Kerala
ബാര്‍ കോഴക്കേസ്; അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു
കേസ് എടുക്കാതെയുള്ള പ്രാഥമിക അന്വേഷമാണ് നടക്കുക.

തിരുവനന്തപുരം| ബാര്‍ കോഴക്കേസില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. എക്സൈസ് മന്ത്രി എംബി രാജേഷിന്റെ പരാതിയിലാണ് നടപടി. ക്രൈംബ്രാഞ്ച് എസ്പി മധുസൂദനനാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുക. കേസ് എടുക്കാതെയുള്ള പ്രാഥമിക അന്വേഷമാണ് നടക്കുക. ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ ഡിവൈഎസ്പി ബിനുവാണ് അന്വേഷണ ഉദ്യോഗസ്ഥന്‍.
ഇന്നലെ രാത്രിയാണ് മന്ത്രി എംബി രാജേഷ് ഡിജിപി ഷെയ്ഖ് ദര്‍വേശ് സാഹിബിന് പരാതി നല്‍കിയത്. മന്ത്രിയുടെ പരാതി ക്രൈംബ്രാഞ്ച് എഡിജിപിക്ക് കൈമാറിയിരുന്നു. വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും പണപ്പിരിവ് ആരോപണത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നുമാണ് ഡിജിപിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ വര്‍ഷത്തെ മദ്യനയം സംബന്ധിച്ച പ്രാഥമിക ആലോചന പോലും ആരംഭിച്ചിട്ടില്ലെന്നും മുതലെടുപ്പിന് ഇറങ്ങിയവരും പണം നല്‍കുന്നവരും കുടുങ്ങുമെന്നും മന്ത്രി പറഞ്ഞു. ജനിക്കാത്ത മദ്യനയത്തിന്റെ ജാതകം ചമയ്ക്കുന്നവരോട് എന്നെഴുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി കാര്യം വ്യക്തമാക്കിയത്. ഡ്രൈഡേ പിന്‍വലിക്കാനോ ബാറുകളുടെ സമയം കൂട്ടാനോ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. പ്രാഥമിക ആലോചന പോലും ആരംഭിക്കാത്ത വിഷയത്തില്‍ വാര്‍ത്തകളുടെ കുത്തൊഴുക്കാണ് പല മാധ്യമങ്ങളിലും കഴിഞ്ഞ കുറച്ചുദിവസമായി നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ മദ്യനയത്തില്‍ സര്‍ക്കാര്‍ കൊണ്ടു വരുന്ന ഇളവുകള്‍ക്കായി കോടികള്‍ പിരിച്ചു നല്‍കണമെന്ന് നിര്‍ദേശിച്ച് ബാറുടമകളുടെ സംഘടനയുടെ ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോന്‍ ജില്ലയിലെ സംഘടനയിലെ അംഗങ്ങള്‍ക്ക് അയച്ച ശബ്ദ സന്ദേശം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഡ്രൈഡേ ഒഴിവാക്കാനും പ്രവര്‍ത്തന സമയം കൂട്ടാനുമായി പണം നല്‍കാന്‍ നിര്‍ദേശിച്ചാണ് അനിമോന്‍ വാട്സ്ആപ് ഗ്രൂപ്പില്‍ ഓഡിയോ അയച്ചത്. ഇത് വിവാദമായതോടെ, അനിമോനെ സംഘടനയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. സംസ്ഥാന പ്രസിഡന്റിന്റെ നിര്‍ദേശം അനുസരിച്ചാണ് പണപ്പിരിവെന്ന് ഓഡിയോയില്‍ പറയുന്നു.
തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഉടന്‍ പുതിയ പോളിസി വരുന്നതാണ്. അതിനകത്ത് ഒന്നാം തീയതി ഡ്രൈഡേ എടുത്തു കളയും. സമയത്തിന്റെ കാര്യങ്ങളൊക്കെ ജനറല്‍ ബോഡി മീറ്റിങ്ങില്‍ പറഞ്ഞതാണ്. ഇതൊക്കെ ചെയ്തുതരണമെങ്കില്‍ നമ്മള്‍ കൊടുക്കേണ്ട കാര്യങ്ങള്‍ കൊടുക്കണമെന്നും അനിമോന്റെ വോയിസിലുണ്ട്. രണ്ടര ലക്ഷം രൂപ വീതം കൊടുക്കാന്‍ പറ്റുന്നവര്‍ രണ്ടു ദിവസത്തിനകം ഈ ഗ്രൂപ്പില്‍ അറിയിക്കാനും അനിമോന്‍ ഓഡിയോ ക്ലിപ്പില്‍ ആവശ്യപ്പെട്ടു.
