International
ബംഗ്ലാദേശിൽ മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ ഇന്ന് അധികാരമേൽക്കും
യൂനസ് നയിക്കുന്ന ഉപദേശക സമിതിയിൽ 15 അംഗങ്ങളുണ്ടാകുമെന്ന് സൈനിക മേധാവി
ന്യൂഡൽഹി | നൊബേൽ ജേതാവ് മുഹമ്മദ് യൂനസിൻ്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. സൈനിക മേധാവി ജനറൽ വക്കർ-ഉസ് സമാൻ ആണ് ഇക്കാര്യം അറിയിച്ചത്. ഇടക്കാല സർക്കാർ രാത്രി 8 മണിക്ക് സത്യപ്രതിജ്ഞ ചെയ്യുമെന്ന് ജനറൽ വേക്കർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
യൂനസ് നയിക്കുന്ന ഉപദേശക സമിതിയിൽ 15 അംഗങ്ങളുണ്ടാകുമെന്ന് സൈനിക മേധാവി പറഞ്ഞു. മനോഹരമായ ഒരു ജനാധിപത്യ പ്രക്രിയയിലൂടെ നമ്മെ മുന്നോട്ടുനയിക്കാൻ അദ്ദേഹത്തിന് കഴിയുമെന്നും അതിന്റ പ്രയോജനം നമുക്ക് ലഭിക്കുമെന്നും തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇടക്കാല സർക്കാരിൻ്റെ തലവനായി 84കാരനായ യൂനസിനെ പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീനാണ് നിയമിച്ചത്.
ആഭ്യന്തര കലഹത്തെ തുടർന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചതോടെയാണ് ഇടക്കാല സർക്കാർ രൂപവത്കരണത്തിന് സാഹചര്യമൊരുങ്ങിയത്. ഷെയ്ഖ് ഹസീന ഇപ്പോൾ ഇന്ത്യയിലാണ്.