Connect with us

International

പ്രതിപക്ഷ പാർട്ടി നേതാവ് ഖാലിദ സിയയെ മോചിപ്പിക്കാൻ ഉത്തരവിട്ട് ബംഗ്ലാദേശ് പ്രസിഡന്റ്

കരസേനാ മേധാവി ജനറൽ വക്കർ-ഉസ്-സമാൻ, നാവിക, വ്യോമസേനാ മേധാവികൾ, ബിഎൻപി, ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ പ്രതിപക്ഷ പാർട്ടികളുടെ ഉന്നത നേതാക്കൾ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

Published

|

Last Updated

ധാക്ക | രാഷ്ട്രീയ അരക്ഷിതാവസ്ഥയെ തുടർന്ന് ഷെയ്ക്ക് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് രാജ്യം വിട്ടതിന് പിന്നാലെ ബംഗ്ലാദേശ് പ്രതിപക്ഷ പാർട്ടി നേതാവും മുൻ പ്രധാനമന്ത്രിയുമായ ബീഗം ഖാലിദ സിയയെ ജയിൽ മോചിതയാക്കാൻ ഉത്തരവിട്ട് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) ചെയർപേഴ്‌സൺ ബീഗം ഖാലിദ സിയയെ ഉടൻ മോചിപ്പിക്കാൻ ഏകകണ്ഠമായി തീരുമാനിച്ചതായി പ്രസിഡൻ്റിൻ്റെ വാർത്താവിഭാഗം പ്രസ്താവനയിൽ അറിയിച്ചു.

കരസേനാ മേധാവി ജനറൽ വക്കർ-ഉസ്-സമാൻ, നാവിക, വ്യോമസേനാ മേധാവികൾ, ബിഎൻപി, ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ പ്രതിപക്ഷ പാർട്ടികളുടെ ഉന്നത നേതാക്കൾ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. വിദ്യാർത്ഥി സമരത്തിനിടെ അറസ്റ്റിലായ മുഴുവൻ ആളുകളെയും മോചിപ്പിക്കാനും യോഗം തീരുമാനിച്ചതായി പ്രസ്താവനയിൽ പറയുന്നു.

ഷെയ്ഖ് ഹസീന രാജിവെച്ചതായും സൈന്യം ഒരു താൽക്കാലിക സർക്കാർ രൂപീകരിക്കുമെന്നും നേരത്തെ സ്റ്റേറ്റ് ടെലിവിഷനിൽ രാജ്യത്തിന് നൽകിയ സംപ്രേക്ഷണത്തിൽ വക്കർ-ഉസ്-സമാൻ പറഞ്ഞിരുന്നു. അടിയന്തരമായി ഇടക്കാല സർക്കാർ രൂപീകരിക്കാനും യോഗം തീരുമാനിച്ചു.

78 കാരിയായ ഖാലിദ സിയക്ക്, 2018 ലാണ് അഴിമതിക്കേസിൽ 17 വർഷത്തെ തടവു ശിക്ഷ വിധിച്ചത്. ആരോഗ്യ നില മോശമായതിനെ തുടർന്ന് അവർ ആശുപത്രിയിലായിരുന്നു.

Latest