Kerala
ബാങ്ക് കവര്‍ച്ച: പ്രതി റിജോ ആന്റണി റിമാന്‍ഡില്‍
കവര്‍ച്ചയ്ക്കായി പ്രതി നടത്തിയത് അതിശയിപ്പിക്കുന്ന ആസൂത്രണമെന്ന് പോലീസ്

തൃശ്ശൂര്‍ | ചാലക്കുടിയിലെ ഫെഡറല്‍ ബാങ്ക് പോട്ട ശാഖയില്‍ നിന്ന് 15 ലക്ഷം രൂപ കവര്‍ന്ന കേസിലെ പ്രതി റിജോ ആന്റണിയെ ചാലക്കുടി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
പ്രതിക്കായി പോലീസ് അഞ്ച് ദിവസത്തെ കസ്റ്റഡി അപേക്ഷ നല്‍കിയിട്ടുണ്ട്. പോലീസിന്റെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും. പ്രതിക്ക് ജാമ്യം നല്‍കിയാല്‍ കുറ്റം ആവര്‍ത്തിക്കാന്‍ സാധ്യത എന്ന് പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ബാങ്ക് കവര്‍ച്ചയ്ക്കായി പ്രതി നടത്തിയത് അതിശയിപ്പിക്കുന്ന ആസൂത്രണമെന്ന് പോലീസ് പറയുന്നു. എന്നാല്‍ സാങ്കേതി വിദ്യയുടെ സഹായത്തോടെ ഒരു സംഘം പോലീസുകാര്‍ വിശ്രമമില്ലാതെ നടത്തിയ പരിശ്രമത്തിനൊടുവില്‍ 48 മണിക്കൂര്‍ കൊണ്ട് പ്രതിയെ പിടിക്കാന്‍ പോലീസിന് സാധിച്ചു.
ഒരാഴ്ചത്തെ ആസൂത്രമണമാണ് പ്രതി നടത്തിയത്. പിടിക്കപ്പെടാതിരിക്കാന്‍ തെളിവുകള്‍ നശിപ്പിച്ചു. എല്ലാ മുന്നൊരുക്കങ്ങളോടും കൂടിയാണ് ഇയാള്‍ കവര്‍ച്ച നടത്തിയത്. വ്യാഴാഴ്ച ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.15 ന് ബാങ്കിന് മുന്നിലെത്തി. വരും വഴിക്ക് രണ്ട് തവണ വേഷം മാറി. ഗ്ലൗസ് ധരിച്ചു. മങ്കിക്യാപ്പും ഹെല്‍മറ്റും വെച്ചു.
ബാങ്കിനകത്ത് കയറി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തി. ക്യാമറകളെ വെട്ടിക്കാന്‍ ഊടുവഴിയിലൂടെ കടന്ന് അവിടെവച്ച് വീണ്ടും വേഷം മാറി. പിന്നീട് ഊടുവഴി വഴി സഞ്ചരിച്ച് വീട്ടിലെത്തി. എ ടി എം പ്രവര്‍ത്തിക്കുന്നില്ലെന്ന് പറഞ്ഞ് നേരത്തെ ഇയാള്‍ ബാങ്കിലെത്തി പ്രശ്‌നമുണ്ടാക്കിയിരുന്നു.