Connect with us

Kerala

സ്വകാര്യ ആശുപത്രിയുടെ ബേങ്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് 11 ലക്ഷം രൂപ തട്ടി; രണ്ടുപേര്‍ പിടിയില്‍

പശ്ചിമ ബംഗാളുകാരായ ഷൊറാബ് ഹുസൈന്‍ (42), തപോഷ് ദേബ്‌നാഥ് (40) എന്നിവരാണ് പിടിയിലായത്.

Published

|

Last Updated

സുല്‍ത്താന്‍ ബത്തേരി | സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയുടെ അക്കൗണ്ട് ഹാക്ക് ചെയ്ത് 11 ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. പശ്ചിമ ബംഗാളുകാരായ ഷൊറാബ് ഹുസൈന്‍ (42), തപോഷ് ദേബ്‌നാഥ് (40) എന്നിവരാണ് പിടിയിലായത്. ഇന്ത്യാ ബംഗ്ലാദേശ് അതിര്‍ത്തിക്കടുത്തുള്ള ബറാസത്ത് സ്വദേശികളാണ് ഇവര്‍. വയനാട് സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഷജു ജോസഫും സംഘവുമാണ് ഇവരെ ബംഗാളില്‍ നിന്നും അറസ്റ്റ് ചെയ്തത്.

ഒ ടി പി ലഭിക്കുന്നതിനായി ആശുപത്രിയുടെ അക്കൗണ്ടില്‍ ബന്ധിപ്പിച്ചിരുന്ന സിം കാര്‍ഡിന്റെ ഡ്യൂപ്ലിക്കേറ്റ് എറണാകുളം ബി എസ് എന്‍ എല്‍ കസ്റ്റമര്‍ സര്‍വീസ് സെന്റ്ററില്‍ നിന്നും ഉടമയുടെ വ്യാജ ആധാര്‍ കാര്‍ഡ് സമര്‍പ്പിച്ച് കരസ്ഥമാക്കുകയായിരുന്നു പ്രതികള്‍. തുടര്‍ന്ന് ഹാക്കിംഗ് വഴി നേടിയ അക്കൗണ്ട് ഉടമയുടെ വ്യക്തി വിവരങ്ങള്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റ് ട്രാന്‍സാക്ഷന്‍ വഴി പണം പശ്ചിമ ബംഗാളിലെ വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു.

കേസ് രജിസ്റ്റര്‍ ചെയ്ത് രണ്ട് മാസത്തോളം തുടര്‍ച്ചയായി അന്വേഷണം നടത്തിയ സൈബര്‍ പോലീസിന് 150 ഓളം സിം കാര്‍ഡുകളും 50 ഓളം ഫോണുകളും അനേകം ബേങ്ക് അക്കൗണ്ടുകളും ഉപയോഗിച്ച് നടത്തുന്ന വലിയ സൈബര്‍ സാമ്പത്തിക തട്ടിപ്പാണ് ഇതെന്ന് മനസിലായി. എല്ലാ ബേങ്ക് അക്കൗണ്ടുകളും സിം കാര്‍ഡുകളും വ്യാജ തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിച്ച് നേടിയെടുത്തതാണെന്നും അത് നിര്‍മിക്കുന്നത് തപോഷ് ദേബ്‌നാഥ് എന്ന ആളാണെന്നും പോലീസിന് സൂചന ലഭിച്ചു. തുടര്‍ന്ന് വയനാട് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം പശ്ചിമ ബംഗാളിലെ ബറാസത്തിലെത്തി ഒരാഴ്ചയോളം അന്വേഷണം നടത്തിയാണ് ഇന്ത്യാ ഗവണ്മെന്റിന്റെ വിവിധ തിരിച്ചറിയല്‍ രേഖകള്‍ വ്യാജമായി നിര്‍മിക്കുന്ന തപോഷിനെ പിടികൂടിയത്. ഇയാളാണ് ആശുപത്രിയുടെ പേരിലുള്ള സിം കാര്‍ഡിന്റെയും പണം മാറ്റിയ അക്കൗണ്ടിന്റെയും തിരിച്ചറിയല്‍ രേഖകള്‍ വ്യാജമായി നിര്‍മിച്ചത്. ഇയാളില്‍ നിന്നും വ്യാജ രേഖകള്‍ നിര്‍മിക്കാനുപയോഗിച്ച കമ്പ്യൂട്ടറുകളും പ്രിന്ററും പിടിച്ചെടുത്തു.

പ്രതിയില്‍ നിന്നും ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് തട്ടിപ്പ് സംഘത്തിലെ പ്രധാനിയായ ഷൊറൈബ് ഹുസൈനെ ഹൗറയില്‍ നിന്നും പിടികൂടിയത്. ഇയാളില്‍ നിന്നും നൂറുകണക്കിന് വ്യാജ ആധാര്‍ കാര്‍ഡുകള്‍, പാന്‍ കാര്‍ഡുകള്‍, ഡ്രൈവിംഗ് ലൈസന്‍സുകള്‍, വെസ്റ്റ് ബംഗാള്‍ ഗവണ്‍മെന്റിന്റെ വ്യാജ ഹോളോഗ്രാം സ്റ്റിക്കറുകള്‍ എന്നിവ പിടിച്ചെടുത്തു.

അന്വേഷണ സംഘത്തില്‍ സൈബര്‍ പോലീസ് സ്റ്റേഷനിലെ എ എസ് ഐ. ജോയിസ് ജോണ്‍, എസ് സി പി ഒ. കെ എ അബ്ദുല്‍ സലാം, സി പി ഒമാരായ ജിസണ്‍ ജോര്‍ജ്, റിജോ ഫെര്‍ണാണ്ടസ്, സൈബര്‍ സെല്ലിലെ മുഹമ്മദ് സക്കറിയ എന്നിവരും ഉണ്ടായിരുന്നു. വ്യാജ ബേങ്ക് അക്കൗണ്ടുകളും സിം കാര്‍ഡുകളും ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പുകള്‍ നടക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് വയനാട് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

 

 

Latest