Connect with us

Kerala

വാഹനത്തിന്റെ അമിതവേഗത ചോദ്യം ചെയ്തതിന് വീട്ടില്‍ കയറി മര്‍ദനം; നാലുപേര്‍ അറസ്റ്റില്‍

കുന്നന്താനം ആഞ്ഞിലിത്താനത്ത് പഴമ്പള്ളി ആഞ്ഞിലിമൂട്ടില്‍ വാടകക്ക് താമസിക്കുന്ന ശശികുമാറിന്റെ വീട്ടില്‍ ആക്രമണം നടത്തിയ അഞ്ചുപേരില്‍ നാലുപേരാണ് അറസ്റ്റിലായത്.

Published

|

Last Updated

പത്തനംതിട്ട | വാഹനം അമിതവേഗത്തില്‍ പോയതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വീട്ടില്‍ കയറി ആക്രമണം നടത്തിയ കേസില്‍ നാലുപേരെ കീഴ്വായ്പ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കവിയൂര്‍ ആഞ്ഞിലിത്താനം പഴമ്പിള്ളി കൊച്ചുകുന്നക്കാട്ടില്‍ കെ കെ ജയേഷ് (39), ചിറയക്കുളം മാവേലി കിഴക്കേക്കാലായില്‍ രതീഷ് കുമാര്‍ (39), മൈലക്കാട് മോനിഷ ഭവനില്‍ മനീഷ് (25), മൈലക്കാട് ഞാറക്കലോടി വീട്ടില്‍ ആംബ്രോസ് എന്ന് വിളിക്കുന്ന ഹരികുമാര്‍ (31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഈമാസം ഏഴിന് രാത്രി 10.30 നാണ് സംഭവം. കുന്നന്താനം ആഞ്ഞിലിത്താനത്ത് പഴമ്പള്ളി ആഞ്ഞിലിമൂട്ടില്‍ വാടകക്ക് താമസിക്കുന്ന ശശികുമാറിന്റെ വീട്ടില്‍ ആക്രമണം നടത്തിയ അഞ്ചുപേരില്‍ നാലുപേരാണ് അറസ്റ്റിലായത്. മാമാട്ടി കവലയിലുള്ള കാവുങ്കല്‍ അയ്യപ്പക്ഷേത്രത്തിന് സമീപം വച്ചുണ്ടായ തര്‍ക്കമാണ് വീടുകയറി ആക്രമണത്തിന് പ്രതികളെ പ്രേരിപ്പിച്ചത്. വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതികള്‍ സംഘം ചേര്‍ന്ന് ശശികുമാറിനെയും ഭാര്യ മിനിയെയും മകന്‍ അനന്ദുവിനെയും മര്‍ദിക്കുകയായിരുന്നു.

അനന്ദുവിനേറ്റ പരുക്കുകള്‍ ഗുരുതരമാണ്. പ്രതികള്‍ മുറ്റത്തുണ്ടായിരുന്ന ഓട്ടോറിക്ഷ നശിപ്പിച്ചതായും, മിനിയുടെ കഴുത്തിലെ മാലയുടെ ഒരുഭാഗം കവര്‍ന്നെടുത്തതില്‍ 70,000 രൂപയുടെ നഷ്ടമുണ്ടായതായും പരാതിയുണ്ട്. ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്റെ നിര്‍ദേശപ്രകാരം, നാല് പ്രതികളെ വീടുകളില്‍ നിന്നും പിടികൂടുകയായിരുന്നു. അഞ്ചാം പ്രതി ഹരികുമാറിനെ വിശദമായി ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഇയാളുടെ വീടിന് സമീപത്ത് കുറ്റിക്കാട്ടില്‍ നിന്നും രണ്ട് വടിവാളുകള്‍ പോലീസ് കണ്ടെടുത്തു. ഒന്നാം പ്രതിക്കായുള്ള തിരച്ചില്‍ തുടരുകയാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പോലീസ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ ഗോപിനാഥിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.