Connect with us

union budget 2022

വാഹനങ്ങള്‍ക്ക് ബാറ്ററി സൈ്വപിംഗ്‌; റോഡില്‍ ഇനി ഇലക്ട്രിക് വാഹനങ്ങള്‍ മാത്രം

ഇലക്ട്രിക്ക് വാഹങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനാണ് ബജറ്റ് ലക്ഷ്യമിടുന്നത്

Published

|

Last Updated

കോഴിക്കോട് | ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുമെന്ന കേന്ദ്ര ബജറ്റ് പ്രഖ്യാപനം കേരളത്തിലെ വാഹന പ്രേമികള്‍ക്കും റോഡ് ഉപയോക്താക്കള്‍ക്കും ഒരുപോലെ ആഹ്ലാദം പകരുന്നത്. വൈദ്യുതി വാഹനങ്ങള്‍ക്കായി ബാറ്ററി സൈ്വപിംഗ് സംവിധാനം വിപുലപ്പെടുത്തുമെന്നാണ് ബജറ്റ് പ്രഖ്യാപിക്കുന്നത്. ഇലക്ട്രിക്ക് വാഹങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനാണ് ബജറ്റ് ലക്ഷ്യമിടുന്നത്.

നഗരങ്ങളില്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കായി ബാറ്ററി സ്വാപിംഗ് നയം നടപ്പാക്കുന്നതെന്നും ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ചൂണ്ടിക്കാട്ടുന്നു. ആഗോള വാഹന നിര്‍മാതാക്കളില്‍ ഭൂരിഭാഗവും ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള ചുവടുമാറ്റം പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം. മിക്ക വാഹന നിര്‍മാതാക്കളും പൂര്‍ണമായും ഭാഗികമായും വൈദ്യുതോര്‍ജത്തിലേക്ക് മാറാനൊരുങ്ങിക്കഴിഞ്ഞു.

2030ഓടെ 50 ശതമാനം വാഹനങ്ങള്‍ വൈദ്യുതിയിലേക്കു മാറുമെന്നാണ് വിവധ വാഹന നിര്‍മാതാക്കള്‍ പറയുന്നത്. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പ്പാണ് ഈ നീക്കം. 2030ഓടെ പരമ്പരാഗത ഇന്ധനങ്ങളിലോടുന്ന വാഹനങ്ങളുടെ വില്‍പ്പന അവസാനിപ്പിക്കുമെന്നും പൂര്‍ണമായും ഇലക്ട്രിക്കിലേക്ക് മാറുമെന്നും ചില നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

വൈദ്യുതി വാഹനങ്ങള്‍ക്ക് അതിവേഗം വായ്പ അനുവദിക്കണമെന്ന നിര്‍ദ്ദേശം നീതി ആയോഗ് മുന്നോട്ടു വച്ചിട്ടുണ്ട്. ആര്‍ ബി ഐയുടെ മുന്‍ഗണനാ വിഭാഗത്തിലെ വായ്പാ മാര്‍ഗ്ഗനിര്‍ദ്ദേശ പട്ടികയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടുത്താനാണ് നീതി ആയോഗ് നിര്‍ദ്ദേശിച്ചത്. ഈ നീക്കം ഇത്തരത്തിലുള്ള വാഹനങ്ങള്‍ക്കുള്ള റീടെയില്‍ വായ്പയ്ക്ക് പ്രേരണ നല്‍കുമെന്നാണു കരുതുന്നത്.

2025 ഓടെ ഇലക്ട്രിക് വാഹനങ്ങളുടെ വായ്പാ വിപണി 40,000 കോടി ആകുമെന്നാണ് കണക്കാക്കുന്നത്. ഇത് 2030ഓടെ 3.7 ലക്ഷം കോടിയാകുമെന്നും വിലയിരുത്തുന്നു. കാര്‍ബണ്‍ പുറന്തള്ളല്‍ കുറക്കുകവഴി കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയെ മുന്നിലെത്തിക്കാനുള്ള സര്‍ക്കാര്‍ നടപടികളില്‍ പ്രധാനപ്പെട്ടതാണ് റോഡില്‍ നിന്ന് പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ പിന്‍വലിക്കുക എന്നത്. 2030 ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ 100 കോടി ടണ്ണായി കുറയ്ക്കുക, കാര്‍ബണ്‍ തീവ്രത 45 ശതമാനത്തില്‍ താഴെ കുറച്ചു കൊണ്ടുവന്ന് 2070 ഓടെ പുറന്തള്ളല്‍ പൂജ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ രാജ്യം മുന്നോട്ടു വയ്ക്കുന്നു.

ഇരുചക്ര, മുച്ചക്ര ഇലക്ട്രിക് വാഹന നിര്‍മാതാക്കളും വൈദ്യുതിയിലേക്കു തിരിയുകയാണ്. വില കാരണം ഇലക്ട്രിക് വാഹനങ്ങളില്‍നിന്ന് അകന്നു നില്‍ക്കുകയാണ് ഉപഭോക്താക്കള്‍. ഇന്ത്യയില്‍ ഇലക്ട്രിക് വാഹന വില്‍പ്പന ത്വരിതപ്പെടുത്തുന്നതില്‍ ധനകാര്യ സ്ഥാപനങ്ങള്‍ സജ്ജമാകുന്നതിന് അനുസരിച്ച് അതിന്റെ അനുബന്ധ സൗകര്യങ്ങള്‍ ഉണ്ടാവണമെന്ന കാഴ്ചപ്പാടാണു ബജറ്റ് മുന്നോട്ടു വെക്കുന്നത്.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest