National
ബട്ല ഹൗസ് ഏറ്റുമുട്ടല്‍: പ്രതി അരിസ് ഖാന്റെ വധശിക്ഷ ജീവപര്യന്തമാക്കി
അരിസ് ഖാന്‍ കുറ്റക്കാരനാണെന്ന വിചാരണക്കോടതി വിധി ഹൈക്കോടതി ശരിവെച്ചു.
ന്യൂഡല്‍ഹി| ബട്ല ഹൗസ് ഏറ്റുമുട്ടല്‍ കേസിലെ പ്രതി അരിസ് ഖാന്റെ വധശിക്ഷ ഡല്‍ഹി ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു. അരിസ് ഖാന്‍ കുറ്റക്കാരനാണെന്ന വിചാരണക്കോടതി വിധി ഹൈക്കോടതി ശരിവെച്ചു. ജസ്റ്റിസുമാരായ സിദ്ധാര്‍ഥ് മൃദുല്‍, അമിത് ശര്‍മ എന്നിവരുടെ ബഞ്ചാണ് കേസ് പരിഗണിച്ചത്.
അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ് എന്ന് ചൂണ്ടിക്കാട്ടിയാണ് 2021 മാര്‍ച്ചില്‍ വിചാരണക്കോടതി അരിസ് ഖാന് വധശിക്ഷ വിധിച്ചത്. 2008ല്‍ ബട്ല ഹൗസില്‍ നടന്ന ഏറ്റുമുട്ടലില്‍ ഡല്‍ഹി പോലീസ് ഇന്‍സ്പെക്ടറായ മോഹന്‍ ചന്ദ് ശര്‍മ കൊല്ലപ്പെട്ടിരുന്നു. അരിസ് ഖാന്‍ 11 ലക്ഷം രൂപ പിഴയടക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇതില്‍ 10 ലക്ഷം രൂപ കൊല്ലപ്പെട്ട പോലീസ് ഓഫീസറുടെ ഭാര്യക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. അഭിഭാഷകരായ എം.എസ് ഖാന്‍, പ്രശാന്ത് പ്രകാശ്, കൗസര്‍ ഖാന്‍, രാഹുല്‍ സാഹന്‍ എന്നിവരാണ് അരിസ് ഖാന് വേണ്ടി ഹാജരായത്.