Kerala
ഗള്‍ഫ് ബാങ്കിനെ കബളിപ്പിച്ചവരെ കണ്ടെത്താന്‍ ബാങ്ക് അധികൃതര്‍ അടുത്ത ആഴ്ച കൊച്ചിയിലെത്തും
ലോണ്‍ തിരിച്ചടയ്ക്കാതെ യൂറോപ്പിലേക്ക് കുടിയേറിയ നഴ്‌സ്മാരുടെ നഴ്‌സിങ്ങ് റജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യുന്നത് ഉള്‍പ്പെടെ നടപടികളിലേക്ക് നീങ്ങാനാണ് ശ്രമം
കൊച്ചി | കുവൈത്തിലെ ഗള്‍ഫ് ബാങ്കില്‍ നിന്ന് ശത കോടികള്‍ ലോണ്‍ എടുത്ത് മുങ്ങിയ മലയാളികള്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കാനുള്ള നീക്കവുമായി ബാങ്ക് അധികൃതര്‍ അടുത്ത ആഴ്ച കൊച്ചിയിലെത്തും.
ലോണ്‍ തിരിച്ചടയ്ക്കാതെ യൂറോപ്പിലേക്ക് കുടിയേറിയ നഴ്‌സ്മാരുടെ നഴ്‌സിങ്ങ് റജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യുന്നത് ഉള്‍പ്പെടെ നടപടികളിലേക്ക് നീങ്ങാനാണ് ശ്രമം. രാജ്യാന്തര കബളിപ്പിക്കലെന്ന് ബോധ്യപ്പെട്ടതോടെ പ്രത്യേക സംഘത്തിന് അന്വേഷണ ചുമതല കൈമാറിയിട്ടുണ്ട്. ഓരോ ജില്ലയിലെയും ജില്ലാ ക്രൈംബ്രാഞ്ചുകളാകും കേസ് അന്വേഷിക്കുക. ലോണെടുത്ത ഭൂരിഭാഗം പേരും അമേരിക്ക, കാനഡ, ബ്രിട്ടന്‍, അയര്‍ലന്‍ഡ്, ഓസ്‌ട്രേലിയ എന്നിവടങ്ങിലേക്ക് കുടിയേറി. കൈവശമുളള രേഖകളുടെ അടിസ്ഥാനത്തില്‍ ഇവരെ കണ്ടെത്താനാണ് സംസ്ഥാന പോലീസിന്റെ സഹായം തേടിയത്.
ശതകോടികള്‍ കബളിപ്പിച്ചതില്‍ നഴ്‌സുമാര്‍ ഉള്‍പ്പെടെ 1,425 മലയാളികള്‍ക്കെതിരായാണ് ബാങ്ക് നിയമ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. കേരളത്തില്‍ എത്തുന്ന ബാങ്ക് അധികൃതര്‍ കൈമാറുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ കേസ് എടുക്കാനാണ് സാധ്യത. കോവിഡ് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങേണ്ടി വന്നതാണ് ലോണ്‍ തിരിച്ചടവ് മുടങ്ങാന്‍ കാരണമെന്നാണ് പ്രതികളില്‍ ചിലര്‍ വിശദീകരിക്കുന്നത്.
ഗള്‍ഫ് ബാങ്ക് കുവൈത്ത് ഡപ്യൂട്ടി ജനറല്‍ മാനേജരായ മുഹമ്മദ് അബ്ദുള്‍ വസി കഴിഞ്ഞ നവംബര്‍ അഞ്ചിന് കേരളത്തില്‍ എത്തിയതോടെയാണ് വന്‍ ബാങ്ക് തട്ടിപ്പ് പുറത്തുവന്നത്. 2020-22 കാലഘട്ടത്തില്‍ കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തില്‍ ജോലി ചെയ്തിരുന്ന 700 നഴ്സുമാരടക്കം 1,425 മലയാളികള്‍ 700 കോടിയോളം ബാങ്കിനെ കബളിപ്പിച്ച് കടന്നു കളഞ്ഞെന്നായിരുന്നു പരാതി.
സംസ്ഥാന പോലീസ് ഉന്നതരെ വന്നുകണ്ട ബാങ്ക് അധികൃതര്‍ ഇവരെ കണ്ടെത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 10 പേരെ തിരിച്ചറിഞ്ഞതും കേസെടുത്തതും. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തതില്‍ എട്ട് കേസുകള്‍ എറണാകുളം റൂറല്‍ പരിധിയിലും ഒരെണ്ണം കൊച്ചി സിറ്റിയിലും മറ്റൊരെണ്ണം കോട്ടയത്തുമാണ്. അറുപത് ലക്ഷം മുതല്‍ രണ്ടു കോടി രൂപ വരെയാണ് ഓരോരുത്തരും കുവൈത്തിലെ സാലറി സര്‍ട്ടിഫിക്കറ്റ് കാണിച്ച് ലോണെടുത്തത്. ആദ്യത്തെ കുറച്ച് തവണകള്‍ അടച്ചശേഷം പലപ്പോഴായി ഇവരെല്ലാം മുങ്ങിയെന്നാണ് ബാങ്ക് അധികൃതരുടെ പരാതി.
നിലവില്‍ കേരളത്തില്‍ കണ്ടെത്തിയ 10 പേര്‍ക്കെതിരെയാണ് കേസെടുത്തത്. എന്നാല്‍ കുവൈത്തിലെത്തിയ ശേഷം ഇടനിലക്കാര്‍ മുഖേനയാണ് ലോണ്‍ എടുത്തതെന്നും കോവിഡിനെ തുടര്‍ന്ന് മടങ്ങിപ്പോയെന്നുമാണ് പ്രതികളായവര്‍ പ്രതികരിച്ചത്.