Connect with us

Ongoing News

മിന്നും ജയവുമായി ബാംഗ്ലൂര്‍; പഞ്ചാബിനെ വീഴ്ത്തിയത് 60 റണ്‍സിന്

ആദ്യം ബാറ്റ് ചെയ്ത ആര്‍ സി ബി ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സെടുത്തു. പഞ്ചാബ് 181 റണ്‍സിന് എല്ലാവരും പുറത്തായി.

Published

|

Last Updated

ധരംശാല | ഐ പി എലില്‍ വമ്പന്‍ ജയവുമായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. പഞ്ചാബ് സൂപ്പര്‍ കിങ്‌സിനെതിരെ 60 റണ്‍സിന്റെ ജയമാണ് ബാംഗ്ലൂര്‍ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ആര്‍ സി ബി ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സെടുത്തു. വന്‍ സ്‌കോറിലേക്ക് ബാറ്റേന്തിയ പഞ്ചാബ് 181 റണ്‍സിന് എല്ലാവരും പുറത്തായി. മൂന്ന് ഓവര്‍ അവശേഷിക്കേയായിരുന്നു പഞ്ചാബിന്റെ അടിയറവ്.

പഞ്ചാബിനായി 27 പന്തില്‍ 61 റണ്‍സ് അടിച്ചെടുത്ത റിലീ റൊസോ, ശശാങ്ക് സിങ് (19ല്‍ 37), ജോണി ബെയര്‍സ്‌റ്റോ (16ല്‍ 27), നായകന്‍ സാം കറന്‍ (16ല്‍ 22) എന്നിവരുടെ പോരാട്ടം വിഫലമായി. മറ്റ് ബാറ്റര്‍മാര്‍ക്കൊന്നും രണ്ടക്കം കാണാനായില്ല. ബാംഗ്ലൂരിനായി മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റെടുത്തു. സ്വപ്‌നില്‍ സിങ്, ലോക്കീ ഫെര്‍ഗുസന്‍, കരണ്‍ ശര്‍മ എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു.

വിരാട് കോലിയാണ് ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിന്റെ ടോപ് സ്‌കോറര്‍. 47 പന്തില്‍ 92 റണ്‍സാണ് കോലി അടിച്ചുകൂട്ടിയത്. 23ല്‍ 55ലെത്തിയ രജത് പടിദാറും 27ല്‍ 46 റണ്‍സെടുത്ത കമറോണ്‍ ഗ്രീനും ടീമിനായി മികച്ച ബാറ്റിംഗ് കാഴ്ചവച്ചു. ദിനേശ് കാര്‍ത്തിക് ഏഴ് പന്തില്‍ 18 റണ്‍സ് സ്‌കോര്‍ ചെയ്തു. പഞ്ചാബ് ബൗളിങ് നിരയില്‍ ഹര്‍ഷല്‍ പട്ടേല്‍ മൂന്നും വിധ്വത് കവേരപ്പ രണ്ടും വിക്കറ്റെടുത്തു. അര്‍ഷ്ദീപ് സിങ്, സാം കറന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.