ബാര്‍ ഉടമകളുടെ സംഘടനയുടെ എക്‌സ്‌ക്യൂട്ടിവ് യോഗം കൊച്ചിയില്‍ ചേര്‍ന്നിരുന്നു. യോഗസ്ഥലത്ത് നിന്നാണ് ശബ്ദസന്ദേശമയക്കുന്നതെന്നും അനിമോന്‍ പറയുന്നുണ്ട്. ഇടുക്കിയില്‍ നിന്നും സംഘടനയില്‍ അംഗമായവരുടെ വാട്‌സാപ്പ് ഗ്രൂപ്പിലേക്കാണ് ശബ്ദസന്ദേശമെത്തിയത്. പിന്നീട് സന്ദേശം ഡിലീറ്റ് ചെയ്തു.
വിവാദമായതോടെ ശബ്ദരേഖ പരിശോധിക്കണമെന്ന് അനിമോന്‍ പ്രതികരിച്ചു. കൊച്ചിയില്‍ ബാര്‍ ഉടമകളുടെ യോഗം നടന്നുവെന്ന് സംസ്ഥാന പ്രസിഡന്റ് വി സുനില്‍ കുമാര്‍ സമ്മതിച്ചു. എന്നാല്‍ പണപ്പിരിവിന് നിര്‍ദേശം നല്‍കിയിട്ടില്ലെന്നും ബാറുടമ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ആയ വി സുനില്‍കുമാര്‍ പ്രതികരിച്ചു.
ഏഴു വര്‍ഷത്തിനിടെ കേരളത്തില്‍ 820 ഹോട്ടലുകള്‍ക്ക് ലൈസന്‍സ് ലഭിച്ചു. ലൈസന്‍സ് നേടാനായിട്ട് ഒരു രൂപയെങ്കിലും ആരെങ്കിലും വാങ്ങിയതായിട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.തിരുവനന്തപുരത്ത് ഒരു കെട്ടിടം വാങ്ങാന്‍ സംഘടന തീരുമാനിച്ചിരുന്നു. കൊച്ചിയില്‍ ഓഫീസ് ഉള്ളതുകൊണ്ട് തിരുവനന്തപുരത്ത് ഓഫീസ് വേണ്ട എന്ന് സംഘടനയില്‍ ചിലര്‍ ഉന്നയിച്ചു. തിരുവനന്തപുരത്ത് ഓഫീസ് കെട്ടിടം വാങ്ങാന്‍ അംഗങ്ങള്‍ രണ്ടരലക്ഷം രൂപ വീതം സംഘടനയ്ക്ക് ലോണ്‍ തരണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ അനിമോന്‍ അടക്കമുള്ളവര്‍ ഈ നിര്‍ദേശത്തോട് എതിര്‍പ്പു പ്രകടിപ്പിച്ചു.
തിരുവനന്തപുരത്ത് ഓഫീസ് ആരംഭിക്കാനുള്ള നീക്കത്തിനെതിരെ അനിമോന്റെ നേതൃത്വത്തില്‍ വേറൊരു അസോസിയേഷന്‍ രൂപീകരിക്കാന്‍ ശ്രമിച്ചിരുന്നു. ഇതേത്തുടര്‍ന്ന് അനിമോനെ സംഘടനയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. രണ്ടരലക്ഷം രൂപ വായ്പയായിട്ടാണ് അംഗങ്ങളില്‍ നിന്നും വാങ്ങുന്നത്. കിട്ടാനുള്ള ജില്ലകളില്‍ നിന്നും പണം ലഭിക്കുമ്പോള്‍ ഈ പണം തിരികെ നല്‍കുമെന്നും സുനില്‍കുമാര്‍ പറഞ്ഞു.