്രങ്ങളിലെ ബാഗുകള്‍, ഇലക്ട്രോണിക് ഉപകരണ ബാഗുകള്‍, മാലിന്യ സഞ്ചികള്‍, ധാന്യ സഞ്ചികള്‍.
നിര്‍ദേശം പാലിക്കാത്തതിന് 200 ദിര്‍ഹം പിഴ ചുമത്തും. കുറ്റം ആവര്‍ത്തിച്ചാല്‍ ഇത് ഇരട്ടിയാക്കും, പിഴ 2,000 ദിര്‍ഹമായി നിജപ്പെടുത്തും. നിയമം ലംഘിക്കുന്ന സ്റ്റോറുകളെ ദുബൈ ഇക്കണോമി ആന്‍ഡ് ടൂറിസം വകുപ്പിനെ അറിയിക്കാന്‍ ഉപഭോക്താക്കളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. നഗരസഭാ മാര്‍ഗ നിര്‍ദേശം അറബിയിലും ഇംഗ്ലീഷിലും ഓണ്‍ലൈനില്‍ ലഭ്യമാണ്.വ്യക്തികള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വകാര്യ ബിസിനസുകള്‍, കോര്‍പ്പറേഷനുകള്‍, സ്ഥാപനങ്ങള്‍ എന്നിവയെ ലക്ഷ്യം വച്ചുള്ളതാണ് നീക്കം. ഹരിത ബദലുകള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനാണ് ഈ സമഗ്രമായ ഗൈഡ് പുറത്തിറക്കിയതെന്ന് ദുബൈ മുനിസിപ്പാലിറ്റി മാലിന്യ നിര്‍മാര്‍ജന പദ്ധതി വിഭാഗം മേധാവി മുഹമ്മദ് അല്‍റഈസ് പറഞ്ഞു.