Kerala
ബാര്‍ ജീവനക്കാരനെ മര്‍ദിച്ചു; ഗുണ്ടാസംഘം അറസ്റ്റില്‍
തലവടി സ്വദേശികളാണ് പിടിയിലായത്. ബാറിലെ വെയിറ്ററായ കൊല്ലം സ്വദേശി ജോണിനാണ് പരുക്കേറ്റത്.
തിരുവല്ല | പുളിക്കീഴിലെ ബാറില്‍ മദ്യപിച്ച ശേഷം പണം നല്‍കാത്തതിനെ ചൊല്ലി ഉണ്ടായ തര്‍ക്കത്തിനൊടുവില്‍ ജീവനക്കാരനെ അതിക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ആറംഗ ഗുണ്ടാസംഘം പിടിയില്‍. തലവടി സ്വദേശികളാണ് പുളിക്കിഴ് പോലീസിന്റെ പിടിയിലായത്. രാമഞ്ചേരില്‍ വീട്ടില്‍ ഷൈന്‍ (36), മകരച്ചാലില്‍ വീട്ടില്‍ സന്തോഷ്, (42) ചിറ പറമ്പില്‍ വീട്ടില്‍ സനല്‍കുമാര്‍ (26), വിളയൂര്‍ വീട്ടില്‍ മഞ്ചേഷ് കുമാര്‍ (40), വിളയൂര്‍ വീട്ടില്‍ ദീപു (30), എണ്‍പത്തിയഞ്ചില്‍ ചിറയില്‍ ഷൈജു (42) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
ഇന്നലെ രാത്രി പത്തോടെ പുളിക്കിഴ് ഇന്ദ്രപ്രസ്ഥ ബാറില്‍ ആയിരുന്നു സംഭവം. ബാറിലെ വെയിറ്ററായ കൊല്ലം സ്വദേശി ജോണിനാണ് പരുക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ജോണ്‍ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ഐ സി യുവിലാണ്.
ബാറില്‍ സംഘം ചേര്‍ന്ന് എത്തിയ പ്രതികള്‍ മദ്യപിച്ച ശേഷം പണം നല്‍കാതെ മടങ്ങാനൊരുങ്ങി. ജീവനക്കാര്‍ ഇത് ചോദ്യം ചെയ്തതോടെ സംഘം ആക്രമണം നടത്തുകയായിരുന്നു. ബിയര്‍ കുപ്പി ഉപയോഗിച്ചുള്ള ആക്രമണത്തിനിടെ തലയ്ക്ക് അടിയേറ്റ ജോണിനെ അക്രമികള്‍ നിലത്തിട്ട് ചവിട്ടി. ബാര്‍ അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ഇവര്‍ എത്തിയ വാഹനവും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
പിടിയിലായ ആറ് പേര്‍ക്കെതിരെയും പുളിക്കീഴ്, എടത്വ, കോയിപ്രം സ്റ്റേഷനുകളില്‍ ഒട്ടനവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് പുളിക്കീഴ് എസ് ഐ. ജെ ഷെജിം പറഞ്ഞു.