Connect with us

Lokavishesham

ബംഗ്ലാദേശ്: പ്രക്ഷോഭം, കുരുതി... അനന്തരം?

സിവിലിയന്‍ രാഷ്ട്രീയ അസ്ഥിരതയുടെ സ്വാഭാവിക പരിണതിയാണ് പട്ടാളത്തിന്റെ രംഗപ്രവേശം. അത് തന്നെ ബംഗ്ലാദേശിലും സംഭവിച്ചു. ജനറല്‍ വഖാറുസ്സമാന്‍ 45 മിനുട്ട് അന്ത്യശാസന സമയം നല്‍കി. ശേഖ് ഹസീന നാടുവിട്ടു. ഒട്ടും സ്വാഭാവികമല്ലാത്ത അക്രമാസക്തതയിലേക്ക് സമരത്തെ വഴിതിരിച്ചു വിട്ടതാരാണ്? എന്തെല്ലാം ഇടപെടലുകളാണ് ഉണ്ടായത്? ആരൊക്കെയാണ് മുതലെടുപ്പിനിറങ്ങിയത്? ഉത്തരം കിട്ടേണ്ട ചോദ്യങ്ങളേറെയാണ്.

Published

|

Last Updated

റസാകാര്‍ എന്ന വാക്കിന് സന്നദ്ധ സേവകന്‍ എന്നേ അര്‍ഥമുള്ളൂ. പക്ഷേ, ബംഗ്ലാദേശ് രാഷ്ട്രീയത്തില്‍ അത് വലിയ അസഭ്യമാണ്. ബംഗ്ലാദേശ് വിമോചന സമരകാലത്ത് പാകിസ്താനൊപ്പം നിന്ന് സ്വന്തം രാജ്യത്തെ ഒറ്റുകൊടുത്ത, കൂട്ടക്കൊലയും കൊള്ളയും ബലാത്സംഗവും നടത്തിയ അര്‍ധസൈനിക വിഭാഗമായിരുന്നു റസാകാര്‍. ഇന്ന് ഈ വാക്കാണ് ശേഖ് ഹസീനയെ പ്രധാനമന്ത്രിപദം ഉപേക്ഷിച്ച് രാജ്യം വിടേണ്ട ഗതികേടിലെത്തിച്ചതെന്ന് ആലങ്കാരികമായി പറയാം. 1971ലെ വിമോചന സമരത്തില്‍ പങ്കെടുത്തവരുടെ പിന്‍മുറക്കാര്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ 30 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതിനെതിരെ തുടങ്ങിയ യുവജന പ്രക്ഷോഭത്തില്‍ അണിചേര്‍ന്നവരെ ശേഖ് ഹസീന അതേ പേര് വിളിച്ചു. അവര്‍ ദേശവിരുദ്ധരാണ്. “അവര്‍ റസാകാറുകളുടെ പിന്‍മുറക്കാരാണ്’- സമരക്കാര്‍ കത്തിച്ച ധാക്കയിലെ റെയില്‍വേ സ്റ്റേഷനില്‍ ചെന്ന് പൊട്ടിക്കരയവെയാണ് ശേഖ് ഹസീന അത് പറഞ്ഞത്. കടുത്ത അധിക്ഷേപമായാണ് സമരക്കാര്‍ ഈ വാക്കുകളെ അടയാളപ്പെടുത്തിയത്. സാമൂഹിക മാധ്യമങ്ങളില്‍ കണ്ണീരൊഴുക്കുന്ന മുതലകള്‍ നിറഞ്ഞു. കൊല്ലപ്പെട്ട പ്രക്ഷോഭകാരികളെ കുറിച്ച് ഒരക്ഷരം പറയാത്ത ഹസീനയുടെ കണ്ണീരിന് എന്ത് ആത്മാര്‍ഥതയെന്ന് അവര്‍ ചോദിച്ചു. രാജ്യത്തെ പാട്ടുകാരും എഴുത്തുകാരും കലാകാരന്‍മാരുമെല്ലാം ഈ ചോദ്യം പല നിലകളില്‍ ആവിഷ്‌കരിച്ചു.

പ്രതിഷേധം പടരുന്നതിനും ചര്‍ച്ചക്കുള്ള ക്ഷണം തള്ളിക്കളയുന്നതിനും അക്രമാസക്തതയുടെ ഭ്രാന്തമായ ഘട്ടത്തിലേക്ക് സമരം പ്രവേശിക്കുന്നതിനും ശേഖ് ഹസീനയുടെ അധിക്ഷേപം കാരണമായി. സര്‍വകലാശാലകളില്‍ നിന്ന് തെരുവിലേക്കും രാജ്യത്താകെയും പ്രക്ഷോഭം പടരുന്നതാണ് പിന്നെക്കണ്ടത്. സംവരണ പ്രക്ഷോഭം എന്നതില്‍ നിന്ന് സര്‍ക്കാറിനെതിരെ സര്‍വ അതൃപ്തരും ഒന്നിക്കുന്ന രാഷ്ട്രീയ കലാപമായി മാറുന്നതിനാണ് കഴിഞ്ഞ മാസം ബംഗ്ലാദേശ് സാക്ഷ്യം വഹിച്ചത്. പ്രധാന പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷനല്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ സമരത്തിലേക്ക് ചാടിയിറങ്ങി. വിദ്യാര്‍ഥികളുടെ കൈയില്‍ നിന്ന് സമരം വഴുതുകയായിരുന്നു. ശേഖ് ഹസീനയുടെ അവാമി ലീഗിന്റെ വിദ്യാര്‍ഥി വിഭാഗമായ ബംഗ്ലാ ഛാത്ര ലീഗിന്റെയും യുവജന വിഭാഗമായ ജുബോ ലീഗിന്റെയും പ്രവര്‍ത്തകര്‍ ആയുധമെടുത്ത് തെരുവിലിറങ്ങിയതോടെ അക്ഷരാര്‍ഥത്തില്‍ തെരുവ് കുരുതിക്കളമായി.

പോലീസും സൈന്യവും സര്‍ക്കാര്‍ അനുകൂലികളും പ്രയോഗിക്കുന്ന ആയുധങ്ങള്‍ ഒരു ഭാഗത്ത്. സമരക്കാര്‍ക്കിടയില്‍ നുഴഞ്ഞ് കയറിയ ക്രിമിനലുകളുടെ ആയുധ പ്രയോഗം മറുവശത്ത്. 200ഓളം യുവാക്കള്‍ മരിച്ചു വീണു. 30 ശതമാനം ക്വാട്ട നല്‍കണമെന്ന് വിധിച്ച സുപ്രീം കോടതി തന്നെ ഒടുവില്‍ ഇടപെട്ടു. എല്ലാ സംവരണവും അവസാനിപ്പിച്ച്, 90 ശതമാനത്തിലധികവും മെറിറ്റ് സീറ്റുകളാക്കി ദുര്‍ബല വിഭാഗങ്ങളുടെ അവകാശം നിഷേധിക്കുന്നതായിരുന്നു കോടതിയുടെ കടുംവെട്ട് വിധി. പക്ഷേ അതും സമരത്തിന് അറുതി വരുത്തിയില്ല. ഒന്നടങ്ങിയ സമരം ശേഖ് ഹസീനയുടെ രാജിയെന്ന ആത്യന്തിക മുദ്രാവാക്യവുമായി ശക്തമാകുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. ഒറ്റദിനം നൂറിലേറെ പേര്‍ മരിച്ചു വീണു. സിവിലിയന്‍ രാഷ്ട്രീയ അസ്ഥിരതയുടെ സ്വാഭാവിക പരിണതിയാണ് പട്ടാളത്തിന്റെ രംഗപ്രവേശം. അത് തന്നെ ബംഗ്ലാദേശിലും സംഭവിച്ചു. ജനറല്‍ വഖാറുസ്സമാന്‍ 45 മിനുട്ട് അന്ത്യശാസന സമയം നല്‍കി. ശേഖ് ഹസീന നാടുവിട്ടു. ഒട്ടും സ്വാഭാവികമല്ലാത്ത അക്രമാസക്തതയിലേക്ക് സമരത്തെ വഴിതിരിച്ചു വിട്ടതാരാണ്? എന്തെല്ലാം ഇടപെടലുകളാണ് ഉണ്ടായത്? ആരൊക്കെയാണ് മുതലെടുപ്പിനിറങ്ങിയത്? ഉത്തരം കിട്ടേണ്ട ചോദ്യങ്ങളേറെയാണ്.

