Connect with us

Uae

റമസാന് മുന്നോടിയായി ബാങ്ക് വിളി മത്സരം, "എല്ലാ വീട്ടിലും ഖുർആൻ'

"മുഅദ്ദീൻ അൽ-ഫരീജ്' എന്ന പേരിലാണ് മത്സരം അറിയപ്പെടുക.

Published

|

Last Updated

ദുബൈ| വിശുദ്ധ റമസാൻ മാസത്തിന്റെ വരവ് കണക്കിലെടുത്ത് ദുബൈയിൽ ബാങ്ക് വിളി മത്സരം. ഏറ്റവും കർണാനന്ദകരമായി ബേങ്ക് വിളിക്കുന്നവർക്ക് സമ്മാനം ലഭിക്കും. ദേശീയ സ്വത്വം പരിപോഷിപ്പിക്കുന്നതിനും പുതിയ തലമുറകളിൽ സാമൂഹികവും ഇസ്്ലാമികവുമായ മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിനുമാണ് മത്സരമെന്ന് അധികൃതർ അറിയിച്ചു. ധാർമികതയിൽ കുടുംബങ്ങളുടെ പങ്ക് ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള സംരംഭത്തിന്റെ രണ്ടാം പതിപ്പിനാണ് ദുബൈ തുടക്കം കുറിക്കുന്നത്.
“മുഅദ്ദീൻ അൽ-ഫരീജ്’ എന്ന പേരിലാണ് മത്സരം അറിയപ്പെടുക. “എല്ലാ വീട്ടിലും ഖുർആൻ’ എന്ന പേരിൽ ഒരു പുതിയ സംരംഭം ആരംഭിക്കാനും ദുബൈ കിരീടാവകാശിയും യു എ ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ഉത്തരവിട്ടു. എല്ലാ വീടുകളിലും വിശുദ്ധ ഖുർആനിന്റെ ഒരു പകർപ്പ് ഉണ്ടെന്ന് ഉറപ്പാക്കുക, മത അവബോധം വളർത്തുക, ഖുർആൻ എളുപ്പത്തിൽ ലഭ്യമാക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം. റമസാനിൽ കുടുംബങ്ങളെയും വ്യക്തികളെയും ഖുർആൻ പാരായണം ചെയ്യാനും ധ്യാനിക്കാനും ഇത് പ്രോത്സാഹിപ്പിക്കും.
ദുബൈയിൽ നിരവധി പള്ളികളിൽ ഖുർആനിന്റെ പകർപ്പുകൾ വിതരണം ചെയ്യും.
“മുഅദ്ദീൻ അൽ-ഫരീജ്’ സംരംഭത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള പള്ളികളുടെ എണ്ണം 50 ശതമാനം വർധിപ്പിക്കും. ആറ് – 14 വയസുള്ള കുട്ടികളെ ഇതിൽ ഉൾപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ദുബൈ ഇസ്്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്മെന്റ്ഡയറക്ടർ ജനറൽ അഹ്്മദ് ദർവീശ് അൽ മുഹൈരി അറിയിച്ചു. രണ്ടാം സീസൺ സംരംഭത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സഹായിക്കുന്ന പ്രതിഭകളെ കണ്ടെത്തും.
പള്ളികളുമായുള്ള കുട്ടികളുടെ ബന്ധം ശക്തിപ്പെടുത്തുക, പ്രാർഥനയിലേക്കുള്ള ആഹ്വാനം (അദാൻ) ഉയർത്തുന്നതിൽ അവരുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക, തറാവീഹ് നിസ്‌കാരങ്ങൾ നടത്താൻ അവരെ പ്രേരിപ്പിക്കുക, അതുവഴി പള്ളികളുമായുള്ള അവരുടെ ബന്ധം കൂടുതൽ ആഴത്തിലാക്കുക എന്നിവയാണ് ഈ നീക്കത്തിന്റെ ലക്ഷ്യങ്ങളിലൊന്ന്.
അദാന് ഏറ്റവും മികച്ച ശബ്ദങ്ങൾ തിരഞ്ഞെടുക്കുന്നതിനുള്ള മത്സരത്തിനുള്ള രജിസ്‌ട്രേഷൻ ജനുവരി 13ന് ആരംഭിക്കുമെന്നും അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി ഏഴാണെന്നും ദുബൈ ഇസ്്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് വകുപ്പ് അറിയിച്ചു. ജഡ്ജിംഗ് കമ്മിറ്റിയുടെ വിലയിരുത്തലും തിരഞ്ഞെടുപ്പ് ഘട്ടവും ഫെബ്രുവരി പത്തിന് ആരംഭിക്കും.