Kerala
നേന്ത്രക്കായക്ക് 85 കടന്നു; പഴവര്‍ഗങ്ങള്‍ക്ക് വില കുതിക്കുന്നു
റമസാന്‍ വിപണി ലക്ഷ്യം

കോഴിക്കോട് | പഴവര്‍ഗങ്ങളില്‍ സര്‍വകാല റെക്കോഡ് തൊട്ട് നേന്ത്രക്കായ. പൊതുവിപണിയില്‍ 85 മുതല്‍ 90 രൂപ വരെയാണ് ഇന്നത്തെ വില. നഗര ഗ്രാമ പ്രദേശങ്ങളിലൊക്കെ പഴവര്‍ഗങ്ങള്‍ക്ക് വില കയറ്റത്തിന്റെ സൂചനകള്‍ കണ്ടു തുടങ്ങിയിട്ടുണ്ട്. ലക്ഷ്യം അടുത്തമാസം തുടങ്ങാനിരിക്കുന്ന റമസാന്‍ വിപണി തന്നെ. മൊത്ത പൊതുവിപണിയില്‍ തന്നെ ഇന്നലെ 60 മുതല്‍ 70 രൂപ വരെ ആയിരുന്നുവത്രെ നേന്ത്രപ്പഴത്തിന്റെ വില. അതേപോലെ കദളിപ്പഴത്തിനും വില 70ല്‍ എത്തി നില്‍ക്കുന്നുണ്ട്. മൈസൂര്‍ പഴത്തിന് മാത്രം 60 രൂപയാണ് ഈടാക്കുന്നത്. നേന്ത്രക്കായക്ക് റെക്കോഡ് വില ആദ്യമായിട്ടാണെന്ന് പഴം-പച്ചക്കറി വ്യാപാരികള്‍ പറയുന്നുണ്ട്. 2023 ഇതേകാലയളവില്‍ നേന്ത്രക്കായക്ക് 70 വരെ എത്തിയിരുന്നു. 2024 ഓണവിപണിയില്‍ 60, 65 എന്നിങ്ങനെ പഴം ലഭിക്കുമായിരുന്നു.
തമിഴ്‌നാട്ടിലെ ഫില്‍ജാന്‍ ചുഴലി കാറ്റിനെ തുടര്‍ന്നുള്ള കൃഷിനാശത്തില്‍ നിന്ന് കര്‍ഷകര്‍ ഇതുവരെ മുക്തരായിട്ടില്ല. 2.11 ഹെക്ടര്‍ കൃഷി നാശമാണ് തമിഴ്‌നാട്ടില്‍ ഉണ്ടായത്. കൃഷിയേറെയും ബാധിച്ചത് വാഴ കര്‍ഷകരെ തന്നെയായിരുന്നു. ഇതുതന്നെയാണ് വില ഉയരാനുള്ള കാരണമാകുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. കേരളത്തിലേക്ക് പ്രധാനമായും നേന്ത്രക്കായ എത്തുന്നത് തമിഴ്‌നാട്ടിലെ തേനി, കൃഷ്ണഗിരി, നീലഗിരി, കോയമ്പത്തൂര്‍, ഈറോഡ്, പൊള്ളാച്ചി ജില്ലകളില്‍ നിന്നാണ്.
നേന്ത്രക്കായയുടെ വിലവര്‍ധനവോടെ ചിപ്‌സ് ഉള്‍പ്പെടെയുള്ള അനുബന്ധ ഉത്പന്നങ്ങള്‍ക്കും വില വര്‍ധിച്ചിട്ടുണ്ട്.