ശേഖ് ഹസീന മോശം ഭരണാധികാരിയായിരുന്നില്ല. ബംഗ്ലാദേശിന്റെ ചരിത്രത്തില്‍ നിന്ന് ഒരിക്കലും പറിച്ചുമാറ്റാനാകാത്ത ലെഗസിയുണ്ട് അവര്‍ക്ക്. രാഷ്ട്രപിതാവ് ശൈഖ് മുജീബുര്‍റഹ്മാന്റെ മകള്‍. 1975 ആഗസ്റ്റ് 15ന് നടന്ന സൈനിക അട്ടിമറിയില്‍ മാതാപിതാക്കളെയും മൂന്ന് സഹോദരങ്ങളെയും നഷ്ടപ്പെട്ടവള്‍. അട്ടിമറി സമയത്ത് വിദേശത്തായതുകൊണ്ട് മാത്രം ജീവന്‍ നിലനിന്നവള്‍. ബംഗ ബന്ധു മുജീബുര്‍റഹ്മാന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കേണ്ട രാഷ്ട്രീയ ഉത്തരവാദിത്വമേറ്റവര്‍. ഇന്ത്യയിലെ പ്രവാസ ജീവിതത്തിനു ശേഷം, 1981ല്‍ ബംഗ്ലാദേശില്‍ തിരിച്ചെത്തിയ ഹസീന, പിതാവിന്റെ വഴിയില്‍ അവാമി ലീഗില്‍ സജീവമായി. മറ്റ് ജനാധിപത്യവാദികളുമായി കൈകോര്‍ത്ത് പട്ടാള ഭരണത്തിനെതിരെ വീറോടെ പൊരുതി. ജനറല്‍ ഹുസൈന്‍ മുഹമ്മദ് ഇര്‍ശാദിനെതിരായ പോരാട്ടത്തിന്റെ കാലം ഓര്‍ത്തെടുത്താണ് അവരുടെ അനുയായികള്‍ ഹസീനയെ മനുഷ്യത്വത്തിന്റെ മാതാവെന്ന് വിളിക്കുന്നത്. ദേശീയ താരമായി ഹസീന മാറുകയായിരുന്നു. 1996ല്‍ ആദ്യ ഊഴം. ഇന്ത്യയുമായി ജലം പങ്കിടല്‍ കരാറില്‍ ഒപ്പുവെച്ചതടക്കം നിരവധി വിപ്ലവകരമായ നീക്കങ്ങള്‍ നടത്തിയെങ്കിലും വഴിവിട്ട ബിസിനസ്സ് ഇടപാടുകളിലും ഭരണരംഗത്തെ അഴിമതിയിലും ഒന്നാമൂഴത്തില്‍ തന്നെ അവര്‍ക്ക് നേരെ വിമര്‍ശന ശരങ്ങളുയര്‍ന്നു. 2001ലെ തിരഞ്ഞെടുപ്പില്‍ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടി ഭൂരിപക്ഷം നേടി. ബീഗം ഖാലിദ സിയ പ്രധാനമന്ത്രിയായി. തൊണ്ണൂറുകളിൽ തുടങ്ങിയ “ബീഗം പോര്’- രാഷ്ട്രീയ അനന്തരാവകാശികളായ രണ്ട് സ്ത്രീകള്‍ തമ്മിലുള്ള പോര്- ഇന്നും ബംഗ്ലാദേശില്‍ തുടരുകയാണ്. (മുന്‍ പ്രസിഡന്റ് സിയാഉര്‍റഹ്മാന്റെ വിധവയാണ് ബീഗം ഖാലിദാ സിയ). ഏത് വിഷയവും അക്രമാസക്ത പ്രക്ഷോഭത്തിനും അടിച്ചമര്‍ത്തലിനും തിരോധാനങ്ങള്‍ക്കും എക്‌സ്ട്രാ ജുഡീഷ്യല്‍ കൊലപാതകങ്ങള്‍ക്കും കാരണമാകുന്ന വളരെ സെന്‍സിറ്റീവായ രാഷ്ട്രീയ ഘടനയിലേക്ക് ബംഗ്ലാദേശ് മറിക്കഴിഞ്ഞിട്ടുണ്ട്. ഒപ്പം തീവ്രവാദ സംഘങ്ങള്‍ക്കുള്ള സ്വാധീനവും. ജമാഅത്തെ ഇസ്‌ലാമി നേതാക്കളെ വിചാരണ ചെയ്ത് തൂക്കിലേറ്റിയതും ആ പാര്‍ട്ടി നിരോധിച്ചതും വലിയ കോലാഹലങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍, അതിന്റെ പേരില്‍ ഹസീനയുടെ ഇപ്പോഴത്തെ പതനത്തെ ആഘോഷിക്കുന്നവര്‍ ഈജിപ്തിലെ മുഹമ്മദ് മുര്‍സിയെ താഴെയിറക്കിയ രണ്ടാം തഹ്‌രീര്‍ പ്രക്ഷോഭത്തെ ജനാധിപത്യ ധ്വംസനമെന്ന് വിശേഷിപ്പിച്ചവരാണെന്നോര്‍ക്കണം.

