editorial
ബുള്‍ഡോസര്‍ രാജിന് ബാരിക്കേഡ് കെട്ടി കോടതി
നിയമത്തെ ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ചു നിരത്തുന്നതിനു തുല്യമാണ് ബുള്‍ഡോസര്‍ രാജെന്ന് കുറ്റപ്പെടുത്തിയ കോടതി രാജ്യത്തെ നിയമങ്ങള്‍ക്കനുസരിച്ചു വേണം സംസ്ഥാനങ്ങള്‍ നടപടികള്‍ സ്വീകരിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ബുള്‍ഡോസര്‍ രാജിന് താത്കാലിക വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് സുപ്രീം കോടതി. ബുള്‍ഡോസര്‍ രാജിനെതിരായ ഹരജികള്‍ പരിഗണനക്കെടുക്കുന്ന ഒക്ടോബര്‍ ഒന്ന് വരെ വീടുകളും കെട്ടിടങ്ങളും ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിക്കരുതെന്നാണ് ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങുന്ന സുപ്രീം കോടതി ബഞ്ചിന്റെ ഉത്തരവ്. നിയമത്തെ ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ചു നിരത്തുന്നതിനു തുല്യമാണ് ബുള്‍ഡോസര്‍ രാജെന്ന് കുറ്റപ്പെടുത്തിയ കോടതി രാജ്യത്തെ നിയമങ്ങള്‍ക്കനുസരിച്ചു വേണം സംസ്ഥാനങ്ങള്‍ നടപടികള്‍ സ്വീകരിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു. ഒരു വ്യക്തി ചെയ്ത കുറ്റത്തിന് വീട് തകര്‍ത്ത് കുടുംബത്തെയാകെ വഴിയാധാരമാക്കുന്നതിന് എന്ത് നീതീകരണമാണുള്ളതെന്ന് കോടതി ചോദിച്ചു. ബുള്‍ഡോസര്‍ രാജിനെതിരെ ഈ മാസം മൂന്നാം തവണയാണിത് പരമോന്നത കോടതി രൂക്ഷമായി പ്രതികരിക്കുന്നത്.
ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ് തുടങ്ങി ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അനധികൃത നിര്‍മാണവും കുറ്റകൃത്യങ്ങളിലെ പങ്കാളിത്തവും ആരോപിച്ച് വീടുകളും കെട്ടിടങ്ങളും വന്‍തോതില്‍ പൊളിച്ചു നീക്കുകയും താമസക്കാരെ വഴിയാധാരമാക്കുകയും ചെയ്യുന്നത് പതിവായ സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടല്‍. 2022-23 വര്‍ഷങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒന്നര ലക്ഷത്തിലേറെ (1,53,820) വീടുകള്‍ തകര്‍ക്കപ്പെടുകയും 7.38 ലക്ഷം ആളുകള്‍ കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്തതായി ഫ്രണ്ട് ലൈന്‍ മാഗസിന്‍ റിപോര്‍ട്ട് ചെയ്യുന്നു.
മുസ്‌ലിംകളുടേതും ദളിതുകളുടേതുമാണ് തകര്‍ക്കപ്പെട്ടവയില്‍ ബഹുഭൂരിഭാഗമെന്നും മാഗസിന്‍ വിലയിരുത്തി. മത, ജാതി വിദ്വേഷത്തിന്റെ പേരിലുള്ള നിര്‍ബന്ധിത കുടിയൊഴിപ്പിക്കലിന്റെ എണ്ണം വര്‍ഷം തോറും കൂടി വരികയാണ്. 2019ല്‍ 1,07,625 പേര്‍ കുടിയൊഴിപ്പിക്കപ്പെട്ടപ്പോള്‍ 2022ല്‍ ഇത് 2,22,686ഉം 2023ല്‍ 5,15,752ഉം ആയി ഉയര്‍ന്നു. അനധികൃത നിര്‍മാണം, ചേരി ഒഴിപ്പിക്കല്‍, നഗര സൗന്ദര്യവത്കരണം തുടങ്ങിയ പേരുകളിലാണ് വീടുകള്‍ ഇടിച്ചു നിരപ്പാക്കുന്നതും ആളുകളെ വഴിയാധാരമാക്കുന്നതും. മധ്യപ്രദേശിലെ ജിറാപൂര്‍, ഉത്തര്‍ പ്രദേശിലെ പ്രയാഗ്‌രാജ്, സഹാറന്‍പൂര്‍, ഡല്‍ഹിയിലെ ജഹാംഗിര്‍പുരി, ഹരിയാനയിലെ നൂഹ് പ്രദേശങ്ങളില്‍ ന്യൂനപക്ഷങ്ങളുടെ കിടപ്പാടങ്ങള്‍ മാത്രമാണ് ബുള്‍ഡോസറിന് വിധേയമായതെന്നും മാഗസിന്‍ റിപോര്‍ട്ടില്‍ പറയുന്നു.
പ്രതിപക്ഷ പാര്‍ട്ടിക്കാര്‍ക്കെതിരെ രാഷ്ട്രീയ പകപോക്കലിനും ബുള്‍ഡോസര്‍ ഉപയോഗിച്ചു വരുന്നു. യു പിയില്‍ സമാജ് വാദി പാര്‍ട്ടി നേതാവ് ഷഹ്ജില്‍ ഇസ്‌ലാമിന്റെ ഉടമസ്ഥതയിലുള്ള പെട്രോള്‍ പമ്പും, ബന്ദ ജില്ലയില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടു മുമ്പ് ബി ജെ പിയില്‍ നിന്ന് സമാജ് വാദി പാര്‍ട്ടിയിലേക്ക് കൂറുമാറിയ മറ്റൊരു നേതാവിന്റെ വ്യാപാര സ്ഥാപനവും ബുള്‍ഡോസറിംഗിന് വിധേയമാകുകയുണ്ടായി. അനധികൃത നിര്‍മാണമെന്നാരോപിച്ചാണ് ഈ സ്ഥാപനങ്ങള്‍ തകര്‍ക്കപ്പെട്ടത്. “ഞാന്‍ ബി ജെ പിയിലായിരുന്നപ്പോള്‍ എല്ലാം നിയമപരമായിരുന്നു. എസ് പിയില്‍ ചേര്‍ന്നപ്പോഴാണ് എല്ലാം നിയമവിരുദ്ധമായതെ’ന്നാണ് ഇതേക്കുറിച്ച് എസ് പി നേതാവ് പ്രതികരിച്ചത്.
ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാര്‍ അധികാരമേറ്റെടുത്തതോടെയാണ് രാജ്യത്ത് ബുള്‍ഡോസര്‍ രാജിന് തുടക്കമായത്. മതന്യൂനപക്ഷങ്ങളും -വിശിഷ്യാ മുസ്‌ലിംകള്‍- പിന്നാക്ക ജാതിക്കാരുമാണ് ഇതിന് ഇരയായത്. തുടര്‍ന്ന് ഗുജറാത്തില്‍ ഭൂപേന്ദ്രഭായ് പട്ടേല്‍ സര്‍ക്കാറും മധ്യപ്രദേശില്‍ ശിവരാജ് ചൗഹാന്‍ സര്‍ക്കാറും യോഗി ആദിത്യനാഥിനെ പിന്തുടര്‍ന്നു. ബുള്‍ഡോസര്‍ ബാബ, ബുള്‍ഡോസര്‍ ദാദ, ബുള്‍ഡോസര്‍ മാമ എന്നീ പേരുകളിലാണ് യഥാക്രമം ഈ മൂന്ന് ഭരണത്തലവന്മാരും ഇന്നറിയപ്പെടുന്നത്. ശിവരാജ് ചൗഹാന്‍ ഭരണത്തില്‍ 2020-22 കാലത്ത് മധ്യപ്രദേശില്‍ 332 വസ്തുവകകളാണ് ബുള്‍ഡോസറിംഗില്‍ തകര്‍ന്നടിഞ്ഞത്. ഇതില്‍ 223 എണ്ണവും മുസ്‌ലിംകളുടേതായിരുന്നു. പലപ്പോഴും കള്ളക്കഥകള്‍ മെനഞ്ഞാണ് ഈ ഭരണകൂട ഭീകരത. രാമനവമി ഘോഷയാത്രക്കു നേരെ കല്ലെറിഞ്ഞുവെന്നാരോപിച്ചായിരുന്നു മധ്യപ്രദേശിലെ രണ്ട് ജില്ലകളില്‍ മുസ്‌ലിം സ്ഥാപനങ്ങള്‍ക്കു നേരെയുള്ള ബുള്‍ഡോസര്‍ പ്രയോഗം. സംഘര്‍ഷം സൃഷ്ടിക്കാന്‍ ഹിന്ദുത്വര്‍ തന്നെയാണ് ഘോഷ യാത്രക്കു നേരെ കല്ലേറ് നടത്തിയതെന്നാണ് റിപോര്‍ട്ട്.
