National
ശൈഖ് ഹസീനയെ വിട്ടുനൽകണം; ഇന്ത്യക്ക് കത്തയച്ച് ബംഗ്ലാദേശ്; പ്രതികരണമില്ലെന്ന് ഇന്ത്യ
വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് രാജ്യം വിട്ട 77 കാരിയായ ഹസീന ഓഗസ്റ്റ് 5 മുതൽ ഇന്ത്യയിൽ പ്രവാസജീവിതം നയിക്കുകയാണ്.

ധാക്ക | സ്ഥാനഭ്രഷ്ടയാക്കപ്പെട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ധാക്കയിലേക്ക് തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ഇടക്കാല സർക്കാർ ഇന്ത്യക്ക് കത്ത് നൽകി. കത്ത് ലഭിച്ചതായി സ്ഥിരീകരിച്ച ഔദ്യോഗിക കേന്ദ്രങ്ങൾ ഇക്കാര്യത്തിൽ അഭിപ്രായം പറയുന്നില്ലെന്ന് വ്യക്തമാക്കി. വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് രാജ്യം വിട്ട 77 കാരിയായ ഹസീന ഓഗസ്റ്റ് 5 മുതൽ ഇന്ത്യയിൽ പ്രവാസജീവിതം നയിക്കുകയാണ്.
ധാക്ക ആസ്ഥാനമായുള്ള ഇന്റർനാഷണൽ ക്രൈംസ് ട്രൈബ്യൂണൽ (ഐസിടി) ഹസീനയ്ക്കും മുൻ കാബിനറ്റ് മന്ത്രിമാർ, ഉപദേഷ്ടാക്കൾ, സൈനിക, സിവിൽ ഉദ്യോഗസ്ഥർ എന്നിവർക്കുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച പശ്ചാത്തലത്തിലാണ് ബംഗ്ലാദേശ് സർക്കാറിന്റെ നടപടി. നീതിന്യായ പ്രക്രിയയ്ക്കായി ഹസീനയെ തിരികെ കൊണ്ടുവരാൻ ബംഗ്ലാദേശ് ആഗ്രഹിക്കുന്നുവെന്ന് ഇന്ത്യക്ക് നൽകിയ നയതന്ത്ര കുറിപ്പിൽ വ്യക്തമാക്കിയതായി വിദേശകാര്യ മന്ത്രി തൗഹിദ് ഹുസൈൻ അറിയിച്ചു.
ഹസീനയെ ഇന്ത്യയിൽ നിന്ന് വിട്ടുകിട്ടാൻ സൗകര്യമൊരുക്കാൻ തന്റെ ഓഫീസ് വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചതായി ആഭ്യന്തര ഉപദേഷ്ടാവ് ജഹാംഗീർ ആലമും അറിയിച്ചു.