2009ലാണ് ശേഖ് ഹസീന വീണ്ടും പ്രധാനമന്ത്രിപദത്തിലെത്തിയത്. പിന്നീടവര്‍ക്ക് അധികാരം വിട്ടൊഴിയേണ്ടി വന്നില്ല. ബംഗ്ലാദേശിന് വലിയ സാമ്പത്തിക ശക്തിയായി വളരാനുള്ള ആത്മവിശ്വാസമുണ്ടെന്ന് ലോകം വാഴ്ത്തിയത് ഈ സുദീര്‍ഘ ഭരണസാരഥ്യത്തിലാണ്. കഴിഞ്ഞ ദശകത്തില്‍ രാജ്യത്തിന്റെ പ്രതിശീര്‍ഷ വരുമാനം മൂന്നിരട്ടിയായി വര്‍ധിച്ചു. 25 ദശലക്ഷത്തിലധികം ആളുകള്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയെന്നാണ് ലോക ബേങ്ക് കണക്ക്. വസ്ത്ര കയറ്റുമതിയില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ചു. പദ്മ പദ്ധതിയടക്കമുള്ള വന്‍കിട പദ്ധതികള്‍ ഏറ്റെടുക്കാന്‍ സാധിച്ചു. വിദേശ ഫണ്ടുകള്‍ ബംഗ്ലാദേശിലേക്ക് ഒഴുകി. റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്ക് അഭയമൊരുക്കിയത് ശേഖ് ഹസീനയുടെ ആഗോള പ്രശസ്തിയേറ്റി. തീവ്രവാദി ഗ്രൂപ്പുകളെ അടിച്ചമര്‍ത്തുന്നതിലും അവര്‍ ഏറെ മുന്നോട്ട് പോയി. എന്നാല്‍ നേട്ടങ്ങളുടെ നല്ല കാലം അവസാനിക്കുകയും ഇറക്കം തുടങ്ങുകയും ചെയ്യുന്നതാണ് ഈയടുത്ത വര്‍ഷങ്ങളില്‍ കണ്ടത്. രാജ്യത്തെ സര്‍വ സൂചികകളും പിന്‍മടക്കം തുടങ്ങി. തൊഴിലില്ലായ്മ രൂക്ഷമായി. വിദേശ കടം 2016ന് ശേഷം ഇരട്ടിയായി. പണപ്പെരുപ്പവും ആരോഗ്യ രംഗത്തെ കെടുകാര്യസ്ഥതയും ജനജീവിതം ദുസ്സഹമാക്കി. ഇന്ത്യന്‍ മുസ്‌ലിംകളെ സ്വന്തം മണ്ണില്‍ അന്യരാക്കുന്ന പൗരത്വ ഭേദഗതി നിയമം പാസ്സാക്കിയ മോദി സര്‍ക്കാറിനോട് ഊഷ്മള ബാന്ധവം പുലര്‍ത്തുന്നതില്‍ ഹസീനക്കെതിരെ ആഭ്യന്തര രോഷം ശക്തമായി. അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാറിനെതിരെ പ്രതിപക്ഷം നിരന്തരം തെരുവിലിറങ്ങി. ഏത് പദ്ധതിയും സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് വേണ്ടിയാകുന്ന സ്ഥിതിയായി. ഏറ്റവും ഒടുവില്‍ കൊണ്ടുവന്ന സംവരണം പോലും അവാമി ലീഗുകാരെ സര്‍ക്കാര്‍ ജോലിയില്‍ തിരുകിക്കയറ്റാനാണെന്ന വിമര്‍ശത്തില്‍ കഴമ്പുണ്ടായിരുന്നു. സ്വാതന്ത്ര്യ സമരകാലത്ത് പാക് പട്ടാളം നടത്തിയ വംശഹത്യയുടെ ചരിത്രം ഉള്ളില്‍ നീറ്റലായി അവശേഷിക്കാത്ത നവ യുവാക്കളുടെ പ്രതിഷേധമായി കണ്ട് അനുഭാവപൂര്‍വം സമീപിച്ചിരുന്നെങ്കില്‍ ഹസീനക്ക് ഇന്നത്തെ ഗതികേട് ഉണ്ടാകുമായിരുന്നില്ല.

ജനാധിപത്യ പോരാളിയായ ഹസീന സാവധാനം അധികാര പ്രമത്തതയിലേക്ക് വീഴുകയായിരുന്നു. ദുര്‍ബലമായ പ്രതിപക്ഷം അവാമി ലീഗിനെ അഹങ്കാരികളാക്കി മാറ്റി. 2018ലെ തിരഞ്ഞെടുപ്പ് തികച്ചും ഏകപക്ഷീയമായിരുന്നു. ഭരണ സുസ്ഥിരതയുടെ പേരില്‍ ആയിരക്കണക്കിന് പ്രതിപക്ഷ പ്രവര്‍ത്തകരെ ജയിലിലടച്ചു. വിമര്‍ശകര്‍ക്കെതിരെ ഉരുക്കു മുഷ്ടി പ്രയോഗിച്ചു. ഒരു പാരമ്പര്യത്തിനും തടുത്തു നിര്‍ത്താനാകാത്ത പ്രതിച്ഛായാ നഷ്ടത്തിന്റെ നടുവില്‍ നില്‍ക്കുമ്പോഴാണ് ഈ വര്‍ഷത്തെ തിരഞ്ഞെടുപ്പ് നടന്നത്. കാവല്‍ മന്ത്രിസഭക്ക് കീഴിലാകണം തിരഞ്ഞെടുപ്പെന്ന പ്രതിപക്ഷ ആവശ്യം പ്രധാനമന്ത്രി തള്ളി. അതോടെ പ്രതിപക്ഷം വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. അന്താരാഷ്ട്ര നിരീക്ഷകരെ വേണമെന്ന അമേരിക്കന്‍ ആവശ്യവും അംഗീകരിച്ചില്ല. ശേഖ് ഹസീനയുടെ അധികാരത്തുടര്‍ച്ച സ്വേച്ഛാധിപത്യപരമാണെന്ന ഏറ്റവും മോശമായ പ്രതിച്ഛായയിലേക്ക് കൂപ്പുകുത്താന്‍ ഇത്രയും മതിയായിരുന്നു. റഷ്യയും ഇന്ത്യയും ഹസീനക്കൊപ്പം. അമേരിക്കയും യൂറോപ്യന്‍ യൂനിയനും എതിര്‍പക്ഷത്ത്. ഇതായിരുന്നു ബംഗ്ലാദേശിനെച്ചൊല്ലിയുള്ള അന്തര്‍ദേശീയ പിളര്‍പ്പ്. അത്‌കൊണ്ട് പുതിയ സംഭവവികാസങ്ങളില്‍ പുറത്ത് നിന്നുള്ള കരങ്ങള്‍ തള്ളിക്കളയാനാകില്ല. സൈന്യത്തിന്റെ രംഗപ്രവേശത്തിന് യു എസ് ഏജന്‍സികളുടെ പിന്തുണയുണ്ടാകാം.
ബംഗ്ലാദേശിന്റെ പിറവിയിലേക്ക് നയിച്ച 1971ലെ വിമോചന യുദ്ധം തൊട്ട് ഇന്ത്യയുടെ “സ്വന്ത’മാണ് ബംഗ്ലാദേശ്. റൂപ്പുര്‍ ആണവനിലയത്തില്‍ ഇന്ത്യക്ക് നിക്ഷേപമുണ്ട്. ചരക്കു കപ്പലുകളുടെ ഗതാഗതത്തിനും ട്രാന്‍സ് ഷിപ്പ്മെന്റിനുമായി ബംഗ്ലാദേശിലെ ചാട്ടോഗ്രാം, മോംഗ്ല തുറമുഖങ്ങള്‍ ഇന്ത്യ ഉപയോഗിക്കുന്നുണ്ട്. ഒന്നിലധികം റെയില്‍വേ ലൈനുകള്‍ ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്നുമുണ്ട്. അതിര്‍ത്തികള്‍ വഴി നുഴഞ്ഞുകയറ്റം തടയാനുള്ള കരാറും ബംഗ്ലാദേശ് ശക്തമായി നടപ്പാക്കുന്നു. മാലദ്വീപും ശ്രീലങ്കയും നേപ്പാള്‍ പോലും ചൈനീസ് സ്വാധീനത്തില്‍ കുതറിമാറുമ്പോള്‍ ഇന്ത്യയുടെ ഒരേയൊരു സ്വാധീനത്തുരുത്തും കൈവിടുകയാണ്. സൈന്യത്തിന്റെ കീഴിലുള്ള ബംഗ്ലാദേശില്‍ ചൈന ഇറങ്ങിക്കളിക്കും. അശാന്തമായ അയല്‍ രാജ്യമായി ബംഗ്ലാദേശ് മാറുന്നത് ഇന്ത്യക്ക് തലവേദനയാകുകയും ചെയ്യും. ബംഗ്ലാ ദേശത്ത് സിവിലിയന്‍ ഭരണം പുനഃസ്ഥാപിക്കാനുള്ള ശരിയായ ഇടപെടല്‍ നടത്താനുള്ള ഉത്തരവാദിത്വം ഇന്ത്യ നിര്‍വഹിക്കേണ്ട ഘട്ടമാണിത്. ആ ഒഴിവ് മറ്റാര്‍ക്കും വിട്ടുകൊടുക്കേണ്ടതില്ല.

ഉടന്‍ ഇടക്കാല സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന് പറയുന്ന സൈന്യം വാക്ക് പാലിക്കുമെന്ന് തോന്നുന്നില്ല. സൈനിക ഭരണം നീണ്ടുപോയാല്‍ മറ്റൊരു പ്രക്ഷോഭത്തിലേക്ക് രാജ്യം കൂപ്പുകുത്തും. ഹസീനയുടെ മകന്‍ സജീബ് വസദിന്റെ രാഷ്ട്രീയ മുന്നേറ്റം ഒരു പക്ഷേ ഈ പ്രക്ഷോഭത്തിലൂടെയാകാം. ബി എന്‍ പിയിലേക്കാണ് അധികാരം പോകുന്നതെങ്കില്‍ സര്‍വ തീവ്രവാദി ഗ്രൂപ്പുകളും തലപൊക്കുമെന്നുറപ്പാണ്. സുസ്ഥിര സര്‍ക്കാറുണ്ടാക്കാന്‍ രോഗഗ്രസ്തയായ ഖാലിദ സിയക്കും അനുയായികള്‍ക്കും സാധിച്ചില്ലെന്നും വരാം. വല്ലാത്തൊരു അധികാര ശൂന്യതയാകും അതുണ്ടാക്കുക. അങ്ങനെയെങ്കില്‍ പാഴായിപ്പോയ വിപ്ലവമായി ഇപ്പോഴത്തെ വിദ്യാര്‍ഥി മുന്നേറ്റം അടയാളപ്പെടും.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest