Kerala
ബാര്‍ കോഴ: പ്രതിപക്ഷ പ്രതിഷേധം; നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു
ബാര്‍ കോഴ വിഷയത്തില്‍ അഴിമതി നിരോധന നിയമ പ്രകാരം കേസെടുത്ത് അന്വേഷിക്കണമെന്ന് വിഡി സതീഷന്‍ ആവശ്യപ്പെട്ടു.

തിരുവനന്തപുരം|ബാര്‍ കോഴ വിഷയത്തില്‍ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയുടെ നടുത്തളത്തിലിറങ്ങി. സ്പീക്കറുടെ ഇരിപ്പിടം മറച്ച് പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നു. ഈ സാഹചര്യത്തില്‍ സ്പീക്കര്‍ സഭാ നടപടികള്‍ വേഗത്തിലാക്കി നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.
ഇല്ലാത്ത കാര്യം കെട്ടിച്ചമച്ച് ഇവിടെ എന്തോ സംഭവമുണ്ട് എന്ന പ്രതീതി ഉണ്ടാക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി നല്‍കിയ പരാതിയില്‍ ഇപ്പോള്‍ ഒരു അന്വേഷണം നടക്കുകയാണ്. ക്രൈം ബ്രാഞ്ച് അന്വേഷണം ശക്തമായി നടക്കും. അത് തടസ്സപ്പെടുത്താനാണോ ഉദ്ദേശ്യമെന്നും മുഖ്യമന്ത്രി ചോദിച്ചു.
പ്രതി തന്നെ വാദി ആകുന്നു. മുഖ്യമന്ത്രിയുടെ മറുപടി സ്വീകാര്യമല്ലെന്നും പ്രതിപക്ഷം ആരോപിച്ചു. സ്പീക്കര്‍ സഭ നടപടികള്‍ പൂര്‍ത്തിയാക്കിയതോടെ പ്രതിപക്ഷം ബാനറുകളുമായി സഭ വിട്ടിറങ്ങി. വിഎസ് അച്യുതാനന്ദന്‍ എന്തൊക്കെ മോശമായ കാര്യങ്ങളാണ് സഭയില്‍ കെഎം മാണിക്കെതിരെ അന്ന് ഉപയോഗിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ചോദിച്ചു. ബാര്‍ കോഴ വിഷയത്തില്‍ അഴിമതി നിരോധന നിയമ പ്രകാരം കേസ് എടുത്തു അന്വേഷിക്കണമെന്നും വിഡി സതീഷന്‍ ആവശ്യപ്പെട്ടു.