National
ബംഗ്ലദേശ് എംപി ഹണി ട്രാപ്പില്‍പ്പെട്ടു, ക്രൂര കൊലപാതകത്തിന് 5 കോടി രൂപ നല്‍കി; പോലീസ്
അന്‍വാറുള്‍ അസിം അനാറിന്റെ യുഎസ് പൗരനായ സുഹൃത്ത് അക്തറുസ്സമാന്‍ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് അഞ്ച് കോടി രൂപ നല്‍കിയതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
കൊല്‍ക്കത്ത | കൊല്‍ക്കത്തയില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട ബംഗ്ലാദേശ് എംപി അന്‍വാറുള്‍ അസിം അനാറിന്റെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അന്‍വാറുള്‍ അസിംമിനെ ഫ്‌ളാറ്റിലെത്തിച്ചത് ഹണി ട്രാപ്പിലൂടെയെന്നാണ് പുറത്തുവരുന്ന വിവരം.
അന്‍വാറുളിനെ ആര് കൊലപ്പെടുത്തി ? എന്തിന് വേണ്ടി ? എംപി എന്ത് ആവശ്യത്തിനായി മെയ് 14ന് അപ്പാര്‍ട്ട്‌മെന്റില്‍ പോയി ? തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുക എന്നതായിരുന്നു പോലീസിന് മുന്നിലെ പ്രധാന വെല്ലുവിളി. അങ്ങനെയിരിക്കെയാണ് ബംഗ്ലാദേശിലേക്ക് കുടിയേറി പാര്‍ത്ത ജിഹാദ് ഹവല്‍ദാര്‍ എന്നയാള്‍ പോലീസിന്റെ പിടിയിലാവുന്നത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ എംപിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പങ്കുണ്ടെന്ന് ഇയാള്‍ കുറ്റസമ്മതം നടത്തുകയായിരുന്നു.
എംപിയെ ഫ്‌ളാറ്റിലേക്ക് എത്തിക്കാന്‍ പ്രേരിപ്പിച്ചതെന്ത് എന്നതില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിലെ ഒരു സ്ത്രീയുടെ പങ്ക് പുറത്തുവരുന്നത്. തുടര്‍ന്ന് കൊലയാളിയിലേക്ക് എംപിയെ എത്തിച്ചുകൊടുത്തത് ഷീലാഷ്ടി റഹ്മാന്‍ എന്ന യുവതിയാണെന്ന് കണ്ടെത്തി.
സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ഒരു പുരുഷനും സ്ത്രീയ്ക്കുമൊപ്പം അന്‍വാറുള്‍ ഫ്‌ലാറ്റിലേക്ക് പ്രവേശിച്ചതെന്ന് ദൃശ്യമായതായി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഹണി ട്രാപ്പ് വഴി എംപിയെ റൂമിലെത്തിക്കുകയും തുടര്‍ന്ന് കൊലപ്പെടുത്തുകയുമായിരുന്നു. യുവതി ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. കൊലപാതകത്തില്‍ യുവതിയുടെ പങ്കിനെ കുറിച്ചുള്ള വിശദമായ അന്വേഷണം പോലീസ് നടത്തിവരികയാണ്.
അന്‍വാറുള്‍ അസിം അനാറിന്റെ യുഎസ് പൗരനായ സുഹൃത്ത് അക്തറുസ്സമാന്‍ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് അഞ്ച് കോടി രൂപ നല്‍കിയതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. എംപിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ഫ്‌ളാറ്റ് അക്തറുസ്സമാന്‍ പാട്ടത്തിന് വാങ്ങിയതണെന്നും കണ്ടെത്തിയിട്ടുണ്ട്. ഷിീലാഷ്ടി അക്തറുസ്സമാന്റെ സുഹൃത്താണെന്ന് ധാക്കാ പോലീസ് വൃത്തങ്ങളെ ഉദ്ദരിച്ചുകൊണ്ട് വാര്‍ത്താ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു.
അന്‍വാറുള്‍ ചികിത്സക്കായി മെയ് 12നാണ് കൊല്‍ക്കത്തയിലെത്തിയത്. എംപിയെ കാണാതാവുന്ന ദിവസം വരെ സുഹൃത്ത് ഗോപാല്‍ സ്വാമിക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്.തുടര്‍ന്ന് വൈദ്യപരിശോധനയ്ക്കായി പോയ എംപിയെ പിന്നീട് സുഹൃത്തിനോ ബംഗ്ലാദേശിലുള്ള കുടുംബത്തിനോ ബന്ധപ്പെടാന്‍ കഴിയാതെയാവുകയായിരുന്നു.തുടര്‍ന്ന് സുഹൃത്ത് പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തിലാണ് എംപിയെ അവസാനമായി കണ്ടത് ന്യൂടൗണിലെ അപ്പാര്‍ട്ട്‌മെന്റിലാണെന്ന് വ്യക്തമായത്.ഇവിടെ വച്ചാണ് പ്രതികള്‍ എംപിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒന്നിലധികം കഷണങ്ങളാക്കി മുറിച്ച് ശരീരഭാഗങ്ങള്‍ പ്ലാസ്റ്റിക്ക് കവറുകളിലാക്കി വിവിധ പ്രദേശങ്ങളില്‍ വലിച്ചെറിഞ്ഞത്.
എംപിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം തിരച്ചറിയാതിരിക്കാന്‍ ചെറിയ ചെറിയ കഷണങ്ങളാക്കി കൊല്‍ക്കത്തയുടെ വിവിധ ഭാഗങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നെന്ന് ജിഹാദ് ഹവല്‍ദാര്‍ പോലീസിനോട് വ്യക്തമാക്കിയിരുന്നു. ശരീരത്തിന്റെ ചില ഭാഗങ്ങള്‍ ഫ്‌ളാറ്റിലെ റെഫ്രിജറേറ്ററില്‍ സൂക്ഷിച്ചിരിക്കുന്നതായി പോലീസ് സംശയിക്കുന്നുണ്ട്.ഇത് നശിപ്പിക്കുന്നതിനു മുമ്പ് പിടികൂടാനാണ് പോലീസിന്റെ ലക്ഷ്യം.