Uae
ബേങ്കിംഗ് സേവനങ്ങള്‍; യു എ ഇ മിഡില്‍ ഈസ്റ്റില്‍ ഒന്നാമത്
മേഖലയിലെ ബേങ്ക് ആസ്തികളുടെ ഏറ്റവും വലിയ പങ്ക്, 3.2 ട്രില്യണ്‍ യു എസ് ഡോളര്‍ യു എ ഇയുടേതാണ്.
അബൂദബി | മിഡില്‍ ഈസ്റ്റിലെ ബേങ്കിംഗ് സേവന മേഖലയില്‍ യു എ ഇ ഒന്നാം സ്ഥാനത്ത്. മേഖലയിലെ ബേങ്ക് ആസ്തികളുടെ ഏറ്റവും വലിയ പങ്ക്, 3.2 ട്രില്യണ്‍ യു എസ് ഡോളര്‍ യു എ ഇയുടേതാണ്. ദ്രുതഗതിയിലുള്ള ഡിജിറ്റല്‍ പരിവര്‍ത്തനത്തിനു നേതൃത്വം നല്‍കുന്ന രാജ്യത്തെ ബേങ്കിംഗ് മേഖല പ്രാദേശിക സാമ്പത്തിക രംഗത്ത് വിവിധ തലങ്ങളില്‍ മുന്‍നിരയില്‍ നില്‍ക്കുന്നുവെന്ന് ആഗോള മാനേജ്‌മെന്റ് കണ്‍സള്‍ട്ടിംഗ് കമ്പനിയായ ആര്‍തര്‍ ഡി ലിറ്റില്‍ പുറത്തിറക്കിയ റിപോര്‍ട്ട് വ്യക്തമാക്കുന്നു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പരിവര്‍ത്തന ശക്തിയെ ഉപയോഗപ്പെടുത്തി യു എ ഇ ഈ മേഖലയില്‍ മുന്നേറ്റത്തിന് നേതൃത്വം നല്‍കുന്നു. സാങ്കേതിക വിദ്യയും കൃത്രിമ ബുദ്ധിയും അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങള്‍ നവീകരിക്കുന്നതിലും ഡിജിറ്റല്‍ പരിവര്‍ത്തനം വികസിപ്പിച്ചെടുക്കുന്നതിലും സജീവവും മുന്‍നിരയിലുള്ളതുമായ രാജ്യങ്ങളിലൊന്നായി യു എ ഇ മാറിയെന്ന് ഡാറ്റ സൂചിപ്പിക്കുന്നു. 2031 ആകുമ്പോഴേക്കും മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയുടെ സംഭാവന 20 ശതമാനമായി.
സുസ്ഥിര പദ്ധതികളിലെ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനും ഈ രംഗത്തെ നവീകരണത്തെ പിന്തുണയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ള നിരവധി നയങ്ങളും തന്ത്രപരമായ സംരംഭങ്ങളും സ്വീകരിച്ചുകൊണ്ട് ഗ്രീന്‍ ഫിനാന്‍സ് മേഖലയിലും സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലും യു എ ഇ മുന്‍നിരയിലാണ്. ഇത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിക്ഷേപങ്ങളെ ആകര്‍ഷിക്കുന്നതിന് സഹായകരമായി.
കാലാവസ്ഥാ വ്യതിയാനത്തെ അഭിമുഖീകരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ബന്ധപ്പെട്ട നിരവധി മേഖലകളില്‍ ലോകത്തിന്റെ മുന്‍നിരയില്‍ നില്‍ക്കുകയാണ് രാജ്യം.
ഇസ്‌ലാമിക് ഫിനാന്‍സ് ഡെവലപ്‌മെന്റ് ഇന്‍ഡെക്‌സ് അനുസരിച്ച്, ലോകത്തിലെ പ്രധാന ഇസ്‌ലാമിക സാമ്പത്തിക വിപണികളില്‍ യു എ ഇ നാലാം സ്ഥാനത്താണെന്ന് എമിറേറ്റ്‌സ് സെന്‍ട്രല്‍ ബേങ്ക് ഈയിടെ വെളിപ്പെടുത്തിയിരുന്നു.
ഇസ്‌ലാമിക് ഫിനാന്‍സ് മേഖല 2022ല്‍ 11 ശതമാനം വളര്‍ച്ച നേടി. ഇസ്‌ലാമിക സാമ്പത്തിക ആസ്തികളുടെ മൂല്യം 16.5 ട്രില്യണ്‍ ദിര്‍ഹമായി ഉയര്‍ന്നു. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ 69 ശതമാനം വര്‍ധനയാണിത്. 1975-ലാണ് യു എ ഇ യില്‍ ആദ്യത്തെ ഇസ്‌ലാമിക് ബേങ്ക് സ്ഥാപിതമായത്. രാജ്യത്തെ മൊത്തം ബേങ്കിംഗ് ആസ്തിയുടെ 23 ശതമാനം ഇസ്‌ലാമിക് ബേങ്കുകളുടേതാണ്.