റസാകാര്‍ എന്ന വാക്കിന് സന്നദ്ധ സേവകന്‍ എന്നേ അര്‍ഥമുള്ളൂ. പക്ഷേ, ബംഗ്ലാദേശ് രാഷ്ട്രീയത്തില്‍ അത് വലിയ അസഭ്യമാണ്. ബംഗ്ലാദേശ് വിമോചന സമരകാലത്ത് പാകിസ്താനൊപ്പം നിന്ന് സ്വന്തം രാജ്യത്തെ ഒറ്റുകൊടുത്ത, കൂട്ടക്കൊലയും കൊള്ളയും ബലാത്സംഗവും നടത്തിയ അര്‍ധസൈനിക വിഭാഗമായിരുന്നു റസാകാര്‍. ഇന്ന് ഈ വാക്കാണ് ശേഖ് ഹസീനയെ പ്രധാനമന്ത്രിപദം ഉപേക്ഷിച്ച് രാജ്യം വിടേണ്ട ഗതികേടിലെത്തിച്ചതെന്ന് ആലങ്കാരികമായി പറയാം. 1971ലെ വിമോചന സമരത്തില്‍ പങ്കെടുത്തവരുടെ പിന്‍മുറക്കാര്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ 30 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതിനെതിരെ തുടങ്ങിയ യുവജന പ്രക്ഷോഭത്തില്‍ അണി ചേര്‍ന്നവരെ ശേഖ് ഹസീന അതേ പേര് വിളിച്ചു. അവര്‍ ദേശവിരുദ്ധരാണ്. അവര്‍ റസാകാറുകളുടെ പിന്‍മുറക്കാരാണ്- സമരക്കാര്‍ കത്തിച്ച ധാക്കയിലെ റെയില്‍വേ സ്റ്റേഷനില്‍ ചെന്ന് പൊട്ടിക്കരയവേയാണ് ശേഖ് ഹസീന അത് പറഞ്ഞത്. കടുത്ത അധിക്ഷേപമായാണ് സമരക്കാര്‍ ഈ വാക്കുകളെ സാമൂഹിക മാധ്യമങ്ങളില്‍ അടയാളപ്പെടുത്തിയത്. സാമൂഹിക മാധ്യമങ്ങളില്‍ കണ്ണീരൊഴുക്കുന്ന മുതലകള്‍ നിറഞ്ഞു. മരിച്ച പ്രക്ഷോഭകാരികളെ കുറിച്ച് ഒരക്ഷരം പറയാത്ത ഹസീനയുടെ കണ്ണീരിന് എന്ത് ആത്മാര്‍ഥതയെന്ന് അവര്‍ ചോദിച്ചു. രാജ്യത്തെ പാട്ടുകാരും എഴുത്തുകാരും കലാകാരന്‍മാരുമെല്ലാം ഈ ചോദ്യം പല നിലകളില്‍ ആവിഷ്‌കരിച്ചു.
പ്രതിഷേധം പടരുന്നതിനും ചര്‍ച്ചക്കുള്ള ക്ഷണം തള്ളിക്കളയുന്നതിനും അക്രമാസക്തതയുടെ ഭ്രാന്തമായ ഘട്ടത്തിലേക്ക് സമരം പ്രവേശിക്കുന്നതിനും ശേഖ് ഹസീനയുടെ ഈ വാക്കുകള്‍ കാരണമായി. സര്‍വകാലാശാലകളില്‍ നിന്ന് തെരുവിലേക്കും രാജ്യത്താകെയും പ്രക്ഷോഭം പടരുന്നതാണ് പിന്നെക്കണ്ടത്. സംവരണ പ്രക്ഷോഭം എന്നതില്‍ നിന്ന് സര്‍ക്കാറിനെതിരെ സര്‍വ അതൃപ്തരും ഒന്നിക്കുന്ന രാഷ്ട്രീയ കലാപമായി മാറുന്നതിനാണ് കഴിഞ്ഞ മാസം ബംഗ്ലാദേശ് സാക്ഷ്യം വഹിച്ചത്. പ്രധാന പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷനല്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ സമരത്തിലേക്ക് ചാടിയിറങ്ങി. വിദ്യാര്‍ഥികളുടെ കൈയില്‍ നിന്ന് സമരം വഴുതുകയായിരുന്നു. ശേഖ് ഹസീനയുടെ അവാമി ലീഗിന്റെ വിദ്യാര്‍ഥി വിഭാഗമായ ബംഗ്ലാ ഛാത്ര ലീഗിന്റെയും യുവജന വിഭാഗമായ ജുബോ ലീഗിന്റെയും പ്രവര്‍ത്തകര്‍ ആയുധമെടുത്ത് തെരുവിലിറങ്ങിയതോടെ അക്ഷരാര്‍ഥത്തില്‍ തെരുവ് കുരുതിക്കളമായി.
---- facebook comment plugin here -----