Pathanamthitta
ഗ്രാമീണ മേഖലകളിലെ ബേങ്കുകളുടെ ശാഖകള്‍ റദ്ദു ചെയ്യരുത് : ആന്റോ ആന്റണി എം പി
ബേങ്കുകള്‍ വായ്പ കൊടുക്കുന്നത് ഉദാരമാക്കണം.
പത്തനംതിട്ട | ഗ്രാമീണ മേഖലകളിലെ ബേങ്കുകളുടെ ശാഖകള്‍ റദ്ദു ചെയ്യരുതെന്ന് ആന്റോ ആന്റണി എം പി പറഞ്ഞു. ലീഡ് ബേങ്ക് ജില്ലാതല അവലോകന സമിതിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമീണ മേഖലയിലെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നടപടികള്‍ ബേങ്കുകളുടെ ഭാഗത്ത് നിന്നുണ്ടാകാന്‍ പാടില്ല. കാനറ ബേങ്ക് റദ്ദു ചെയ്ത മൈലപ്രയിലെ ശാഖ പുനരാരംഭിക്കാന്‍ തീരുമാനമായിട്ടുണ്ട്. ബ്രാഞ്ചുകള്‍ നിര്‍ത്തുമ്പോള്‍ അത് ജില്ലാതല അവലോകന സമിതിയെ അറിയിക്കണം.
ബേങ്കുകള്‍ വായ്പ കൊടുക്കുന്നത് ഉദാരമാക്കണം. പരാതികള്‍ പരിഹരിക്കുന്നതിനായി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ.എസ്. അയ്യരുടെ നേതൃത്വത്തില്‍ നടത്തിയ അദാലത്ത് ഏറെ ഫലപ്രദമായിരുന്നുവെന്നും പരാതികള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കണമെന്നും എം പി പറഞ്ഞു. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ലീഡ് ബേങ്ക് മാനേജര്‍ സിറിയക് തോമസ്, നബാര്‍ഡ് ഡിസ്ട്രിക്ട് ഡവലെപ്‌മെന്റ് മാനേജര്‍ റെജി വര്‍ഗീസ്, ലീഡ് ഡിസ്ട്രിക്ട് ഓഫീസര്‍ മിനി ബാലകൃഷ്ണന്‍ പങ്കെടുത്തു.