Connect with us

From the print

ബറാഅത്ത് രാവ് ഇന്ന്

ഇനിയുള്ള ഒരു വര്‍ഷക്കാലത്തെ കാര്യങ്ങള്‍ നിശ്ചയിക്കപ്പെടുന്ന മഹത്തായ ദിനമാണിത്.

Published

|

Last Updated

കോഴിക്കോട് | അനുഗ്രഹങ്ങള്‍ പെയ്തിറങ്ങുന്ന ബറാഅത്ത് രാവ് ഇന്ന്. ഇനിയുള്ള ഒരു വര്‍ഷക്കാലത്തെ കാര്യങ്ങള്‍ നിശ്ചയിക്കപ്പെടുന്ന മഹത്തായ ദിനമാണിത്. അല്ലാഹുവിന്റെ അനുഗ്രഹവും നന്മയും കാരുണ്യവും ചോദിച്ച് വിശ്വാസി പാതിരാവരെ കരഞ്ഞ് പ്രാര്‍ഥിക്കുന്ന സുദിനം. റമസാനിനെ വരവേല്‍ക്കാനൊരുങ്ങുന്ന മുസ്ലിമിന് ആത്മവിശുദ്ധി ആര്‍ജിക്കാനും ഹൃദയാന്തരങ്ങള്‍ പ്രകാശിപ്പിക്കാനും സംവിധാനിച്ച രാത്രി.

ശഅ്ബാന്‍ മാസത്തിലെ പതിനഞ്ചാം രാവാണ് ബറാഅത്ത് രാവായി മുസ്ലിം ലോകം കണക്കാക്കുന്നത്. ലൈലത്തുല്‍ മുബാറക് എന്ന് ഈ രാത്രിയെ ഖുര്‍ആന്‍ വിശേഷിപ്പിച്ചിട്ടുണ്ട്. മോചനം എന്നാണ് ബറാഅത്ത് എന്നതിന്റെ മലയാള പദം.

നിരവധി മനുഷ്യരെ പാപങ്ങളില്‍ നിന്നും നരകത്തില്‍ നിന്നും മോചിപ്പിക്കുന്ന ദിനമെന്ന് പണ്ഡിതന്‍മാര്‍ വ്യക്തമാക്കുന്നു. റമസാന്‍ കഴിഞ്ഞാല്‍ പ്രവാചകന്‍ ഏറ്റവും കൂടുതല്‍ വ്രതമെടുക്കാന്‍ തിരഞ്ഞെടുത്ത മാസമാണ് ശഅ്ബാന്‍. ഏറെക്കുറെ എല്ലാ ദിവസവും നബി (സ) നോമ്പെടുക്കാറുണ്ടായിരുന്നുവെന്ന് പ്രിയ പത്നി ആഇശാ ബീവി (റ) വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തില്‍ പൂര്‍വിക കാലം മുതല്‍ തന്നെ മുസ്ലിം സമൂഹം ബറാഅത്ത് രാവിന് വലിയ പ്രാധാന്യം കല്‍പ്പിക്കാറുണ്ട്.

മുസ്ലിം ഭവനങ്ങളും മസ്ജിദുകളും പ്രാര്‍ഥനാ നിര്‍ഭരമാവും. വീടുകളില്‍ മധുര പലഹാരങ്ങളും മറ്റും ഉണ്ടാക്കി കുടുംബങ്ങളിലേക്ക് കൊടുക്കലും മറ്റും പതിവാണ്. വിശുദ്ധ ഖുര്‍ആനിലെ പ്രധാന അധ്യായമായ സൂറ: യാസീന്‍ പാരായണമാണ് ഈ രാവിലെ കര്‍മങ്ങളില്‍ പ്രധാനം. ബറാഅത്ത് ദിനമായ ശനിയാഴ്ച വിശ്വാസികള്‍ നോമ്പ് അനുഷ്ഠിക്കും.