Uae
സ്റ്റൈറോഫോം ഉത്പന്നങ്ങള്‍ക്ക് ജൂണ്‍ ഒന്ന് മുതല്‍ നിരോധനം
മാലിന്യം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് അബൂദബി പരിസ്ഥിതി ഏജന്‍സി നിരോധനം ഏര്‍പ്പെടുത്തിയത്.
അബൂദബി | ജൂണ്‍ ഒന്ന് മുതല്‍ അബൂദബിയില്‍ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന വിവിധ സ്റ്റൈറോഫോം ഉത്പന്നങ്ങള്‍ നിരോധിക്കും. മാലിന്യം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് അബൂദബി പരിസ്ഥിതി ഏജന്‍സി നിരോധനം ഏര്‍പ്പെടുത്തിയത്. നിരോധിത ഉത്പന്നങ്ങളില്‍ പോളിസ്റ്റൈറൈന്‍ ഉപയോഗിച്ച് നിര്‍മിച്ച കപ്പുകള്‍, മൂടികള്‍, പ്ലേറ്റുകള്‍, പാനീയ പാത്രങ്ങള്‍ (അടപ്പുകളും മൂടികളും) ഉള്‍പ്പെടുന്നു. ഫുഡ് കണ്ടെയ്‌നര്‍ പാത്രങ്ങള്‍, കണ്ടെയ്‌നറുകള്‍ തുടങ്ങിയവയും നിരോധിക്കും.
എന്നാല്‍, വലിയ സ്റ്റോറേജ് ബോക്സുകള്‍, കൂളറുകള്‍, മാംസം, പഴങ്ങള്‍, റെഡിമെയ്ഡ് പാലുത്പന്നങ്ങള്‍, ചില്ലറ വില്‍പ്പനക്കുള്ള മറ്റ് ഭക്ഷ്യവസ്തുക്കള്‍ എന്നിവയ്ക്കായി ഉപയോഗിക്കുന്ന ട്രേകള്‍ എന്നിങ്ങനെ ഒറ്റ ഉപയോഗത്തിനായി രൂപകല്‍പ്പന ചെയ്തിട്ടില്ലാത്ത ഉത്പന്നങ്ങള്‍ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്ത ഉത്പന്നങ്ങളും ഒഴിവാക്കിയവയില്‍ ഉള്‍പ്പെടും.
വികസിപ്പിച്ച പോളിസ്റ്റൈറൈന്‍ എന്നറിയപ്പെടുന്ന ഒരു തരം പ്ലാസ്റ്റിക്കാണ് സ്റ്റൈറോഫോം. നിരവധി വസ്തുക്കളാണ് ഇത് ഉപയോഗിച്ച് നിര്‍മിക്കാറുള്ളത്. പരിസ്ഥിതിയിലെ മാലിന്യം കുറയ്ക്കാന്‍ ഈ നടപടി സഹായിക്കുമെന്ന് ഇ എ ഡി സെക്രട്ടറി ജനറല്‍ ഡോ. ശൈഖ സാലം അല്‍ ദാഹിരി പറഞ്ഞു. ഒഴിവാക്കാവുന്നതും, വ്യക്തവും സുസ്ഥിരവുമായ ബദലുകളുള്ളതുമായ ഇനങ്ങള്‍ മാത്രമാണ് നിരോധനത്തില്‍ ഉള്‍പ്പെടുത്തിയത്. പുനരുപയോഗിക്കാവുന്ന പരിഹാരങ്ങളിലേക്കുള്ള മാറ്റം സുഗമമാക്കുന്നതിന് സര്‍ക്കാര്‍, സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നും ശൈഖ സാലം അല്‍ ദാഹിരി പറഞ്ഞു.
പ്ലാസ്റ്റിക് പോളിസി
അബൂദബി സിംഗിള്‍ യൂസ് പ്ലാസ്റ്റിക് പോളിസി നടപ്പാക്കിയതോടെ 2024 ഏപ്രില്‍ വരെ 310 ദശലക്ഷം ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം ഒഴിവാക്കാനായി. ചില്ലറ വ്യാപാരികളുടെ ക്യാഷ് കൗണ്ടറുകളില്‍ വിതരണം ചെയ്യുന്ന ബാഗുകളുടെ എണ്ണം 95 ശതമാനം കുറഞ്ഞു. ഭാരത്തില്‍ ഇത് 2000 ടണ്ണിലധികം വരും. 67 ദശലക്ഷം കുപ്പികള്‍ക്ക് തുല്യമായ 1,000 ടണ്ണിലധികം പ്ലാസ്റ്റിക് കുപ്പികള്‍ കഴിഞ്ഞ വര്‍ഷം ശേഖരിച്ചു.
നിയമം നടപ്പാക്കല്‍
പ്ലാസ്റ്റിക് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന 50,000-ത്തിലധികം വാണിജ്യ സ്ഥാപനങ്ങളുമായും 80 വ്യാവസായിക സൗകര്യങ്ങളുമായും സ്റ്റൈറോഫോം നിരോധനത്തെക്കുറിച്ചുള്ള സര്‍ക്കുലര്‍ പങ്കിട്ടിട്ടുണ്ടെന്ന് അബൂദബി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്‌മെന്റ് അണ്ടര്‍ സെക്രട്ടറി റശീദ് അബ്ദുല്‍ കരീം അല്‍ ബലൂശി പറഞ്ഞു. വാണിജ്യ, വ്യാവസായിക സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് ബോധവത്കരണ പരിപാടിയും ആരംഭിച്ചു. ജൂണ്‍ ഒന്ന് മുതല്‍ നിരോധനം നടപ്പാക്കുന്നത് ഉറപ്പാക്കാന്‍ വില്‍പ്പന കേന്ദ്രങ്ങളിലും വ്യവസായ സ്ഥാപനങ്ങളിലും ഫീല്‍ഡ് ഇന്‍സ്പെക്ഷന്‍ നടക്കും.