അനധികൃതമായാണ് വീട് നിര്‍മാണമെങ്കില്‍ തന്നെയും അത് പൊളിച്ചു നീക്കുന്നതിന് നിയമപരമായ ചില നടപടി ചട്ടങ്ങളുണ്ട്. വീട്ടുടമയോട് വിശദീകരണം തേടുകയും പൊളിച്ചു നീക്കല്‍ നടപടിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും വേണം. ഇതൊന്നും പാലിക്കുന്നില്ല അധികൃതര്‍. സ്വാഭാവിക നീതിക്ക് വിരുദ്ധമായാണ് ഭരണകൂടം വീടുകള്‍ പൊളിച്ചു നീക്കുന്നതെന്ന് മധ്യപ്രദേശ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഉജ്ജയിന്‍ മുനിസിപല്‍ കോര്‍പറേഷന്‍ ഇടിച്ചു നിരപ്പാക്കിയ രണ്ട് വീട്ടുടമസ്ഥര്‍ക്ക് നഷ്ടപരിഹാരത്തുക നല്‍കാന്‍ ഉത്തരവിടുകയും ചെയ്തു കോടതി. കോടതിക്ക് പുറത്ത് ശിക്ഷാവിധി നടപ്പാക്കുന്ന രീതി ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്.
യഥാര്‍ഥത്തില്‍ ബുള്‍ഡോസര്‍ രാജ് പോലുള്ള ഭരണകൂട ഭീകരതക്ക് ഇന്ധനം പകര്‍ന്നത് കോടതികള്‍ തന്നെയല്ലേ എന്നാരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാകില്ല. ബി ജെ പി സര്‍ക്കാറുകള്‍ മുസ്‌ലിം വീടുകളും കെട്ടിടങ്ങളും പൊളിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് 2022ല്‍ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍, അങ്ങനെയൊരു ഉത്തരവിറക്കിയാല്‍ അത് മുനിസിപല്‍ അധികാരികളുടെ അവകാശങ്ങളെ ഹനിക്കലാകുമെന്ന നിരീക്ഷണത്തില്‍ ആ ഹരജി നിരസിക്കുകയായിരുന്നു ജസ്റ്റിസുമാരായ ബി ആര്‍ ഗവായിയും പി എസ് നരസിംഹയും അടങ്ങുന്ന ബഞ്ച്. മുനിസിപല്‍ അധികൃതരുടെ അമിതാധികാര പ്രയോഗത്തിന് കോടതി അന്ന് തടയിട്ടിരുന്നുവെങ്കില്‍ ബുള്‍ഡോസര്‍ ബാബമാരുടെ ക്രൂരമായ ആക്രമണത്തിനിരയായി വീടുകള്‍ നഷ്ടപ്പെട്ട പതിനായിരക്കണക്കിനു പേരെ രക്ഷപ്പെടുത്താനാകുമായിരുന്നു.