Connect with us

Kerala

തൃശൂരിലെ ബേങ്ക് തട്ടിപ്പ്: മുതിര്‍ന്ന നേതാക്കള്‍ക്ക് വീഴ്ച ഉണ്ടായെന്ന് സി പി എം യോഗത്തില്‍ വിമര്‍ശം

ആരും പാര്‍ട്ടിയെ ഒറ്റുകൊടുക്കുന്ന നടപടികളിലേക്ക് പോകരുതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

Published

|

Last Updated

തൃശൂര്‍ | തൃശൂരിലെ പാര്‍ട്ടിയില്‍ പ്രശ്നങ്ങളുണ്ടെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റർ. കരുവന്നൂരടക്കമുള്ള സാഹചര്യങ്ങളുടെ വിവരങ്ങള്‍ ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളില്‍ നിന്ന് ഗോവിന്ദന്‍ തേടി. നാളെ ജില്ലാ കമ്മിറ്റിയോഗം ചേരാനും ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. രാഷ്ട്രീയ വിശദീകരണ ജാഥകള്‍ സംഘടിപ്പിക്കും. സഹകരണ ബേങ്കുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് മുതിര്‍ന്ന നേതാക്കള്‍ക്ക് വീഴ്ചയുണ്ടായെന്നാണ് യോഗത്തിലുണ്ടായ വിമര്‍ശം. വേണ്ട രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിച്ചില്ല. കരുവന്നൂരില്‍ ഇത്രയും വലിയ തട്ടിപ്പുണ്ടാകാന്‍ കാരണം ജില്ലയിലെ നേതാക്കള്‍ തന്നെയാണ്.

കരുവന്നൂര്‍ കേസ് പാര്‍ട്ടിയെ കടുത്ത പ്രതിരോധത്തിലാക്കിയ സാഹചര്യത്തില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്ന വിമര്‍ശനവുമുയര്‍ന്നു. എ സി മൊയ്തീനെതിരെയുള്ള അന്വേഷണത്തെ തത്കാലം ഒറ്റക്കെട്ടായി പ്രതിരോധിച്ചില്ലെങ്കില്‍ വലിയ തിരിച്ചടി പാര്‍ട്ടിക്ക് ജില്ലയിലുണ്ടാകുമെന്നു യോഗം വിലയിരുത്തി. അതിനാല്‍ തര്‍ക്കങ്ങള്‍ മാറ്റിവച്ച് ഒന്നിച്ചു മുന്നോട്ടുപോകണമെന്ന് ഗോവിന്ദന്‍ നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി.

വിഭാഗീയത അവസാനിപ്പിക്കാന്‍ അച്ചടക്ക നടപടിയെടുത്താല്‍ അത് ഇപ്പോള്‍ പാര്‍ട്ടിക്ക് കരുവന്നൂരിനേക്കാള്‍ വലിയ ക്ഷീണമാകുമെന്നും അതിനാല്‍ അച്ചടക്ക നടപടിക്ക് പകരം ശാസനയിലൊതുക്കാമെന്ന നിർദേശവും ചില നേതാക്കള്‍ മുന്നോട്ടു വെച്ചു. വിഭാഗീയതയുടെ ഭാഗമായാണ് ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിക്കെതിരെ ഉണ്ടായ ആരോപണമെന്നും ഒരു വിഭാഗം പറഞ്ഞു.

തൃശൂരില്‍ ഇപ്പോള്‍ വീണ്ടും തലപൊക്കിയിരിക്കുന്ന വിഭാഗീയത അപകടകരമായ തലത്തിലേക്കാണ് നീങ്ങുന്നതെന്ന് സംസ്ഥാന നേതൃത്വത്തിന് തന്നെ ബോധ്യമായിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ ഇത് അവസാനിപ്പിക്കാന്‍ കര്‍ശന നടപടി വേണമെന്ന അഭിപ്രായവും യോഗത്തിലുയര്‍ന്നു. ആരും പാര്‍ട്ടിയെ ഒറ്റുകൊടുക്കുന്ന നടപടികളിലേക്ക് പോകരുതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

Latest