Connect with us

Ongoing News

ബംഗ്ലാ കടുവകളെ എറിഞ്ഞു തകര്‍ത്തു; വന്‍ ലീഡ് സ്വന്തമാക്കി ഇന്ത്യ

ആദ്യ ഇന്നിങ്‌സില്‍ ബംഗ്ലാദേശ് 149 റണ്‍സിന് ഓള്‍ ഔട്ടായി. 227 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്.

Published

|

Last Updated

ചെന്നൈ | ബംഗ്ലാദേശിനെതിരെ ചെന്നൈയില്‍ നടക്കുന്ന ക്രിക്കറ്റ് ടെസ്റ്റില്‍ ആധിപത്യവുമായി ഇന്ത്യ. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 376 റണ്‍സിന് മറുപടി നല്‍കാനായി ഇറങ്ങിയ ബംഗ്ലാദേശ് 149 റണ്‍സിന് ഓള്‍ ഔട്ടായി. 227 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്. ശക്തമായ നിലയിലും ബംഗ്ലാദേശിനെ ഫോളോ ഓണ്‍ ചെയ്യിക്കാതെ ഇന്ത്യ രണ്ടാം ഇന്നിങ്‌സ് ബാറ്റിംഗിനിറങ്ങി. 32റണ്‍സെടുത്ത ഷാക്കിബ് അല്‍ ഹസനാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. പേസ് മാന്ത്രികന്‍ ജസ്പ്രിത് ബുംറയുടെ മാരക ബൗളിങാണ് ബംഗ്ലാ കടുവകള്‍ നിലംപരിശാകുന്നതില്‍ പ്രധാന പങ്കുവഹിച്ചത്. രണ്ട് വീതം വിക്കറ്റെടുത്ത ആകാശ് ദീപും രവീന്ദ്ര ജഡേജയും മുഹമ്മദ് സിറാജും ബംഗ്ലാദേശിന്റെ തകര്‍ച്ചക്ക് ആക്കം കൂട്ടി. പുറത്താകാതെ 27 റണ്‍സെടുത്ത മെഹ്ദി ഹസന്‍ മിറാസും 22 റണ്‍സെടുത്ത ലിറ്റണ്‍ ദാസും മാത്രമാണ് ബംഗ്ലാദേശ് ബാറ്റിങ് നിരയില്‍ താരതമ്യേന മികച്ചു നിന്നത്
. രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് തുടങ്ങിയ ഇന്ത്യക്ക് തുടക്കത്തിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വിക്കറ്റ് നഷ്ടമായി. അഞ്ച് റണ്‍സെടുത്ത രോഹിത്തിനെ ടസ്‌കിന്‍ അഹമ്മദാണ് മടക്കിയത്.

ബംഗ്ലാദേശിന് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ഷദ്മാന്‍ ഇസ്‌ലാമിനെ നഷ്ടപ്പെട്ടു. രണ്ട് റണ്‍സ് മാത്രമെടുത്തു നില്‍ക്കുകയായിരുന്ന ഷദ്മാനെ ബുംറ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. ആകാശ് ദീപിന്റെ ഊഴമായിരുന്നു പിന്നീട്. സാകിര്‍ ഹസനെയും മൊനിമുല്‍ ഹഖിനെയും തുടര്‍ച്ചയായ പന്തുകളില്‍ ആകാശ് ദീപ് മടക്കി. 26 റണ്‍സെടുക്കുമ്പോഴേക്കും മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട പരിതാപകരമായ അവസ്ഥയിലായിരുന്നു ബംഗ്ലാദേശ്. ലഞ്ചിനു ശേഷം പൊരുതിയ നജ്മുല്‍ ഹൊസൈന്‍ ഷാന്റോയെ മുഹമ്മദ് സിറാജ് തിരിച്ചയച്ചു.

തുടര്‍ന്ന് എട്ട് റണ്‍സെടുത്ത മുഷ്ഫീഖുറിനെ ബുംറ രാഹുലിന്റെ കൈകളിലെത്തിച്ചു. ലിറ്റണ്‍ ദാസും(22) ഷാക്കിബും (32) പിടിച്ചുനില്‍ക്കുമെന്ന് തോന്നിച്ചുവെങ്കിലും ഇരുവരെയും വീഴ്ത്തി ജഡേജ ബംഗ്ലാദേശിനെ 92/7 എന്ന തകര്‍ച്ചയിലേക്കു തള്ളിയിട്ടു.

ചായക്ക് മുമ്പ് ഹസന്‍ മഹ്മൂദിനെയും ടസ്‌കിന്‍ അഹമ്മദിനെയും ബുംറ മടക്കി. നാഹിദ് റാണയുടെ വിക്കറ്റ് സിറാജും സ്വന്തമാക്കിയതോടെ ബംഗ്ലാ ഇന്നിങ്‌സ് അവസാനിച്ചു.

ഇന്നലെ ആറ് വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് ഇന്ന് പെട്ടെന്ന് അവസാനിച്ചു. 37 റണ്‍സ് മാത്രമാണ് ഇന്ത്യക്ക് ഇന്ന് കൂട്ടിച്ചേര്‍ക്കാനായത്. ഇന്നലെ ശതകം നേടിയിരുന്ന രവിചന്ദ്രന്‍ അശ്വിന്‍ 113 റണ്‍സുമായി ഇന്ത്യയുടെ ടോപ് സ്‌കോറര്‍ ആയി. മൂന്ന് വിക്കറ്റ് സ്വന്തമാക്കിയ ടസ്‌കിന്‍ അഹമ്മദും അഞ്ച് വിക്കറ്റ് നേടിയ ഹസന്‍ മഹ്മൂദും ചേര്‍ന്നാണ് ഇന്ത്യയെ ഇന്ന് പെട്ടെന്ന് പുറത്താക്കിയത്.

 

---- facebook comment plugin here -----

Latest