International
ചിന്മയ് കൃഷ്ണദാസ് ഉള്‍പ്പെടെ 17 പേരുടെ ബേങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു; ഇസ്‌കോണിനെതിരെ വീണ്ടും നടപടിയുമായി ബംഗ്ലാദേശ്
ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന നടപടികള്‍ അംഗീകരിക്കാനാകില്ലെന്ന് ഇന്ത്യ. തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇന്ത്യ ഇടപെടേണ്ടതില്ലെന്ന് ബംഗ്ലാദേശ്.
ധാക്ക | ഗൗഡിയ വൈഷ്ണവരുടെ സംഘടനയായ അന്താരാഷ്ട്ര കൃഷ്ണഭാവനാമൃത സംഘ (ഇസ്‌കോണ്‍) ത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ക്കെതിരെ വീണ്ടും നടപടി സ്വീകരിച്ച് ബംഗ്ലാദേശ്. ഹിന്ദു സന്യാസി ചിന്മയ് കൃഷ്ണദാസ് ഉള്‍പ്പെടെ ഇസ്‌കോണിന്റെ 17 നേതാക്കളുടെ ബേങ്ക് അക്കൗണ്ടുകള്‍ ബംഗ്ലാദേശ് ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് മരവിപ്പിച്ചു. ഇവരുടെ എല്ലാ ഇടപാടുകളും നിര്‍ത്തിവെക്കാനും സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ പരിശോധിക്കാനും ബംഗ്ലാദേശ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
ചിന്മയ് കൃഷ്ണദാസിനെ ദേശ വിരുദ്ധ നിയമം ചുമത്തി ബംഗ്ലാദേശ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് രാജ്യത്ത് അക്രമം വ്യാപകമായിട്ടുണ്ട്. കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ചിറ്റഗോങിലെ ജയിലില്‍ കഴിയുകയാണ് ചിന്മയ് കൃഷ്ണദാസ്.
അതിനിടെ, ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന നടപടികള്‍ അംഗീകരിക്കാനാകില്ലെന്ന് ഇന്ത്യ പ്രസ്താവനയില്‍ വ്യക്തമാക്കി. എന്നാല്‍, തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇന്ത്യ ഇടപെടേണ്ടതില്ലെന്ന് ബംഗ്ലാദേശ് പ്രതികരിച്ചു. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിട്ടുണ്ട്. ഹിന്ദുക്കള്‍ക്ക് നേരെ അക്രമം നടക്കുന്നതായുള്ള റിപോര്‍ട്ടുകള്‍ ഗൗരവമുള്ളതാണെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ന്യൂനപക്ഷമായ ഹൈന്ദവ ജനത ആക്രമിക്കപ്പെടുന്ന സ്ഥിതിയുണ്ടാവരുതെന്ന് ബംഗ്ലാദേശിനോട് ആവശ്യപ്പെട്ടതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കി.