electric scooter firing
ചാർജിംഗിനിടെ ബാറ്ററി പൊട്ടിത്തെറിച്ചു; ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിൽ വാഹനങ്ങൾ കത്തിനശിച്ചു
പത്ത് സ്‌കൂട്ടറുകൾ പൂർണമായും രണ്ടെണ്ണം ഭാഗികമായും നശിച്ചു
കോഴിക്കോട് | വൈദ്യുതി ചാർജിംഗിനിടെ ബാറ്ററി പൊട്ടിത്തെറിച്ച് ഇലക്ട്രിക് വാഹനങ്ങൾ കത്തിനശിച്ചു. കോഴിക്കോട്- വയനാട് റോഡിൽ ഫാത്വിമ ഹോസ്പിറ്റലിന് മുൻവശം എം എൻ ടവറിൽ പ്രവർത്തിക്കുന്ന ഏക്‌സൻ മോട്ടോഴ്സ് ഉടമസ്ഥതയിലുള്ള കൊമാക്കി ഷോറൂമിൽ ഇന്നലെ ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. കമ്പനിയുടെ ബൈക്ക്, സ്‌കൂട്ടർ ഉൾപ്പെടെ 12 വാഹനങ്ങളാണ് കത്തിനശിച്ചത്. പത്ത് സ്‌കൂട്ടറുകൾ പൂർണമായും രണ്ട് സ്‌കൂട്ടറുകൾ ഭാഗികമായും കത്തിനശിച്ചു.
ഇതിൽ അഞ്ചെണ്ണം രണ്ട് ലക്ഷം രൂപ വീതം വിലയുള്ള പുതിയ ബൈക്കുകളാണ്. പ്രാഥമികമായി 17 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി പോലീസ് പറഞ്ഞു. സ്‌കൂട്ടർ ചാർജ് ചെയ്യാനിട്ട് ജീവനക്കാർ പുറത്ത് പോയ സമയത്താണ് സംഭവമെന്ന് ദൃക്‌സാക്ഷി പറഞ്ഞു. ഇതിനാൽ അത്യാഹിതം ഒഴിവായി. ഷോറൂമിന്റെ ഗ്രൗണ്ട് ഫ്ലോറിലെ ഗോഡൗണിലുള്ള വാഹനങ്ങൾക്കാണ് തീപ്പിടിച്ചത്. ഇലക്ട്രിക് സ്‌കൂട്ടറിൽ നിന്ന് ചെറിയ തോതിൽ പുക വന്ന ശേഷം ബാറ്ററി പൊട്ടിത്തെറിക്കുകയും തൊട്ടടുത്തുള്ള മറ്റ് വാഹനങ്ങളിലേക്ക് തീ പടരുകയുമായിരുന്നു.
ഇതിനിടെ ഗ്രൗണ്ട് ഫ്ലോറിൽ നിന്ന് പുക ഉയരുന്നത് കണ്ട വഴിയാത്രക്കാരൻ ബീച്ച് ഫയർഫോഴ്‌സിൽ വിവരമറിയിക്കുകയായിരുന്നു. കെട്ടിടത്തിന്റെ താഴെ നിലയിൽ മറ്റ് ഷോറൂമുകളില്ലാത്തതിനാൽ വൻ അത്യാഹിതം ഒഴിവായി. ബീച്ച് ഫയർ സ്റ്റേഷൻ ഓഫീസർ സതീശിന്റെ നേതൃത്വത്തിലുള്ള രണ്ട് യൂനിറ്റ് ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്. ഉടൻ ഫയർഫോഴ്‌സ് എത്തിയതിനാൽ തീ പടർന്നില്ല. സ്‌പെഷ്യൽ ബ്രാഞ്ച് അസി. കമ്മീഷണർ എ ഉമേഷ് സ്ഥലത്തെത്തി.