Connect with us

Ongoing News

രജതിന്റെ തോളില്‍ ബാംഗ്ലൂര്‍ ക്വാളിഫൈഡ്; ലക്‌നോക്കെതിരെ ജയം 14 റണ്‍സിന്

രജത് പാട്ടീദാറിന്റെ കിടിലന്‍ ബാറ്റിംഗാണ് ബാംഗ്ലൂരിനെ മികച്ച സ്‌കോറിലെത്തിച്ചത്. ഐ പി എല്‍ എലിമിനേറ്ററില്‍ സെഞ്ച്വറി തികക്കുന്ന ആദ്യ താരമെന്ന ബഹുമതിക്കും രജത് അര്‍ഹനായി.

Published

|

Last Updated

കൊല്‍ക്കത്ത | ഐ പി എല്‍ എലിമിനേറ്ററില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ഉയര്‍ത്തിയ വന്‍ സ്‌കോറിനെ ധീരതയോടെ പിന്തുടര്‍ന്നെങ്കിലും ഒടുവില്‍ ലക്‌നോ സൂപ്പര്‍ ജയന്റ്‌സിന് പരാജയം. 14 റണ്‍സിന്റെ ജയവുമായി ബാംഗ്ലൂര്‍ ക്വാളിഫയര്‍ ടിക്കറ്റ് നേടി. നായകന്‍ ഫാഫ് ഡുപ്ലെസിസ് ഗോള്‍ഡന്‍ ഡക്കില്‍ പുറത്തായെങ്കിലും ടീമിനെ തോളിലേറ്റിയ രജത് പാട്ടീദാറിന്റെ കിടിലന്‍ ബാറ്റിംഗാണ് ബാംഗ്ലൂരിനെ മികച്ച സ്‌കോറിലെത്തിച്ചത്. ഐ പി എല്‍ എലിമിനേറ്ററില്‍ സെഞ്ച്വറി തികക്കുന്ന ആദ്യ താരമെന്ന ബഹുമതിക്കും രജത് അര്‍ഹനായി. വെറും 54 പന്തില്‍ 112 റണ്‍സാണ് രജത് വാരിക്കൂട്ടിയത്. വിരാട് കോലിയും ഗ്ലെന്‍ മാക്സ്വെല്ലും പരാജിതരായിടത്താണ് ഏഴ് സിക്സറും 12 ഫോറും പറത്തിയ പാട്ടീദാര്‍ പുറത്താകാതെ 112 റണ്‍സ് നേടിയത്.

നാല് വിക്കറ്റിന് 207 എന്ന വമ്പന്‍ ടോട്ടലാണ് ആര്‍ സി ബി അടിച്ചെടുത്തത്. 23 പന്തില്‍ 37 റണ്‍സുമായി ദിനേഷ് കാര്‍ത്തികും രജത്തിന് മികച്ച പിന്തുണ നല്‍കി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആര്‍ സി ബിക്ക് ആദ്യ ഓവറില്‍ത്തന്നെ പ്രഹരമേറ്റു. ഓവറിലെ അഞ്ചാം പന്തിലാണ് നായകന്‍ ഫാഫ് ഡുപ്ലെസിസ് ഗോള്‍ഡന്‍ ഡക്കായത്. മുഹ്സിന്‍ ഖാന്റെ പന്ത് ബാറ്റിലുരസി വിക്കറ്റ് കീപ്പര്‍ ക്വുന്റണ്‍ ഡി കോക്കിന്റെ കൈയിലെത്തുകയായിരുന്നു. ഇതോടെ പ്ലേ ഓഫില്‍ ഗോള്‍ഡന്‍ ഡക്കാകുന്ന നായകന്മാരിലെ ആറാമനായി ഡുപ്ലെസിസ് മാറി. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ വിരാട് കോലിക്കെതിരെയും സമാന പന്ത് മുഹ്സിന്‍ എറിഞ്ഞെങ്കിലും കോലിയുടെ ബാറ്റില്‍ പന്ത് ഉരസാതെ പോയി. ആദ്യ ഓവറിലെ തിരിച്ചടിക്കു ശേഷം വിരാട് കോലിയും രജത് പാട്ടീദാറും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 66 റണ്‍സ് പടുത്തുയര്‍ത്തി. സ്‌കോര്‍ 70ല്‍ നില്‍ക്കെ ആവേശ് ഖാന്റെ പന്തില്‍ മുഹ്സിന്‍ ഖാന് ക്യാച്ച് നല്‍കി കോലി പുറത്തായി. പത്ത് പന്തില്‍ ഒമ്പത് റണ്‍സുമായി ഗ്ലെന്‍ മാക്സ്വെലും മടങ്ങി. ലക്‌നോവിനായി നായകന്‍ കെ എല്‍ രാഹുല്‍ 58 പന്തില്‍ 79 റണ്‍സുമായി പൊരുതി. ബാംഗ്ലൂരിനായി ജോഷ് ഹാസല്‍വുഡ് മൂന്ന് വിക്കറ്റ് വീഴ്ത്തി.